തിരുവനന്തപുരം: മലയാളം സിനിമയിൽ ഈ വർഷം ആദ്യപാദത്തിൽ (ജനുവരി- ഏപ്രിൽ) തീയേറ്ററിലും ഒടിയിലുമായി റിലീസ് ചെയ്തത് 79 മലയാളം സിനിമകൾ. ഇതിൽ തിയേറ്ററിൽ വലിയ വിജയമായത് ഒരെണ്ണം മാത്രം. മറ്റ് പതിനാലോളം സിനിമികൾ സാറ്റലൈറ്റ്, ഒടിടി സാധ്യതകൾ വഴി മുടുക്കുമുതൽ തിരികെ പിടിച്ചു. അൻപതോളം ചിത്രങ്ങൾ വൻ പരാജയമായെന്നാണ് റിപ്പോർട്ട്. ഇതുവഴി ഏകദേശം 200 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. എന്നാൽ ഇതിൽ മിക്ക സിനിമകളുടെയും അണിയറക്കാർ കേക്ക് മുറിച്ച് വിജയമാഘോഷവും നടത്തി. എന്നാൽ പല സിനിമികളും മറ്റു ചില ലക്ഷ്യങ്ങളോടെ ‘പരാജയപ്പെടാൻ’ വേണ്ടി തട്ടിക്കൂട്ടിയതാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
‘നായിക വാങ്ങിയ പ്രതിഫലം പോലും തിയേറ്ററിൽ നിന്ന് കിട്ടിയില്ല’
90 ശതമാനത്തിലധികം സിനിമകളും നഷ്ടമായിട്ടും അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾക്ക് കുറവില്ല. മുപ്പതോളം സിനിമകളുടെ ചിത്രീകരണമാണ് ഇപ്പോൾ നടക്കുന്നത്. നാൽപതോളം സിനിമകൾ പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലുമാണ്. മലയാളത്തിലെ വമ്പൻ നിർമാണ കമ്പനികളെല്ലാം കൈപൊള്ളി നിൽക്കുമ്പോൾ, പുതിയ നിർമാണ കമ്പനികളാണ് ഭാഗ്യപരീക്ഷണം നടത്താനെത്തുന്നത്. നായികയ്ക്ക് നൽകിയ പ്രതിഫലത്തുക പോലും സിനിമ റിലീസ് ചെയ്ത തിയേറ്ററുകളിൽ നിന്ന് തനിക്ക് തിരിച്ച് ലഭിച്ചില്ലെന്ന് അടുത്തിടെ പുറത്തിറങ്ങി വൻ പരാജയം ഏറ്റുവാങ്ങിയ സിനിമയുടെ നിർമാതാവായ പ്രശസ്തനായ നടൻ തുറന്നുപറഞ്ഞിരുന്നു.
നല്ല സിനിമകൾ പലതും തിയേറ്ററിൽ തകരുന്നു
സൂപ്പർ താര ചിത്രങ്ങൾക്ക് പോലും തിയേറ്ററിൽ രക്ഷയില്ല. പല നല്ല ചിത്രങ്ങളും കാണാൻ പ്രേക്ഷകരെത്തുന്നില്ല. തിയേറ്ററിൽ പൊട്ടിയ നല്ല സിനിമകൾ പലതും ഒടിടയില്‍ മികച്ച അഭിപ്രായം നേടിയെന്നതും കൗതുകകരമാണ്. പ്രണയവിലാസം പോലുള്ള സിനിമകൾ തിയേറ്ററിൽ വന്ന് പോയതു പോലും അറിഞ്ഞില്ല. ഒടിടിയിൽ ഈ ചിത്രം കണ്ട് പ്രേക്ഷകർ അത്ഭുതപ്പെടുകയും ചെയ്തു. ഇതെല്ലാം പ്രതിസന്ധിക്ക് പുതിയ തലം നൽകുന്നു.
ജനുവരി ആദ്യം എത്തിയ നൻപകൽ നേരത്ത് മയക്കം ശ്രദ്ധ നേടിയെങ്കിലും തിയേറ്ററുകളിൽ കാഴ്ചക്കാരെത്തിയില്ല. ക്രിസ്‌റ്റഫർ സാമ്പത്തിക മെച്ചമുണ്ടാക്കിയെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല. മഞ്ജു വാര്യരുടെ ആയിഷ, വെള്ളരിപ്പട്ടണം, ബിജു മേനോന്റെ തങ്കം, ഭാവന നായികയായി മടങ്ങി എത്തിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്, കുഞ്ചാക്കോ ബോബന്റെ പകലും പാതിരാവും, ആസിഫലിയുടെ മഹേഷും മാരുതിയും, നിവിൻ പോളിയുടെ തുറമുഖം, സുരാജ് വെഞ്ഞാറമൂടിന്റെ ഹിഗ്വിറ്റ, ഷെയ്‌ൻ നിഗമിന്റെ കൊറോണ പേപ്പേഴ്‌സ് എന്നീ സിനിമകളും തരംഗമായില്ല.
തിയേറ്ററുകൾ നിറയാത്ത വിഷുക്കാലം
വിഷുവിന് പുറത്തിറങ്ങിയ ആറ് ചിത്രങ്ങളിൽ ഒന്നുപോലും തിയേറ്ററുകൾ നിറച്ചില്ല. താരചിത്രങ്ങളില്ലാതെയാണ് വിഷുക്കാലം കടന്നുപോയത്. ഷൈൻ ടോം ചാക്കോയുടെ അടി, സുരാജിന്റെ മദനോത്സവം, ഉസ്‌കൂൾ എന്നീ ചിത്രങ്ങൾ കൂടാതെ മെയ്‌ഡ് ഇൻ കാരവൻ, ഉപ്പുമാവ്, താരം തീർത്ത കൂടാരം എന്നിവയും വിഷുക്കാലത്ത് തീയറ്ററിലുണ്ടായിരുന്നു. പൂക്കാലം, ബി 32 മുതൽ 44 വരെ എന്നിവ മികച്ച നിരൂപക ശ്രദ്ധനേടിയെങ്കിലും പ്രേക്ഷകരെ ആകർഷിച്ചില്ല.
തരംഗമായത് രോമാഞ്ചം മാത്രം
സൗബിൻ, ചെമ്പൻ വിനോദ് എന്നിവർ വേഷമിട്ട, ഫെബ്രുവരി ആദ്യവാരത്തിൽ റിലീസായ രോമാഞ്ചം തിയേറ്ററുകളിൽ വലിയ ചലനമുണ്ടാക്കി. കേരളത്തിന് പുറത്തും മികച്ച നേട്ടമുണ്ടാക്കിയ മലയാള ചിത്രവുമായി. 50 കോടിക്ക് മുകളിൽ സിനിമ തിയേറ്ററുകളിൽ നിന്ന് കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്. സ്‌ഫടികത്തിന്റെ പുതിയ പതിപ്പും തമിഴ് ചിത്രങ്ങളായ തുനിവ്, വാരിസ്, ഹോളിവുഡ് ആക്ഷൻ ത്രില്ലർ ജോൺ വിക്ക് ചാപ്‌റ്റർ 4 എന്നിവയും നേട്ടമുണ്ടാക്കി.
കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി?
ഈ കണക്കിന് പോയാൽ മലയാള സിനിമയെ ഈ വര്‍ഷം കാത്തിരിക്കുന്നത് വലിയ നഷ്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു സിനിമയ്ക്കായി പ്രതിവർഷം നാലുകോടി രൂപ ശരാശരി മുതൽമുടക്കുന്നുവെന്നാണ് കണക്ക്. ചെലവിടുന്നതിന്റെ 10 ശതമാനം പോലും തിയേറ്ററുകളിൽ നിന്നു വരുന്നില്ല. റിലീസുകളുടെ പെരുമഴയും തിരിച്ചടിയാകുന്നുവെന്ന വാദമുണ്ട്. നല്ലസിനിമകൾ വരുന്നുണ്ടെങ്കിലും തിയേറ്ററിൽ എത്താൻ പ്രേക്ഷകർ മടിക്കുന്നു. തട്ടിക്കൂട്ട് സിനിമകളുടെ പ്രളയത്തിനിടയിൽ നല്ല സിനിമകളും മുങ്ങിപ്പോകുന്നു.
മാർക്കറ്റിങ് ശോകം
നല്ല സിനിമകൾ പലതും തിയേറ്ററുകളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന് പിന്നിൽ മോശം മാർക്കറ്റിങ്ങും ഒരു ഘടകമാകുന്നു. സിനിമ നല്ലതായാൽ മാത്രം പോരാ, അവ സോഷ്യൽ മീഡിയയിൽ അടക്കം നല്ല രീതിയിൽ മാർക്കറ്റ് ചെയ്യപ്പെടുകയും വേണം. വലിയ ഹൈപ്പ് കണ്ട് പൊട്ട സിനിമകൾ തിയേറ്ററിൽ പോയി കാശുകളയുന്നവർ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞുനോക്കാൻ മടിക്കുന്നു. അതുകൊണ്ട് തന്നെ നല്ല സിനിമകൾക്ക് നല്ല രീതിയിൽ മാർക്കിറ്റിങ് നൽകിയാലും പ്രേക്ഷകരുടെ വിശ്വാസം പിടിച്ചുപറ്റാനാകുന്നില്ല. തിയേറ്ററിൽ പൊട്ടി, ഒടിടിയിൽ ഹിറ്റായ പല സിനിമകളും ഇത് ശരിവെക്കുന്നു.
Also Read- ‘അറിയാതെ പറഞ്ഞു പോയതാണ്’; കാസർഗോഡ് പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് രഞ്ജിത്
മാറുന്ന കാഴ്ചാ സംസ്കാരം
വൻകിട മൾട്ടി സ്റ്റാർ ആക്ഷൻ ത്രില്ലറുകൾ മാത്രം തിയേറ്ററിൽ പോയി കാണും. മറ്റു സിനിമകൾ ഒടിടിയിൽ വന്നിട്ട് കാണാമെന്ന് വെക്കുന്നവരുടെ എണ്ണവും കൂടിവരുന്നു. കോവിഡ് കാലത്തിനു ശേഷമുള്ള ട്രെന്റാണിത്. 4 പേരുള്ള കുടുംബം തിയേറ്ററിൽ പോയാൽ 1000 രൂപയെങ്കിലും ചെലവു വരും. വീട്ടിലിരുന്ന് കണ്ടാൽ ഇതിന്റെ മൂന്നിലൊന്നുപോലും ചെലവുവരില്ല. അതേസമയം, തന്നെ വൻ മുതൽ മുടക്കിൽ ഇറങ്ങുന്ന അന്യഭാഷാ ചിത്രങ്ങൾ തിയേറ്ററിൽ പോയി കാണാൻ മടി കാണിക്കുന്നുമില്ല. ഇതെല്ലാം പ്രതിസന്ധിക്ക് പുതിയ തലമാണ് കാണിക്കുന്നത്.
തിയേറ്ററുകൾ പ്രതിസന്ധിയിൽ
മൾട്ടിപ്‌ളെക്‌സുകളുമായി മത്സരിക്കാൻ തിയേറ്റർ നവീകരിച്ചവർ പലരും വായ്പ തിരിച്ചടയ്ക്കാനാവാതെ പ്രതസിന്ധിയിലാണ്. ഇങ്ങനെപോയാൽ പകുതി തിയേറ്ററുകളെങ്കിലും ഈവർഷം അടച്ചുപൂട്ടേണ്ടിവന്നാൽ അത്ഭുതപ്പെടാനില്ല. പല സിനിമകളും ഒടിടിക്കുവേണ്ടിയാണ് നിർമിക്കപ്പെടുന്നത്. അവ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കില്ല. പല തിയേറ്ററുകളിലും തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻപോലും വരുമാനമില്ലാത്ത വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അവധിയല്ലാത്ത ദിവസങ്ങളിൽ പല സിനിമാ തിയേറ്ററുകളിലും വൈകിട്ടത്തെ ഫസ്റ്റ് ഷോ പോലും മിനിമം 10 പേരില്ലാത്തതിനാൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.
2022ൽ 90 % സിനിമകളും പരാജയം
2022ല്‍ തിയേറ്ററില്‍ റിലീസ് ചെയ്ത മലയാളസിനിമകളില്‍ 90 ശതമാനവും സാമ്പത്തിക പരാജയമായിരുന്നു. 176 മലയാള ചിത്രങ്ങളില്‍ വിജയിച്ചത് 17 എണ്ണംമാത്രം. കന്നഡ ചിത്രം കെജിഎഫ് കേരളത്തിലെ തിയറ്ററുകളിൽനിന്ന് 30 കോടിയോളം രൂപ നേടിയപ്പോഴാണ് മലയാള ചിത്രങ്ങളിൽ ഭൂരിപക്ഷവും തകർന്നടിഞ്ഞത്. സൂപ്പർ ശരണ്യയാണ് 2022ലെ ആദ്യ ഹിറ്റ്. ഒടുവിൽ പുറത്തിറങ്ങിയ മാളികപ്പുറം ഉൾപ്പെടെ പതിനേഴ് ചിത്രങ്ങൾ മാത്രമാണ് തിയേയറ്ററിൽ നേട്ടമുണ്ടാക്കിയത്. അതിൽത്തന്നെ ഹൃദയം, ഭീഷ്മപർവം, കടുവ, ജനഗണമന, ന്നാ താൻ കേസ് കൊട്, തല്ലുമാല, റോഷാക്ക്, ജയ ജയ ജയ ജയ ഹേ എന്നീ എട്ട് ചിത്രങ്ങൾ മാത്രമാണ് നിർമാതാക്കൾക്കും വിതരണക്കാർക്കും പത്ത് കോടിക്ക് മുകളിൽ തിയേറ്റർ വിഹിതം നേടിക്കൊടുത്തത്. വിക്രം, ആര്‍ആര്‍ആര്‍, കാന്താര അടക്കമുള്ള ഇതരഭാഷ സിനിമകൾ കേരളത്തിലെ തിയേയറ്ററുകളിൽ നിന്ന് പണംവാരി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.