ചെന്നൈ: ലഡാക്കിൽ പ്രകോപനമില്ലാതെ സൈനികർക്കു നേരെ നടത്തിയ ആക്രമണത്തിലൂടെ ചൈന ഇന്ത്യയെ പിന്നിൽ നിന്നും കുത്തുകയായിരുന്നെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സത്തയാണെന്നും കമൽഹാസൻ പറഞ്ഞു:
“പൗരന്മാർ ചോദിക്കുന്ന ചോദ്യങ്ങളിലൂടെ സൈന്യത്തിന്റെ മനോവീര്യം ചോരുമെന്നു പറയുന്ന സർക്കാർ സൈന്യത്തെ അവഹേളിക്കുകയാണ്. നമ്മുടെ സൈന്യം ശക്തമാണ്. എന്നാൽ അവരുടെ ജീവിതം നിസാരമായി കാണരുത്."
സ്വാതന്ത്ര്യലബ്ധിക്കുശേഷം മറ്റേതൊരു പ്രധാനമന്ത്രിയേക്കാളും കൂടുതൽ തവണ ചൈന സന്ദർശിച്ചിട്ടുള്ള വ്യക്തിയാണ് നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാബലിപുരം ഉച്ചകോടി നയതന്ത്ര വിജയമാണെന്നാണ് അന്ന് അവകാശപ്പെട്ടിരുന്നത്.
“ഉച്ചകോടി കഴിഞ്ഞ് 8 മാസത്തിനുശേഷം, നിരായുധരായ നമ്മുടെ സൈനികരെ ചൈന പിന്നിൽ നിന്നും കുത്തിവീഴ്ത്തി. ഇതിലൂടെ സർക്കാരിന്റെ നയതന്ത്രം ദയനീയമായി പരാജയപ്പെടുകയോ അല്ലെങ്കിൽ ചൈനയുടെ ഉദ്ദേശ്യം ശരിയായി വായിച്ചെടുക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്തു”
ഈ രണ്ട് സാഹചര്യങ്ങളിലും ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തിയിൽ ചൈന നടത്തുന്ന അതിക്രമം തടയാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. നയതന്ത്രം പരാജയപ്പെടുമ്പോഴുള്ള അവസാന ആശ്രയമാണ് സൈന്യമെന്നും അദ്ദേഹം പറഞ്ഞു.
"സമാധാന ചർച്ചകളിലൂടെയും നേടാൻ കഴിയുന്നതാണ് നമ്മുടെ സൈനികരുടെ ജീവൻ ബലിയർപ്പിക്കുന്നതിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്" കമൽ പറഞ്ഞു.
ഗാൽവാനിൽ അന്ന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. സൈന്യത്തെ സംശയിക്കരുതെന്നും ദേശവിരുദ്ധനാകരുതെന്നും പറയുന്നതിനേക്കാൾ നല്ലത് എന്താണ് സംഭവിച്ചതെന്ന് തുറന്നു പറയുന്നതാണെന്നും കമൽഹാസൻ പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.