പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ നാടകം; പ്രതികളെ കീഴ്പ്പെടുത്തിയപ്പോൾ ലഭിച്ചത് തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ യുവാവാണ് പെൺകുട്ടിയുടെ നിർദേശാനുസരണം പിതാവിനെ ആക്രമിച്ചു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ആലപ്പുഴ: വിവാഹത്തിന് പിതാവ് സമ്മതിക്കാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ അറിവോടെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമം. പറവൂർ ശാസ്താങ്കലിൽ ഷിബുവിന്റെ വീടിനുനേരെയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ പിടിയിലായി. ഇവരിൽനിന്ന് തോക്ക് ഉൾപ്പടെയുള്ള മാരകായുധങ്ങൾ കണ്ടെടുത്തു. വ്യാഴാഴ്ച രാത്രി എട്ടരയോടെ അമ്പലപ്പുഴ പറവൂർ ശാസ്താങ്കലിൽ ഷിബുവിന്റെ വീടിനുനേരെയായിരുന്നു ആക്രമണം ഉണ്ടായത്.
വീട് അക്രമിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗസംഘത്തെ പുന്നപ്ര പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഇവരുടെ കൈയിൽനിന്നാണ് തോക്ക് ഉൾപ്പടെയുള്ളമ മാരകായുധങ്ങൾ പിടിച്ചെടുത്തത്. ആലപ്പുഴ ഇന്ദിരാ ജങ്ഷനിൽ ബ്ലോക്ക് നമ്പർ 120 ൽ അക്ഷയകുമാർ(25), ചാത്തനാട് വൈക്കത്തുകാരൻ വീട്ടിൽ രാഹുൽ രാധാകൃഷ്ണൻ(30), സനാതനം വാർഡിൽ ആലപ്പാട് വീട്ടിൽ അനൂപ് മാത്യു(30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
advertisement
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഷിബുവിന്റെ മകളും അക്ഷയകുമാറുമായി പ്രണയത്തിലായിരുന്നു. ഇയാൾ വിവാഹിതനും ഭാര്യയും കുട്ടികളും ഉള്ളതിനാൽ ഷിബു ഈ വിവാഹത്തെ എതിർത്തു. തുടർന്ന് പെൺകുട്ടിയുടെ നിർദേശപ്രകാരമാണ് വീടാക്രമിച്ച്, തട്ടിക്കൊണ്ടുപോകാനായി പ്രതികൾ എത്തിയത്. വടിവാളും കത്തികളും തോക്കുമായെത്തിയ സംഘം ഷിബുവിനെ അക്രമിച്ചു.
തടയാനെത്തിയ ഷിബുവിന്റെ പിതൃസഹോദരനെയും പ്രതികൾ അക്രമിച്ചു. സമീപവാസികൾ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. എസ്ഐ അബ്ദുൽ റഹിമിൻ്റെ നേതൃത്വത്തിൽ എഎസ്ഐമാരായ സിദ്ധിഖ്, ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ജോണി, ചരൺ, ഹോം ഗാർഡ് ചാണ്ടി എന്നിവർ സ്ഥലത്തെത്തിയെങ്കിലും സംഘം ഇവരെയും അക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
Location :
First Published :
Nov 28, 2020 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ നാടകം; പ്രതികളെ കീഴ്പ്പെടുത്തിയപ്പോൾ ലഭിച്ചത് തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ









