ഗുവാഹത്തി: സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മദ്രസകളും സംസ്കൃത പഠന കേന്ദ്രങ്ങളും സാധാരണ സ്കൂളുകളാക്കി പരിഷ്കരിക്കാനൊരുങ്ങി അസം സർക്കാർ. അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ സർക്കാർ ഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്ന 614 മദ്രസകൾക്കും 101 സംസ്കൃത പഠന കേന്ദ്രങ്ങൾക്കും താഴു വീഴും. ഇവയെ ഹൈസ്കൂൾ-ഹയർസെക്കൻഡറി സ്കൂളുകളാക്കി മാറ്റാനാണ് തീരുമാനം.
മതപരമായ പഠനാവശ്യങ്ങൾക്ക് പൊതുജനങ്ങളുടെ പണം ഉപയോഗിക്കാൻ പാടില്ലെന്ന് അസമിലെ ബിജെപി സർക്കാർ തീരുമാനിച്ചിരുന്നു. ഈ പോളിസി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിദ്യാഭ്യാസ-ധനമന്ത്രി ഹിമന്ദ ബിശ്വ ശർമ അറിയിച്ചത്. 'അറബിക് ഉൾപ്പെടെയുള്ള മതപരമായ പാഠങ്ങൾ പഠിപ്പിക്കേണ്ടത് സർക്കാരിന്റെ ജോലിയല്ല. ഇതൊരു മതേതര രാഷ്ട്രമാണ്.. അതുകൊണ്ട് തന്നെ മതപരമായ പഠനങ്ങൾക്ക് സർക്കാർ ധനസഹായം നൽകാനാവില്ല.. സർക്കാരിന് കീഴിലുള്ള മദ്രസകളിൽ മതപഠനം അനുവദിക്കുകയാണെങ്കിൽ സർക്കാർ ധനസഹായത്തോടെ തന്നെ ഗീതയും ബൈബിളും പഠിപ്പിക്കണം..' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
മദ്രസകൾക്കായി 3-4 കോടി രൂപയാണ് സർക്കാർ വർഷം തോറും ചിലവഴിക്കുന്നത് അതുപോലെ തന്നെ സംസ്കൃത പഠനകേന്ദ്രങ്ങൾക്കായി ഒരു കോടി രൂപയും. 'ഈ മദ്രസകളിൽ ജോലിചെയ്തിരുന്ന അധ്യാപകർ മറ്റ് ജോലികൾ തിരഞ്ഞ് ആശങ്കപ്പെടേണ്ട കാര്യമില്ല.. അവരുടെ വിരമിക്കൽ സമയം വരെയുള്ള ശമ്പളം സർക്കാർ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്കൃത കേന്ദ്രങ്ങളുടെ ധനസഹായവും നിർത്തലാക്കുന്നതോടെ മതപരമായ കാരണങ്ങൾ കൊണ്ടാണ് മദ്രസകൾ പൂട്ടുന്നതെന്ന അഭ്യൂഹങ്ങൾക്ക് വിരാമമാകുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. സ്വാശ്രയ മതപഠന കേന്ദ്രങ്ങൾക്ക് പഴയപടി തന്നെ അവരുടെ പ്രവർത്തനം തുടരാമെന്നും ശർമ അറിയിച്ചിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.