• HOME
 • »
 • NEWS
 • »
 • film
 • »
 • SP Balasubrahmanyam | 'മലരുകള്‍ മൗനത്തിലായി, ഇനിയുണരാത്ത വിധം'; എസ്.പി ബിയ്ക്ക് ആദരാഞ്ജലിയോടെ മന്ത്രി ജി.സുധാകരൻ

SP Balasubrahmanyam | 'മലരുകള്‍ മൗനത്തിലായി, ഇനിയുണരാത്ത വിധം'; എസ്.പി ബിയ്ക്ക് ആദരാഞ്ജലിയോടെ മന്ത്രി ജി.സുധാകരൻ

ഞങ്ങൾക്കേറെ പ്രിയപ്പെട്ട ഒരു ജീവനെക്കൂടി അപഹരിച്ചതിന്റെ അഹങ്കാരമുണ്ടാവും മഹാമാരിക്കെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട് മന്ത്രി.

ജി.സുധാകരൻ, എസ്.പി ബാലസുബ്രഹ്മണ്യം

ജി.സുധാകരൻ, എസ്.പി ബാലസുബ്രഹ്മണ്യം

 • News18
 • Last Updated :
 • Share this:
  തിരുവനന്തപുരം: പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് മന്ത്രി ജി. സുധാകരൻ. എസ്.പി.ബി ആലപിച്ച പ്രശസ്ത ഗാനമായ 'മലരേ, മൗനമാ' എന്ന ഗാനത്തിന്റെ വരികൾ കുറിച്ചാണ് മന്ത്രി കുറിപ്പ് ആരംഭിക്കുന്നത്. മലരുകൾ ഇനിയുണരാത്ത വിധം മൗനത്തിലായെന്നും അനശ്വര ഗായകൻ എസ്.പി.ബാല സുബ്രഹ്മണ്യം വിടവാങ്ങിയെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

  ഞങ്ങൾക്കേറെ പ്രിയപ്പെട്ട ഒരു ജീവനെക്കൂടി അപഹരിച്ചതിന്റെ അഹങ്കാരമുണ്ടാവും മഹാമാരിക്കെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട് മന്ത്രി. പക്ഷേ തെറ്റിപ്പോയെന്നും അത്യന്താധുനിക സാങ്കേതികതികവിനും ആവിഷ്കരിക്കാനും അനുകരിക്കാനുമാവാത്ത തരം മനുഷ്യശബ്ദത്തിന്റെ ഏറ്റവും മനോഹരരൂപമായി എസ്.പി അലമാലകൾ തീർത്തു കൊണ്ടേയിരിക്കുമെന്നും മന്ത്രി പറഞ്ഞു.  You may also like:പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു [NEWS]ഐഎസിന് വേണ്ടി യുദ്ധം ചെയ്തു; കനകമല കേസിൽ സുബഹാനി കുറ്റക്കാരനെന്ന് കോടതി [NEWS] കുഴഞ്ഞു വീണ ഡീൻ ജോൺസിന് സിപിആർ നൽകി ബ്രെറ്റ്ലി‍ [NEWS]

