മനോജ് ഗുപ്ത
ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള മെയ് 22 മുതൽ 24 വരെ നടക്കുന്ന ടൂറിസം വര്‍ക്കിങ് കമ്മിറ്റിക്ക് ജമ്മു കശ്മീർ ആതിഥേയത്വം വഹിക്കുകയാണ്. സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ മറൈൻ കമാൻഡോകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഇതിനകം കശ്മീരിൽ വിന്യസിച്ചുകഴിഞ്ഞു. എന്നാൽ ഇതിനിടെ പാക്കിസ്ഥാൻ ജി 20 മീറ്റിങ്ങ് തടസപ്പെടുത്താനും ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കാനും ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇതിനായി പലരെയും സമീപിച്ചിട്ടുണ്ടെന്നാണ് സിഎൻഎൻ ന്യൂസ് 18 നു ലഭിച്ച കത്തിൽ നിന്നും വ്യക്തമാകുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അറുപതോളം സർക്കാർ പ്രതിനിധികളും ഇരുപതോളം മാധ്യമ പ്രവർത്തകരും ജി 20 യുടെ ഭാഗമായി കശ്മീരിലെത്തുന്നുണ്ട്. ഉച്ചകോടിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് കശ്മീരിലുടനീളം ഒരുക്കിയിരിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം കശ്മീരിൽ നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര യോഗമാണിത്. യോഗത്തോട് അനുബന്ധിച്ച് പരമാവധി സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട്, ജമ്മു-കശ്മീർ പോലീസും സൈന്യവും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സിഎൻഎൻ ന്യൂസ് 18 നു ലഭിച്ച കത്തിൽ പറയുന്നതനുസരിച്ച്, ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ പാകിസ്ഥാൻ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ താഴെ പറയുന്നവയാണ്.
കശ്മീരിൽ സുരക്ഷാ നടപടികൾ ശക്തം
ജമ്മു കശ്മീരിൽ നിന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിച്ചിരുന്ന സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ കശ്മീരിലെ സുരക്ഷ കൂടുതൽ ശക്തമാക്കാനായി തിരിച്ചു വിളിച്ചിട്ടുണ്ട്. സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാനുള്ള പരിശോധനകളും നടന്നു വരികയാണ്. വ്യോമാക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (എൻഎസ്ജി) കൗണ്ടർ ഡ്രോൺ യൂണിറ്റിലെ ടീമുകളെ സജ്ജമാക്കി നിർത്തിയിട്ടുണ്ട് എന്നും അധികൃതർ അറിയിച്ചു.
ഏതു തരത്തിലുള്ള തീവ്രവാദ മുന്നേറ്റങ്ങളെയും നേരിടാൻ തയ്യാറായി ‘ബ്ലാക്ക് ക്യാറ്റ്’ കമാൻഡോകളുടെ ടീമും സജ്ജമായിട്ടുണ്ട്. ജമ്മു കശ്മീർ പോലീസിന്റെയും സിആർപിഎഫിന്റെയും ഉദ്യോഗസ്ഥർക്കൊപ്പം മാർക്കോസ് (MARCOS – Marine Commandos) ടീം അംഗങ്ങളും ദാൽ തടാകത്തിൽ പട്രോളിംഗ് നടത്തുമെന്നും ജി 20 കൺവെൻഷൻ സെന്റർ ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത് എന്നും സുരക്ഷാ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു.
Also read- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍
ഭീകരർ ജലമാർഗം വഴി കശ്മീരിലെ ഉൾപ്രദേശങ്ങളിലേക്ക് കടക്കാൻ സാധ്യത ഉള്ളതിനാലും നിയന്ത്രണ രേഖയിൽ നിന്നുള്ള നുഴഞ്ഞുകയറ്റം തടയാനും മറൈൻ കമാൻഡോകൾ കശ്മീരിലെ വുളൂർ തടാകത്തിൽ 1990കളുടെ പകുതി മുതൽ സുരക്ഷാ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ജി 20 ഉച്ചകോടി കഴിഞ്ഞ് പ്രതിനിധികൾ അതാതു രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനു മുൻപ് പാരി മഹൽ, ചെസ്മഷായി, മുഗൾ ഉദ്യാനങ്ങൾ എന്നിവ സന്ദർശിക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
ടൂറിസം സാധ്യതകളെക്കുറിച്ചു ചർച്ച ചെയ്യുന്ന ജി 20 യുടെ ആദ്യ വർക്കിംഗ് ഗ്രൂപ്പ് യോഗം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഗുജറാത്തിലെ റാൺ ഓഫ് കച്ചിലും രണ്ടാമത്തെ യോഗം ഏപ്രിൽ മാസം പശ്ചിമ ബംഗാളിലെ സിലിഗുരിയിലും നടന്നിരുന്നു. മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെ ജി-20 ഉച്ചകോടി ഉദ്യോഗസ്ഥ സമ്മേളനം കുമരകത്ത് വച്ചും നടന്നിരുന്നു.ജി 20 അംഗങ്ങൾ, ക്ഷണിക്കപ്പെട്ട 9 രാഷ്ട്രങ്ങൾ, വിവിധ അന്താരാഷ്ട്ര- പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള 120-ലധികം പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.