• HOME
 • »
 • NEWS
 • »
 • india
 • »
 • Hijab Row | ഹിജാബ് കേസിൽ ഭിന്നവിധിയിൽ സുപ്രീംകോടതി പ്രതിപാദിച്ചത് 1985ലെ ബിജോയ് ഇമ്മാനുവല്‍ കേസ്

Hijab Row | ഹിജാബ് കേസിൽ ഭിന്നവിധിയിൽ സുപ്രീംകോടതി പ്രതിപാദിച്ചത് 1985ലെ ബിജോയ് ഇമ്മാനുവല്‍ കേസ്

കേരളത്തില്‍ ദേശീയ ഗാനം ആലപിക്കാത്തതിന്റെ പേരില്‍ സ്‌കൂളില്‍ നിന്ന് മൂന്ന് മക്കളെ പുറത്താക്കിയതിനെതിരെ ഒരു പിതാവ് ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തിയ 1985 ലെ ബിജോയ് ഇമ്മാനുവല്‍ കേസ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

 • Share this:
  കര്‍ണാടകയിലെ (Karnataka) ഹിജാബ് (Hijab) വിവാദത്തില്‍ സുപ്രീം കോടതിയില്‍ (Supreme court) നിന്ന് ഭിന്നവിധി. ഹർജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ രണ്ട് ജഡ്ജിമാരും നിരോധനത്തെ എതിർത്തും ശരിവച്ചും പ്രത്യേകം വിധി പറഞ്ഞു. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരിവെച്ചപ്പോൾ ജസ്റ്റിസ് സുധാൻഷു ധുലിയ ഹൈക്കോടതി വിധി റദ്ദാക്കി. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ദേശീയ ഗാനം ആലപിക്കാത്തതിന്റെ പേരില്‍ സ്‌കൂളില്‍ നിന്ന് മൂന്ന് മക്കളെ പുറത്താക്കിയതിനെതിരെ ഒരു പിതാവ് ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തിയ 1985 ലെ ബിജോയ് ഇമ്മാനുവല്‍ കേസ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

  കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെയുള്ള നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ ആണ് സുപ്രീം കോടതി പരി​ഗണിച്ചത്. മതപരമായ ആചാരങ്ങളുടെ മുഴുവന്‍ ആശയവും ഒരു തര്‍ക്കം പരിഹരിക്കുന്നതിന് പരിഗണിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് സുധാന്‍ഷു ധൂലിയ പറഞ്ഞു. ഇവിടെയാണ് ബിജോയ് ഇമ്മാനുവലിന്റെ കേസ് പ്രസക്തമാകുന്നത്.

  എന്താണ് 1985-ലെ ബിജോ ഇമ്മാനുവല്‍ കേസ്?

  ദേശീയഗാനം ആലപിച്ചില്ലെന്നാരോപിച്ച് കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍ തന്റെ മൂന്ന് മക്കളെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് കോട്ടയം കൂടല്ലൂര്‍ സ്വദേശിയായ വി ജെ ഇമ്മാനുവലിനാണ് സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നത്. ഇമ്മാനുവലും ഭാര്യയും ഏഴു മക്കളും ക്രിസ്ത്യന്‍ മതത്തിലെ ഒരു വിഭാഗമായ 'യഹോവ സാക്ഷികള്‍' ആയിരുന്നു. കോട്ടയത്തെ കെഇ കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന അദ്ദേഹം 1967-ല്‍ ലില്ലിക്കുട്ടിയെ വിവാഹം കഴിച്ച ശേഷം കൂടല്ലൂരിലേക്ക് താമസം മാറുകയായിരുന്നു. 1974-മുതലാണ് അദ്ദേഹത്തിന്റെ കുടുംബം മുഴുവനും 'യഹോവ സാക്ഷികളായത്'.

  ഇവര്‍ നിയമം അനുസരിക്കുന്നവരാണെങ്കിലും ചില നിയമങ്ങള്‍ പാലിക്കാന്‍ ഇവരുടെ വിശ്വാസം അനുവദിക്കുന്നില്ല. അവര്‍ രാജ്യത്തിന്റെ പതാകയെ വന്ദിക്കില്ല. മാത്രമല്ല സൈനിക സേവനം ചെയ്യാനും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും അവരുടെ വിശ്വാസം അനുവദിക്കുന്നില്ല.

  താനും (10ാം ക്ലാസ്) തന്റെ മറ്റ് രണ്ട് സഹോദരങ്ങളായ ബിനുമോളും (9ാം ക്ലാസ്), ബിന്ദുവും (5ാം ക്ലാസ്) പഠിച്ച സ്‌കൂളില്‍ ദേശീയഗാനം ആലപിക്കണമെന്ന നിയമമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഇമ്മാനുവലിന്റെ മകന്‍ ബിജോയ് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജോയ്യുടെ മൂത്ത സഹോദരിമാരായ ബീനയും ബെസ്സിയും അവിടെ തന്നെയാണ് പഠിച്ചത്. മറ്റ് കുട്ടികളെ പോലെ ഇവരും ദേശീയ ഗാനത്തോട് ആദരവ് പ്രകടിപ്പിക്കുന്നതിനായി എഴുന്നേറ്റ് നിന്നിരുന്നെങ്കിലും അവര്‍ ഗാനം ആലപിച്ചിരുന്നില്ല.

  എന്നാല്‍ ഇത് കാണാനിടയായ അന്നത്തെ കോണ്‍ഗ്രസ് (എസ്) എംഎല്‍എയായിരുന്ന വിസി കബീര്‍ നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ചതോടെയാണ് സംഭവം വിവാദമായത്. മുഖ്യമന്ത്രി കെ കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടികള്‍ നിയമം പാലിക്കുന്നവര്‍ തന്നെ ആണെന്നും അവര്‍ ദേശീയ ഗാനത്തെ അപമാനിച്ചിട്ടില്ല എന്നുമായിരുന്നു സമിതിയുടെ കണ്ടെത്തല്‍. എന്നാല്‍ പഠനം തുടരണമെങ്കില്‍ കുട്ടികള്‍ ദേശീയ ഗാനം ആലപിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വ്യക്തമാക്കുകയായിരുന്നു.

  Also read : മുസ്ലീം വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ചു: ഏഴ് അധ്യാപകർക്ക് കർണാടകയിൽ സസ്പെൻഷൻ

  'ഞങ്ങളുടെ വിശ്വാസം അതിന് എതിരായതിനാല്‍ ഞങ്ങള്‍ ഉത്തരവ് അനുസരിക്കാന്‍ തയ്യാറായില്ല. ഞങ്ങളെ കൂടാതെ 'യഹോവയുടെ സാക്ഷികളായ' എട്ടു വിദ്യാര്‍ഥികളും സ്‌കൂളില്‍ ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് 1985 ജൂലൈ 25 ന് സ്‌കൂള്‍ മാനേജ്‌മെന്റ് ഞങ്ങളെ എല്ലാവരെയും സസ്‌പെന്‍ഡ് ചെയ്തു'എന്ന് ബിജോയ് മാത്രഭൂമിയോട് പറഞ്ഞു.

  Also read : മതസ്വാതന്ത്ര്യവും യൂണിഫോം കോഡും; കർണാടകയിലെ ഹിജാബ് വിവാദം ഉയർത്തുന്ന ചോദ്യങ്ങൾ

  ഇതേതുടര്‍ന്ന് അദ്ദേഹത്തിന്റെ പിതാവ് ഇമ്മാനുവല്‍ കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും കുട്ടികളുടെ നടപടിയില്‍ കോടതി അനാദരവ് കണ്ടെത്തി. പിന്നീട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ശരിവച്ചു. എന്നാല്‍ 1985ല്‍ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

  തുടര്‍ന്ന് 1986 ഓഗസ്റ്റ് 11-ന് ജസ്റ്റിസ് ഒ ചിന്നപ്പ റെഡ്ഡി കേസില്‍ അന്തിമ വിധി പുറപ്പെടുവിച്ചു. വിദ്യാര്‍ത്ഥികളെ പുറത്താക്കിയത് ഭരണഘടനാ ലംഘനമാണെന്നാണ് കോടതി വിധിച്ചത്. അഭിപ്രായസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള അവകാശത്തില്‍ നിശബ്ദത പാലിക്കാനുള്ള അവകാശവും ഉള്‍പ്പെടുന്നുവെന്നും കുട്ടികള്‍ ദേശീയഗാനത്തിനോട് ആദരവ് പ്രകടിപ്പിച്ചിരുന്നെന്നും സുപ്രീം കോടതി പറഞ്ഞു. അതിനാല്‍ തന്നെ കുട്ടികളെ തിരിച്ചടുക്കാനും കോടതി ആവശ്യപ്പെട്ടു.
  Published by:Amal Surendran
  First published: