കർണാടക നിയമസഭയില്‍ സവർക്കറുടെ ചിത്രം; പ്രതിഷേധവുമായി പ്രതിപക്ഷം
- Published by:Vishnupriya S
- news18-malayalam
Last Updated:
സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ സ്പീക്കർക്ക് കത്തയച്ചു
കർണാടക നിയമസഭയ്ക്കുള്ളിൽ ഹിന്ദുത്വ സൈദ്ധാന്തികന്‍ വി ഡി സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ചതിനെതിരെ പ്രതിപക്ഷ പ്രതിഷേധം. ബിജെപി സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ സ്പീക്കർക്ക് കത്തയച്ചു. വാൽമീകി, ബസവണ്ണ, കനകദാസ, ബിആർ അംബേദ്കർ, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ വ്യക്തികളുടെ ഛായാചിത്രങ്ങളാണ് നിയമസഭക്കുള്ളിൽ സ്ഥാപിക്കേണ്ടതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
”സവർക്കർ ഒരു വിവാദ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ ഛായാചിത്രം നിയമസഭക്കുള്ളിൽ സ്ഥാപിക്കേണ്ട ആവശ്യമില്ല”, സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഹാത്മാഗാന്ധി വധക്കേസിലെ പ്രതികളിലൊരാളാണ് സവർക്കർ എന്നും അദ്ദേഹം ഒരു വിവാദ വ്യക്തിയാണെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു.
നിയമസഭയിൽ സവർക്കറുടെ ചിത്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആരും തങ്ങളുമായി ചർച്ച നടത്തിയിട്ടില്ലെന്നും പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു. സ്വാതന്ത്ര്യ സമരത്തിലെ തങ്ങളുടെ പങ്കിനെ കുറിച്ചും അവരുടെ ത്യാഗങ്ങളെ കുറിച്ചും കോൺഗ്രസ് സംസാരിച്ചു കൊണ്ടേയിരിക്കുന്നു.
advertisement
എന്നാൽ അപ്പോൾ ഉണ്ടായിരുന്ന കോൺഗ്രസും ഇപ്പോൾ ഉള്ള കോൺഗ്രസും ഒന്നല്ലെന്നും ഇപ്പോൾ നമുക്കുള്ളത് ഡ്യൂപ്ലിക്കേറ്റ് കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു. ”പ്രത്യയശാസ്ത്രപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷേ സവർക്കർ ഒരു സ്വാതന്ത്ര്യ സമര സേനാനിയാണ്, പിന്നെ ആരുടെ ഛായാചിത്രമാണ് പതിക്കേണ്ടതെന്ന് സിദ്ധരാമയ്യയോട് ചോദിക്കൂ. ദാവൂദ് ഇബ്രാഹിമിന്റെ ആണോ?”ജോഷി കൂട്ടിച്ചേർത്തു.
advertisement
മഹാരാഷ്ട്ര കർണാടക അതിർത്തി തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ പുതിയ വിവാദം രണ്ടു സംസ്ഥാനങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞയാഴ്ച ഇരു സംസ്ഥാനങ്ങളിലെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും സമാധാനം പുനസ്ഥാപിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രശ്നത്തിന് ഇതുവരെ പരിഹാരം കാണാനായിട്ടില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2022 6:02 PM IST


