കോഴിക്കോട്: രണ്ടാമൂഴം സിനിമ നിര്‍മ്മിക്കാന്‍ ഇനി താനില്ലെന്ന്
ഗോകുലം ഗോപാലന്. നേരത്തെ സിനിമ ചെയ്യാനായി
എം.ടി വാസുദേവന്‍ നായരും ഹരിഹരനുമായി ഹോട്ടലില്‍ മുറിയെടുത്ത് ഒരു മാസക്കാലത്തോളം ചര്‍ച്ച നടത്തിയിരുന്നു. അന്ന് സിനിമയുമായി മുന്നോട്ട് പോകാനായിരുന്നു പദ്ധതി. എന്നാല്‍ പിന്നീട്
ശ്രീകുമാര്‍ മേനോന് സിനിമയെടുക്കുന്നതായും എം.ടി അഡ്വാന്‍സ് വാങ്ങിയതായും അറിഞ്ഞു. അതോടെ സിനിമ ഉപേക്ഷിച്ചു.
എം.ടിയോട് ഇപ്പോഴും നല്ല ബഹുമാനമാണ്. പഴശ്ശിരാജ സിനിമയൊക്കെ നല്ല രീതിയില്‍ ചെയ്തതാണ്. പക്ഷെ അന്ന് ഉപേക്ഷിച്ച സിനിമ പുതിയ സാഹചര്യത്തില്‍ ഏറ്റെടുക്കാനില്ലെന്നും ഗോകുലം ഗോപാലന് പറഞ്ഞു.
' രണ്ടാമൂഴം ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നു. എം.ടിയും ഹരിഹരനും ഒരു മാസം ഹോട്ടലില്‍ താമസിച്ച് എഴുതിക്കൊണ്ടിരിക്കുമ്പോള് ശ്രീകുമാര്‍ എന്നൊരാള്‍ ഇടപെട്ട് അഡ്വന്‍സ് കൊടുത്ത് മാറ്റിയതാണ്. ആയിരം കോടിയുടെ പ്രൊജക്ടാണെന്നും പറഞ്ഞ് എം.ടിക്ക് ഒരു കോടിയും കൊടുത്ത് മാറ്റിയതാണ്. പിന്നെ ഞങ്ങളത് ഉപേക്ഷിച്ചു. എം.ടിയെ പോലുള്ള ആളോട് ഞങ്ങള്‍ക്ക് അങ്ങിനെ ചോദിക്കാന്‍ പറ്റില്ല.
അതൊകൊണ്ട് ചോദിച്ചില്ല. ഇനി ചെയ്യാന്‍ പറ്റില്ല. ഞങ്ങള്‍ ഉപേക്ഷിച്ച കാര്യം തിരിച്ചെടുക്കില്ല. ഞങ്ങള്‍ ബഹുമാനിക്കുന്ന ആളാണ് എം.ടി. അദ്ദേഹം അങ്ങിനെ തീരുമാനിച്ച സ്ഥിതിക്ക് ഞങ്ങള്‍ വിട്ടു. പഴശ്ശിരാജയെന്ന പടത്തിലൊക്കെ എം.ടി നന്നായി സഹകരിച്ചിരുന്നു. ഇത് അദ്ദേഹത്തിന് എന്തോ തോന്നിയതുകൊണ്ട് അങ്ങിനെ പോയി.
വേറെ ഒറുപാട് പടമുണ്ടല്ലോ. പത്തൊമ്പതാം നൂറ്റാണ്ട് എന്ന പേരില്‍ ഒരു സിനിമയെടുക്കുന്നുണ്ട്. ഗുരുദേവന്റെ മുമ്പ് ഉണ്ടായിരുന്ന വേലായുധപ്പണിക്കര്‍ എന്ന നവോത്ഥാന നായകനെക്കുറിച്ചാണ് സിനിമ. വിനയനാണ് സംവിധായകന്'- ഗോകുലം ഗോപാലന് പറഞ്ഞു. സിനിമ എടുക്കാനാവാതെ പോയതില്‍ സങ്കടമില്ലെന്ന് ഗോകുലം ഗോപാലന് വ്യക്തമാക്കി.
എന്നിലേക്ക് വരാനുള്ളതേ വരൂ. അതാണ് മുന്‍കാലങ്ങളിലൊക്കെ കണ്ടത്. നന്മയുള്ളതേ വരൂ. ഇതൊക്കെ നിയന്ത്രിക്ക ഒരു പ്രപഞ്ച ശക്തിയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.- ഗോകുലം ഗോപാലന് പറഞ്ഞു. എം.ടിയും ശ്രീകുമാര്‍ മേനോനും രണ്ടാമൂഴം സിനിമ നിര്‍മ്മിക്കാന്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. ഇതിനായി എം.ടിക്ക് ഒന്നേകാല്‍ കോടി രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു.
എന്നാല്‍ സിനിമ നിര്‍മ്മാണം അനിശ്ചിതമായി വൈകിയതോടെ തിരക്കഥ തിരിച്ചുവേണമെന്നാവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിച്ചു. നല്കിയ പണം തിരികെ തരാമെന്നും വ്യക്തമാക്കി. കോടതി നടപടികള്‍ മുന്നോട്ടുപോകുന്നതിനിടെ തിരക്കഥ തിരിച്ചുകൊടുക്കാന്‍ തയ്യാറാണെന്ന് ശ്രീകുമാരമേനോന് അറിയിച്ചതോടെ കേസ് ഒത്തുതീര്‍പ്പായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.