• HOME
 • »
 • NEWS
 • »
 • explained
 • »
 • Catholic Church | നിക്കരാഗ്വൻ ഭരണകൂടവും കത്തോലിക്കാസഭയും തമ്മിലുള്ള പ്രശ്‌നമെന്ത്?

Catholic Church | നിക്കരാഗ്വൻ ഭരണകൂടവും കത്തോലിക്കാസഭയും തമ്മിലുള്ള പ്രശ്‌നമെന്ത്?

ഇതാദ്യമായിട്ടല്ല ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ ഇത്തരത്തിലുള്ള നീക്കങ്ങൾ നടത്തുന്നത്.

 • Last Updated :
 • Share this:
  മധ്യഅമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ (NICARAGUA) കത്തോലിക്കാസഭയും (catholic) ഭരണകൂടവും (government) തമ്മിലുള്ള ഏറ്റുമുട്ടല്‍ അതീവഗുരുതരമായിരിക്കുകയാണ്. ഈ മാസം ആദ്യം കത്തോലിക്കാസഭയുടെ ഏഴ് റേഡിയോ സ്‌റ്റേഷനുകളാണ് (radio stations) നിക്കരാഗ്വൻ സര്‍ക്കാര്‍ അടച്ച് പൂട്ടിയത്. കൂടാതെ മതഗല്‍പ്പ ബിഷപ്പിനെതിരെ (bishop) അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ജനങ്ങൾക്കിടയിൽ വിദ്വേഷം വളര്‍ത്താന്‍ പ്രേരിപ്പിച്ചു എന്നതാണ് ബിഷപ്പിനെതിരായ ആരോപണം.

  ഇതാദ്യമായിട്ടല്ല ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ ഇത്തരത്തിലുള്ള നീക്കങ്ങൾ നടത്തുന്നത്. ഒര്‍ട്ടേഗയുടെ വിമര്‍ശകരില്‍ ഒരാളായ മാധ്യമ പ്രവര്‍ത്തകന്‍ കാര്‍ലോസ് ഫെര്‍ണാണ്ടസ് ചമോറോയുടെ പത്ര ഓഫീസില്‍ 2018ല്‍ സര്‍ക്കാര്‍ റെയ്ഡ് നടത്തിയിരുന്നു. 2021ലാകട്ടെ, ആ വര്‍ഷം നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യതയുള്ള ഏഴ് പേരെ അറസ്റ്റ് ചെയ്തു. സര്‍ക്കാരിന്റെ അഞ്ചാം വര്‍ഷത്തില്‍ കത്തോലിക്കാസഭയും സര്‍ക്കാരും തമ്മില്‍ വലിയ പോരാട്ടമാണ് നടക്കുന്നത്.

  ആരാണ് ഡാനിയല്‍ ഒര്‍ട്ടേഗ?

  76കാരനായ ഒര്‍ട്ടെഗ ഇടതുപക്ഷ സാന്‍ഡിനിസ്റ്റ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ മുന്‍ ഗറില്ലയാണ്. 1979ല്‍ ഏകാധിപതിയായിരുന്ന അനസ്താസിയോ സോമോസയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രവര്‍ത്തിച്ചത് ഈ സംഘടനയാണ്. 1985 മുതല്‍ 1990 വരെയുള്ള കാലഘട്ടത്തിലാണ് അദ്ദേഹം ആദ്യമായി പ്രസിഡന്റായത്.

  read also: ഇന്ത്യയ്ക്ക് FIFA വിലക്ക്; അണ്ടർ 17 വനിതാ ലോകകപ്പിനെ ബാധിക്കുന്നത് എങ്ങനെ?

  പിന്നീട് മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ഒര്‍ട്ടേഗ പരാജയപ്പെട്ടു. ശേഷം 2007ലാണ് അദ്ദേഹം വീണ്ടും അധികാരത്തില്‍ എത്തുന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ ഒര്‍ട്ടേഗ തുടര്‍ച്ചയായ നാലാം തവണ അധികാരത്തിലേറി.

  ഒര്‍ട്ടേഗയുടെ സ്വേച്ഛാധിപത്യ പ്രവണതകള്‍ കാരണം എതിരാളികള്‍ എപ്പോഴും അദ്ദേഹത്തെ മുന്‍ പ്രസിഡന്റ് സോമോസയുമായി താരതമ്യം ചെയ്യാറുണ്ട്. ഭാര്യ റൊസാരിയോ മുറില്ലോ അതിശക്തയായ വൈസ് പ്രസിഡന്റാണ്. ഒര്‍ട്ടെഗയുടെ കീഴില്‍ നിക്കരാഗ്വ ക്യൂബയും വെനസ്വേലയുമായി ശക്തമായ ബന്ധം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇരുരാജ്യങ്ങളും അമേരിക്കയുടെ കടുത്ത ശത്രുക്കളാണ്.

  see also: 565 നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേരാൻ പ്രേരിപ്പിച്ചതെന്ത്?

  പ്രശ്‌നങ്ങളുടെ തുടക്കം

  2018ല്‍ നടപ്പാക്കിയ ഒരു സാമൂഹ്യ സുരക്ഷാ പരിഷ്‌ക്കരണമാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കാന്‍ കാരണം. ബിസിനസുകാര്‍, കത്തോലിക്ക നേതാക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പുതിയ പരിഷ്‌ക്കരണത്തിനെതിരെ വന്‍ പ്രതിഷേധം അരങ്ങേറി. എന്നാല്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിച്ചത്. ഏകദേശം 355ഓളം ആളുകള്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടു. 2000ത്തോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും 1,600 പേര്‍ ജയിലിലാവുകയും ചെയ്തു. ഇന്‍ര്‍-അമേരിക്കന്‍ കമ്മീഷന്‍ ഓണ്‍ ഹ്യൂമണ്‍ റൈറ്റ്‌സാണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്.

  രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത തുടരുകയാണ്. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സര്‍വ്വേയില്‍ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ ഒര്‍ട്ടേഗയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തി. ആഴ്ചകള്‍ക്കുള്ളില്‍ അഞ്ച് പേരും മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം അറസ്റ്റിലായി. 2018ലെ പ്രതിഷേധങ്ങളില്‍ പങ്ക് ആരോപിച്ചായിരുന്നു ഇവരുടെ അറസ്റ്റ്. അമേരിക്കയുടെ പിന്തുണയോടെയുള്ള അട്ടമറി ശ്രമത്തിന്റെ ഭാഗമാണ് ഇവരെന്നും ഭരണകൂടം ആരോപിച്ചു.

  'തോല്‍വിയ്ക്ക് സാധ്യതയുള്ള എല്ലാ കാര്യങ്ങളും അടിച്ചമര്‍ത്താനാണ് ഒര്‍ട്ടേഗ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിരുന്നു അറസ്റ്റുകള്‍' രാഷ്ട്രീയ നിരീക്ഷകനായ ഓസ്‌ക്കാര്‍ റെനെ വര്‍ഗാസ് വ്യക്തമാക്കിയിരുന്നു.

  സഭയുടെ പങ്കെന്ത്?

  നിക്കരാഗ്വയില്‍ കത്തോലിക്കാ വിശ്വാസികളാണ് കൂടുതലായുള്ളത്. 1930 മുതല്‍ 1970കള്‍ വരെ സഭ സോമോസകളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. എന്നാല്‍ സ്വേച്ഛാധിപത്യ നടപടികളെ തുടര്‍ന്നാണ് സഭ ഇവരുമായി അകന്നത്. സോമോസ ഭരണം അവസാനിച്ചതോടെ സഭ ആദ്യം സാന്‍ഡിനിസ്റ്റുകളെ പിന്തുണച്ചു. എന്നാല്‍ പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ കാരണം ആ ബന്ധം ഇല്ലാതായി. ഒര്‍ട്ടെഗയുടെ ഭരണത്തിന്‍ കീഴില്‍ കാത്തോലിക്ക നേതാക്കള്‍ യാഥാസ്ഥിതിക വരേണ്യവര്‍ഗ്ഗത്തിന് പിന്തുണ നല്‍കി.

  രാജ്യത്ത് പ്രതിഷേധം ശക്തമായപ്പോള്‍ മധ്യസ്ഥത വഹിക്കാന്‍ ഒര്‍ട്ടേഗ സഭയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് പരാജയപ്പെട്ടു. നിക്കരാഗ്വന്‍ സഭ പ്രതിഷേധക്കാരോട് അനുഭാവം പുലര്‍ത്തുന്ന സമീപനമാണ് സ്വീകരിച്ചത്. 2018 ഏപ്രിലില്‍ വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്ക് മനാഗ്വയിലെ കത്തീഡ്രല്‍ അഭയം നല്‍കി. പ്രതിഷേധക്കാര്‍ക്ക് ഭക്ഷണവും പണവും ശേഖരിക്കുന്നതിനുള്ള ഒരു കേന്ദ്രമായിരുന്നു ഈ കത്തീഡ്രല്‍.

  കര്‍ദിനാള്‍ ലിയോപോള്‍ഡോ ബ്രെനെസ്, മനാഗ്വ മെത്രാന്‍ സില്‍വിയോ ബേസ് തുടങ്ങിയ വ്യക്തികള്‍ അക്രമത്തെ നിരാകരിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ബ്രെനെസ് പ്രതിഷേധ പ്രകടനത്തെ ന്യായീകരിക്കുകയും ബേസ് ജനങ്ങളെ ദ്രോഹിക്കുന്ന രാഷ്ട്രീയ തീരുമാനത്തെ അപലപിക്കുകയും ചെയ്തു. സില്‍വിയോ ബേസ് 2019ല്‍ വത്തിക്കാനില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം രാജ്യം വിട്ടു. ഭരണകക്ഷിയായ സാന്‍ഡിനിസ്റ്റുകള്‍ ഈ നീക്കം ആഘോഷിച്ചിരുന്നു.

  സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചില ബിഷപ്പുമാര്‍ ഗൂഢാലോചന നടത്തുന്നതായി ഒര്‍ട്ടെഗ ആരോപിച്ചു. 'തീവ്രവാദികള്‍' എന്നാണ് പ്രസിഡന്റ് വൈദികരെ വിശേഷിപ്പിച്ചത്. ജയിലില്‍ കിടക്കുന്ന പ്രതിഷേധക്കാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സഭാ നേതാവായ സ്റ്റാനിസ്ലാവ് സോമര്‍ടാഗിനെ ഭരണകൂടം വേട്ടയാടുകയും അദ്ദേഹം രാജ്യം വിടാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു. ഇതിനെ വത്തിക്കാന്‍ അപലപിക്കുകയും ചെയ്തിരുന്നു.

  പുതിയ സംഘര്‍ഷത്തിന് കാരണമെന്ത്?

  ആഗസ്റ്റ് ഒന്നിന് സര്‍ക്കാര്‍ സഭയുടെ റേഡിയോ സ്‌റ്റേഷനുകള്‍ അടച്ചുപൂട്ടി. മാതഗല്‍പ്പ ബിഷപ്പ് അല്‍വാരസിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും അദ്ദേഹം അക്രമം സംഘടിപ്പിക്കുന്നു എന്ന് ആരോപിക്കുകയും ചെയ്തു.

  രാജ്യത്തിന്റെ ജനാധിപത്യവല്‍ക്കരണം സാധ്യമാകാന്‍ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണം നടത്തണമെന്നും രാഷ്ട്രീയ തടവുകാരായ 190 പേരെ മോചിപ്പിക്കണമെന്നും അല്‍വാരസ് ആവശ്യപ്പെട്ടിരുന്നു. തനിയ്‌ക്കെതിരായ ഭരണകൂട നടപടിയില്‍ പ്രതിഷേധിച്ച് അദ്ദേഹം കഴിഞ്ഞ മാസം ഉപവാസ സമരം നടത്തുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 3 മുതല്‍, അല്‍വാരസിനെ അദ്ദേഹം താമസിക്കുന്ന എപ്പിസ്‌കോപ്പല്‍ സമുച്ചയത്തില്‍ തടവിലാക്കിയിരിക്കുകയായിരുന്നു. ആറ് ദിവസം പരസ്യ പ്രസ്താവനകള്‍ ഒന്നും ഉണ്ടായില്ല. എന്നാല്‍ വ്യാഴാഴ്ച അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ആറ് പുരോഹിതരും നാല് സാധാരണക്കാരുമാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്.

  മനാഗ്വ അതിരൂപത അല്‍വാരസിന് പിന്തുണ അറിയിച്ചു. ലാറ്റിനമേരിക്കന്‍ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം നിക്കരാഗ്വന്‍ ജനതയെയും പള്ളിയെയും ലക്ഷ്യമിട്ടുള്ള ഭരണകൂട നീക്കങ്ങളെ അപലപിച്ചു.

  ശനിയാഴ്ച മനാഗ്വയിലെ ഒരു മതപരമായ ഘോഷയാത്ര സര്‍ക്കാര്‍ നിരോധിച്ചു. അതോടെ, നൂറ് കണക്കിന് നിക്കരാഗ്വക്കാര്‍ കനത്ത പൊലീസ് സാന്നിധ്യത്തില്‍ കുര്‍ബാന അര്‍പ്പിച്ചു. ആഭ്യന്തര സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഘോഷയാത്ര പൊലീസ് നിരോധിച്ചതായി പരിപാടിയ്ക്ക് ഒരു ദിവസം മുന്‍പ് സഭാനേതാക്കള്‍ അറിയിച്ചിരുന്നു. പകരം, കത്തീഡ്രലിലേയ്ക്ക് എത്താന്‍ നേതാക്കള്‍ വിശ്വാസികളോട് ആവശ്യപ്പെടുകയായിരുന്നു.

  വത്തിക്കാന്റെ പ്രതികരണം

  അല്‍വാരെസിനെതിരായ അന്വേഷണത്തെ സംബന്ധിച്ച് രണ്ടാഴ്ചയോളം വത്തിക്കാന്‍ മൗനം പാലിച്ചു. എന്നാല്‍ വത്തിക്കാന്റെ ഈ നിലപാടിനെ ലാറ്റിനമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും ബുദ്ധിജീവികളും വിമര്‍ശിച്ചു. വെള്ളിയാഴ്ച, ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റിന്റെ വത്തിക്കാനിലെ സ്ഥിരം നിരീക്ഷകനായ മോണ്‍സിഗ്നോര്‍ ജുവാന്‍ അന്റോണിയോ ക്രൂസ് ഈ സാഹചര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഇരുകക്ഷികളും ഒരു ധാരണയില്‍ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  OAS ന്റെ പ്രത്യേക സഷെനില്‍ ക്രൂസിന്റെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാവുകയും ഒര്‍ട്ടെഗയുടെ പ്രവര്‍ത്തനങ്ങളില്‍ അപലപിച്ച് കൊണ്ട് ഒരു പ്രമേയം പാസാക്കുകയും ചെയ്തു.
  Published by:Amal Surendran
  First published: