Exclusive | ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ എല്ലാ സീറ്റിലും ഡിഎംകെ സഖ്യം ജയിക്കും: എം.കെ സ്റ്റാലിൻ
- Published by:Amal Surendran
- news18-malayalam
Last Updated:
ആളുകളിൽ നിന്ന് സൽപ്പേര് നേടാൻ വേണ്ടിയല്ല ഞാൻ ഇത് ചെയ്യുന്നത്. ഇത് എൻ്റെ പ്രവർത്തന രീതിയാണ് - എംകെ സ്റ്റാലിൻ.
കാർത്തിഗൈചെല്‍വന്‍ എസ്
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ എല്ലാ സീറ്റിലും ഡിഎംകെ സഖ്യം ജയിക്കുമെന്ന് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിൻ. ഇതിനായുള്ള അണിയറ നീക്കങ്ങൾ തുടങ്ങിയതായി ന്യൂസ് 18-ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ
താങ്കൾ തമിഴ്നാടിൻ്റെ മുക്കും മൂലയും സന്ദർശിക്കുന്നതായി കാണുന്നുണ്ട്. ഇത് ശരിക്കും ആവശ്യമുള്ള കാര്യമാണോ?
ആളുകളിൽ നിന്ന് സൽപ്പേര് നേടാൻ വേണ്ടിയല്ല ഞാൻ ഇത് ചെയ്യുന്നത്. ഇത് എൻ്റെ പ്രവർത്തന രീതിയാണ്. സാധാരണയായി ഞാൻ ഇത് പാർട്ടിക്കുവേണ്ടി ചെയ്യാറുണ്ട്. ഇപ്പോൾ പാർട്ടിക്കു വേണ്ടിയും ഭരണത്തിനു വേണ്ടിയും ചെയ്യുന്നു എന്നുമാത്രം. ഞാൻ കൂടുതലായി ജോലി ചെയ്യുന്നതായി തോന്നുന്നുണ്ടാകാം, അത് സത്യമല്ല. ഇതാണ് എൻ്റെ പ്രവർത്തന ശൈലി.
advertisement
അണ്ണ (തമിഴ്നാട് മുൻ മുഖ്യമന്ത്രി) മരിക്കുന്നതിന് മുൻപ് എന്നോട് പറഞ്ഞ മൂന്ന് വാക്കുകൾ “കഠിനാധ്വാനം കഠിനാധ്വാനം കഠിനാധ്വാനം” എന്നാണ്. ആ വാക്ക് പാലിക്കാനായി ഞാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. വികസന പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ പുരോഗമിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ഞാൻ സാധാരണയായി എല്ലാ വകുപ്പുകളുമായും അവലോകന യോഗങ്ങൾ നടത്താറുണ്ട്. ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ താഴേത്തട്ടിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.
എനിക്കായി വോട്ട് ചെയ്ത ആളുകൾക്ക് അതിൽ അഭിമാനം തോന്നുകയും നല്ല ഭരണം നടത്തുന്ന കക്ഷിക്ക് വോട്ട് ചെയ്യാത്തവർക്ക് അതിൽ നിരാശ തോന്നുകയും ചെയ്യുന്ന തരത്തിലുള്ള ഭരണമായിരിക്കും കാഴ്ചവെക്കുക എന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുൻപ് ഞാൻ പറഞ്ഞിരുന്നു.
advertisement
ഇലക്ഷൻ വാഗ്ദാനങ്ങൾ പാലിക്കാനായി തീവ്രമായ ശ്രമം നടത്തുകയാണെന്ന് താങ്കൾ പറഞ്ഞിരുന്നു. സർക്കാർ 15 മാസം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ മുൻഗണനയോടെ നടപ്പാക്കേണ്ട 5 കാര്യങ്ങൾ എന്തെല്ലാമാണ് എന്നാണ് താങ്കൾ കരുതുന്നത്?
മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടൻ തന്നെ ഞാൻ അഞ്ച് കാര്യങ്ങൾ നടപ്പാക്കാനുള്ള ഫയലുകളിൽ ഒപ്പിട്ടിരുന്നു. എല്ലാ സ്ത്രീകൾക്കും സൗജന്യ ഗതാഗതം ഉറപ്പാക്കുന്ന തീരുമാനമായിരുന്നു അതിൽ ഒന്ന്. ഇതുവഴി ഓരോ വീട്ടുകാർക്കും 1000-2000 രൂപ ലാഭിക്കാൻ കഴിയും. ജോലി ചെയ്യുന്ന സ്ത്രീകളുടെ മുഖത്ത് ഇതിൻ്റെ സന്തോഷം കാണാനും എനിക്ക് കഴിയുന്നുണ്ട്.
advertisement
സർക്കാർ സ്കൂളുകളിൽ പഠിച്ച ശേഷം നിലവിൽ ബിരുദ പഠനം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ പഠന ചെലവുകൾ നിറവേറ്റുന്നതിനായി 1000 രൂപ നൽകുന്ന പദ്ധതിയാണ് മറ്റൊന്ന്. ഇത് രണ്ടും നടപ്പാക്കി കഴിഞ്ഞ ശേഷം ഇപ്പോൾ ഞങ്ങൾ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണം നൽകുന്ന പദ്ധതിക്ക് വലിയ ചരിത്രമുണ്ട്. എല്ലാ മുഖ്യമന്ത്രിമാരും തങ്ങളാൽ കഴിയും വിധം ഈ പദ്ധതി മെച്ചപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഈ പദ്ധതികളാണ് പ്രധാനപ്പെട്ടവ എന്ന് ഞാൻ കരുതുന്നു.
advertisement
കോവിഡിൻ്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും സമയത്താണ് താങ്കൾ സത്യപ്രതിജ്ഞ ചെയ്തത്. അതിനെ തുടർന്നുള്ള ഭരണം എളുപ്പമായിരുന്നോ അതോ ബുദ്ധിമുട്ടുള്ളതായിരുന്നോ?
സംസ്ഥാനം ഏറ്റവും ഗുരുതരമായ സ്ഥിതിയിലൂടെ കടന്നുപോകുമ്പോൾ ആയിരുന്നു ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നത്. ദുർഘടമായ വഴിയായിരുന്നു ഞങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നത്. കോവിഡ് തരംഗം ഏറ്റവും രൂക്ഷമായെങ്കിലും അത് നിയന്ത്രിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. അഞ്ച് ലക്ഷം കോടി രൂപയുടെ കടമാണ് എഡിഎംകെ ഭരണം ഖജനാവിൽ അവശേഷിപ്പിച്ചത്. പൊതുജനത്തിന് ഉപകാരപ്രദമായ പദ്ധതികളൊന്നും എഡിഎംകെ സർക്കാർ നടപ്പാക്കിയില്ല. എളുപ്പത്തിൽ എന്തെങ്കിലും ചെയ്യാൻ ഞങ്ങൾക്ക് കഴിയില്ല. എന്നാൽ 70%-ത്തോളം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. അത് സന്തോഷവും സംതൃപ്തിയും തരുന്ന കാര്യമാണ്.
advertisement
എന്താണ് ദ്രവീഡിയൻ ഭരണ മാതൃക? അത് ദേശീയ ഭരണ മാതൃകയേക്കാൾ മികച്ചതാണോ? ആണെങ്കിൽ എന്തുകൊണ്ട്?
എൻ്റെ ഭരണത്തെ സ്റ്റാലിൻ ഭരണം എന്ന് പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ദ്രവീഡിയൻ ഭരണ മാതൃകയെ കുറിച്ച് പറയുമ്പോൾ ഈ സർക്കാരും പരാമർശിക്കപ്പെടണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അണ്ണായുടെയും കലൈഞ്ജറുടെയും ഭരണത്തിൻ്റെ സമന്വയമാണ് ഈ മാതൃക. അത്തരമൊരു സർക്കാരാണ് ഉണ്ടാകേണ്ടത്. അതിനാണ് ഞങ്ങൾ പദ്ധതിയിട്ടിരിക്കുന്നത്. അത് നടപ്പാക്കുകയും ചെയ്യും.
എല്ലാവർക്കും എല്ലാം ലഭിക്കുക എന്നതാണ് ദ്രവീഡിയൻ ഭരണ മാതൃകയുടെ ആപ്തവാക്യം. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ഇപ്പോഴാണ് ഞാൻ ദ്രവീഡിയൻ മാതൃക എന്ന പുസ്തകം പ്രകാശനം ചെയ്തത്. അതിൽ ദ്രവീഡിയൻ ഭരണ മാതൃകയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. സാമൂഹ്യ നീതി എന്നത് ദ്രവീഡിയൻ ഭരണത്തിൻ്റെ സങ്കൽപ്പമാണ്. നമ്മുടെ രാജ്യത്തിന് ലഭിച്ച പ്രധാന വരദാനങ്ങളിൽ ഒന്നാണ് അത്. സംവരണം കാരണം വിദ്യാഭ്യാസവും ജോലിയും ലഭിച്ചതിനാൽ പാവപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ജീവിതം വളരെ മെച്ചപ്പെട്ടിട്ടുണ്ട്. എല്ലാ സമൂഹങ്ങളെയും ഒരുമിച്ച് ചേർത്തുകൊണ്ടുള്ള വളർച്ച എന്നതാണ് ദ്രവീഡിയൻ മാതൃക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഈ സർക്കാരും തമിഴ്നാട്ടിലെ എല്ലാ ആളുകളെയും ഉൾക്കൊള്ളുന്നതായിരിക്കും. തമിഴ്നാട്ടിലെ എല്ലാ സമൂഹങ്ങൾക്കും ഒരേ തോതിലുള്ള വളർച്ച സാധ്യമാക്കുക എന്നതാണ് ദ്രവീഡിയൻ ഭരണ മാതൃക.
advertisement
ഉദാഹരണത്തിന്, ക്ഷേത്രങ്ങളിലെ പൂജാരിമാർ ഏത് ജാതിയിൽ പെട്ടവരും ആകാം എന്നത് പെരിയാറിൻ്റെ സ്വപ്നമായിരുന്നു. പക്ഷേ, അത് നടപ്പാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കലൈഞ്ജൻ (എം കരുണാനിധി) ഇതിനായി എല്ലാ മേൽക്കോടതികളുടെയും വാതിലിൽ മുട്ടി, അത് ഏതാണ്ട് നടപ്പാകാൻ പോകുകയായിരുന്നു. പക്ഷേ, അദ്ദേഹത്തിനും അത് നടപ്പിൽ വരുത്താൻ കഴിഞ്ഞില്ല. അതിനു ശേഷം ഞാൻ മുഖ്യമന്ത്രിയാകുകയും അത് നടപ്പാക്കുകയും ചെയ്തു. ഇക്കാര്യം നടപ്പിൽ വരുത്തി എന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്.
വസ്തു നികുതി, വൈദ്യുതി നിരക്ക് എന്നിവയിൽ വർദ്ധനവ് വരുത്തിയതിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനാകില്ലേ?
ഈ വർദ്ധന ഇടത്തരം-താഴ്ന്ന വരുമാനമുള്ള ആളുകളെ ബാധിച്ചിട്ടില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതിക്ക് ഏറ്റവും കുറവ് നിരക്ക് തമിഴ്നാട്ടിലാണ് ഉള്ളത്. എഡിഎംകെ ഗവൺമെൻ്റിൻ്റെ മോശം ഭരണം കാരണം വൈദ്യുതി വകുപ്പ് കോടികളുടെ നഷ്ടമാണ് നേരിടുന്നത്. നിരക്ക് വർദ്ധിപ്പിക്കാൻ കഴിയില്ലെങ്കിൽ സബ്സിഡിയൊന്നും തരാൻ പറ്റില്ലെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. അതോടെ വൈദ്യുതി നിരക്ക് കൂട്ടുകയല്ലാതെ സർക്കാരിന് മുന്നിൽ വേറെ വഴിയില്ലാതായി. എങ്കിൽ പോലും ഇടത്തരം-താഴ്ന്ന വരുമാനമുള്ള ആളുകളെ ഇത് ബാധിച്ചിട്ടില്ല എന്ന് പറയാനാകും.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 40 മണ്ഡലത്തിലും ജയിക്കണം എന്ന് താങ്കൾ ഒരു പാർട്ടി യോഗത്തിൽ പറഞ്ഞിരുന്നു. താങ്കൾ പല പ്രാദേശിക പാർട്ടികളുമായും ദേശീയ പാർട്ടിയുമായും നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ താങ്കൾ ഒരു “കിംഗ് മേക്കർ” ആകുമോ?
എൻ്റെ വലിപ്പം എനിക്കറിയാം. പല പ്രാദേശിക പാർട്ടികളും ബിജെപിക്ക് എതിരായ പാർട്ടികളും നിരന്തരം എന്നെ ബന്ധപ്പെടുന്നുണ്ട്. പക്ഷേ, തമിഴ്നാട്ടിൽ ഞങ്ങൾ നിലവിലുള്ള മുന്നണി ബന്ധം തന്നെ തുടരും. അത് കൂടുതൽ ശക്തിപ്പെടുത്തുന്നതിലൂടെ ഞങ്ങൾക്ക് പോണ്ടിച്ചേരി ഉൾപ്പെടെയുള്ള 40 സീറ്റുകളും വിജയിക്കാൻ കഴിയും എന്നാണ് കരുതുന്നത്. അതിനു ശേഷം ഞങ്ങൾ ദേശീയ സാഹചര്യം അവലോകനം ചെയ്ത് അതിനനുസരിച്ചുള്ള നടപടിയെടുക്കും.
തമിഴ്നാട്ടിലെ സഖ്യം അതുപോലെ തുടരുമോ?
ഈ സഖ്യം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ല. ഞങ്ങൾ ഒരേ മനസ്സുള്ള പാർട്ടികളാണ്, ഒരേ നയങ്ങളാണ് ഞങ്ങൾക്കുള്ളത്. അതുകൊണ്ട് ഞങ്ങൾ ഈ സഖ്യം കൂടുതൽ കരുത്തോടെ തുടരും.
ഉത്തരേന്ത്യ വളരുന്നു എന്നും ദക്ഷിണേന്ത്യ തളരുന്നു എന്നും പൊതുവായി പറയാറുണ്ട്. എന്നാൽ കഴിഞ്ഞ 20 വർഷം പരിശോധിച്ചാൽ ഇത് സത്യമായിരുന്നില്ല. കേന്ദ്ര ഗവൺമെൻ്റിൽ തമിഴ്നാടിന് വലിയ പ്രാതിനിധ്യം ഉണ്ടായിരുന്നു. അത് ഈ തിരഞ്ഞെടുപ്പിലും തുടരുമോ. കേന്ദ്രത്തിൽ ആര് ഭരിക്കും എന്നത് ഇത്തവണയും തമിഴ്നാട് തീരുമാനിക്കുമോ?
പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സഖ്യം വേണമെന്ന് ഞാൻ ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പ്രതിപക്ഷ പാർട്ടികളും ചേർന്ന് ദേശീയ തലത്തിൽ ഒരു സഖ്യം രൂപീകരിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടത് ആവശ്യമാണ്. എന്നാൽ നമുക്ക് ഇന്നത്തെ സാഹചര്യത്തിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയും. അതാണ് ഞാൻ ഇപ്പോഴും പറയുന്നത്, എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ ദേശീയ സഖ്യമാണ് ഈ കാലഘട്ടത്തിൻ്റെ ആവശ്യം.
ചില സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ വളരെ ശക്തമാണ്. അവരും കോൺഗ്രസ് സഖ്യത്തിൻ്റെ ഭാഗമാകേണ്ടതുണ്ടോ?
അതാണ് ഞാനും പറയുന്നത്. എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ച് ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയം രുചിക്കണം. ആരെങ്കിലും മാറിനിന്നാൽ അത് ഇലക്ഷൻ വിജയത്തെ ബാധിക്കും.
അതായത്, നിങ്ങൾ ഇതേ സഖ്യം തുടരും. ബിജെപിയുമായി സഖ്യമുണ്ടാക്കില്ല എന്നാണോ അർത്ഥമാക്കുന്നത്?
ഇക്കാര്യത്തിൽ നിങ്ങൾക്കെന്താണ് സംശയം. ഞങ്ങൾ ഇതേ സഖ്യം നിലനിർത്തും എന്ന കാര്യത്തിൽ സംശയത്തിൻ്റെയോ ഊഹാപോഹങ്ങളുടെയോ യാതൊരു ആവശ്യവുമില്ല.
സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കുറിച്ച് താങ്കൾ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. താങ്കൾ മാത്രമല്ല, അണ്ണാദുരൈ ആണ് ഇത്തരമൊരു ചർച്ചയ്ക്ക് തുടക്കമിട്ടത്. മറ്റ് പ്രാദേശിക പാർട്ടികൾ എത്രത്തോളം ഈ വാദത്തെ അനുകൂലിക്കുന്നുണ്ട്?
സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കുറിച്ച് മറ്റു പ്രാദേശിക പാർട്ടികളുടെ നിലപാട് എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷേ, സംസ്ഥാനങ്ങളുടെ സ്വയംഭരണത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണ്. സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കുറിച്ച് കുറേ കാലം മുൻപ് അണ്ണാദുരൈ പറഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഉയർത്തി പിടിക്കുന്നതിൽ കലൈഞ്ജറും മുൻകൈ എടുത്തിട്ടുണ്ട്. കേന്ദ്രത്തിൽ സഖ്യവും സംസ്ഥാനത്ത് തനിച്ചുള്ള ഭരണവും നടത്തും എന്നതായിരുന്നു കലൈഞ്ജറുടെ നിലപാട്. ഞങ്ങൾ അതുതന്നെ പിന്തുടരും.
ഇപ്പോൾ, സാമ്പത്തികം, വിദ്യാഭ്യാസം, ജിഎസ്ടി തുടങ്ങി എല്ലാ മേഖലകളിലെ അവകാശങ്ങളും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽ നിന്ന് കവർന്നെടുക്കുകയാണ്. ഇതെല്ലാം ഉപയോഗിച്ച് അവർ പ്രാദേശിക പാർട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇവയെല്ലാം തടയണമെങ്കിൽ സംസ്ഥാനങ്ങളുടെ സ്വയംഭരണം ഇന്നത്തെ കാലത്ത് വളരെ അത്യാവശ്യമാണ്. ഇപ്പോൾ പല മുഖ്യമന്ത്രിമാരും ഇതിനായി തങ്ങളുടെ ശബ്ദം ഉയർത്താൻ തുടങ്ങിയിട്ടുണ്ട്. ഇതൊരു നല്ല സൂചനയായി ഞാൻ കാണുന്നു. അവരുടെ ശ്രമങ്ങൾ വിജയിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 20, 2022 3:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Exclusive | ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ എല്ലാ സീറ്റിലും ഡിഎംകെ സഖ്യം ജയിക്കും: എം.കെ സ്റ്റാലിൻ