  മന്ത്രി ജി. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്,

  'മലരേ, മൗനമാ...
  മലരുകൾ മൗനത്തിലായി, ഇനിയുണരാത്ത വിധം. അനശ്വരഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം വിടവാങ്ങി.
  മലയാളമടക്കം വിവിധ ഭാഷകളിലെ 40000ത്തിലേറെ ചലച്ചിത്രഗാനങ്ങളിലൂടെ നാദബ്രഹ്മം ചമച്ച പ്രിയ ഗായകൻ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ലാളിത്യവും വിനയവും കൈവിടാതെ കരുതിയ ഒരു മനുഷ്യ സ്നേഹിയായിരുന്നു.
  1966ൽ ശ്രീ ശ്രീ മര്യാദ രമണ എന്ന തെലുങ്ക് ചിത്രത്തിലൂടെ രംഗപ്രവേശം ചെയ്ത ആ നാദവിസ്മയം 1979ൽ പുറത്തിറങ്ങിയ ശങ്കരാഭരണം എന്ന സിനിമയ്ക്കായി നേടിയ ആദ്യ ദേശീയ അവാർഡടക്കം ആറ് ദേശീയ അവാർഡുകളും ആറ് ഫിലിം ഫെയർ അവാർഡുകളുമടക്കം നിരവധി പുരസ്കാരങ്ങളും 2001ൽ പദ്മശ്രീയും 2011ൽ പദ്മഭൂഷണും നൽകിയുള്ള രാജ്യത്തിന്റെ ആദരമടക്കം പ്രൊഫഷണൽ നേട്ടങ്ങളുടെ കൊടുമുടിയേറി പ്രിയങ്കരനായ എസ്.പി.
  ഏക് ദൂജെ കേലിയയിലെ അനശ്വര ഗാനങ്ങളിലൂടെ ഹിന്ദി സിനിമാലോകത്തെ സംഗീതത്തിരകളാൽ നനച്ചു, വിസ്മയിപ്പിച്ചു.
  സംഗീതാസ്വാദകരെ ശ്രാവ്യസുഖത്തിന്റെ ഉത്തുംഗാനുഭൂതിയുടെ തലങ്ങളിലേക്ക് ഉയർത്തി വിട്ടു. ചെറുപ്പകാലത്ത് ശാസ്ത്രീയ സംഗീത അടിത്തറ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല എന്നത് അവിശ്വനീയമായി തോന്നും. കലർപ്പില്ലാത്ത കല മനുഷ്യമനസ്സിനെയും ഇന്ദ്രിയങ്ങളെയും ആഹ്ലാദിപ്പിക്കുന്നതെങ്ങിനെ എന്ന് അദ്ദേഹം അയത്നലളിതമായി തെളിയിച്ചു. ബഹിർഗമിക്കുന്ന കേവലശ്വാസത്തിലൂടെ അനുപമസൗന്ദര്യം തീർത്തു കൊണ്ട് ജനകോടികളെ ആഹ്ലാദിപ്പിച്ചു, നിത്യജീവിതത്തിന്റെ വേദനകളിൽ നിന്നും മോചിപ്പിച്ചു.
  കോവിഡ് ബാധിതനായി ഓഗസ്റ്റ് അഞ്ചിന് ചെന്നൈ MGM ഹെൽത്ത് കെയർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 74കാരനായ പ്രിയ ഗായകൻ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അപകടാവസ്ഥ പിന്നിട്ടിരുന്നു എങ്കിലും കഴിഞ്ഞ 24 മണിക്കൂറിനിടെ അതീവ ഗുരുതരാവസ്ഥയിൽ ആകുകയായിരുന്നു.
  കേട്ട പാട്ടുകൾ മധുരമെങ്കിൽ
  കേൾക്കാനിരിക്കുന്നതോ മധുരതരം...
  എന്ന കാൽപ്പനിക കവി ജോൺ കീറ്റ്സിന്റെ വരികൾ ഏറ്റവും പ്രസക്തമാവുന്നതിപ്പോഴാണ്. പുതുതലമുറ ഗായകർക്കൊപ്പം വരെ ഗംഭീര കെമിസ്ട്രി സൂക്ഷിച്ച അദ്ദേഹം മെലഡികൾക്കൊപ്പം ചടുലഗാനങ്ങളും ഗംഭീരമായി ചെയ്തു കൊണ്ടിരുന്നു. ഇനിയുമേറെ ലഭിക്കാനുണ്ടായിരുന്നു കലാലോകത്തിന്.
  കവിത പോലുള്ള കുളിർ മഴയിൽ നനഞ്ഞു കുതിർന്നവർ പൊടുന്നനെ കാളുന്ന വെയിലിന്റെ പാരുഷ്യത്തിൽ അകപ്പെട്ടതു പോലെയാണ് അനുവാചകരുടെ നഷ്ടം, ദുഖം. കല കലാകാരനെ അതിജീവിക്കുമ്പോൾ കണ്ണീരോർമ്മകളിൽ കുളിർ നിറയും, ഏത് വേനലിലും.
  ഞങ്ങൾക്കേറെ പ്രിയപ്പെട്ട ഒരു ജീവനെക്കൂടി അപഹരിച്ചതിന്റെ അഹങ്കാരമുണ്ടാവും മഹാമാരിക്ക്. പക്ഷേ തെറ്റിപ്പോയി. അത്യന്താധുനിക സാങ്കേതിക തികവിനും ആവിഷ്കരിക്കാനും അനുകരിക്കാനുമാവാത്ത തരം മനുഷ്യ ശബ്ദത്തിന്റെ ഏറ്റവും മനോഹരരൂപമായി എസ്.പി അലമാലകൾ തീർത്തു കൊണ്ടേയിരിക്കും, മാനവ ഹൃദയങ്ങളിൽ, ഒരു മഹാമാരിക്കും തൊടാനാവാത്ത ഉയരങ്ങളിൽ.
  അനശ്വര ഗായകന്റെ ദേഹ വിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു.'
  Published by:Joys Joy
  First published: