• HOME
 • »
 • NEWS
 • »
 • india
 • »
 • തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങി ത്രിപുരയും മേഘാലയയും നാഗാലാൻഡും; തയ്യാറെടുപ്പുകൾ എന്തെല്ലാം?

തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങി ത്രിപുരയും മേഘാലയയും നാഗാലാൻഡും; തയ്യാറെടുപ്പുകൾ എന്തെല്ലാം?

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ

 • Share this:

  വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിജെപിയാണ് നിലവിൽ ത്രിപുര ഭരിക്കുന്നത്. മറ്റ് രണ്ടിടത്ത് ബിജെപി ഭരിക്കുന്ന സഖ്യത്തിന്റെ ഭാഗവുമാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിശദമായി മനസിലാക്കാം.

  ത്രിപുര

  ത്രിപുരയിലെ ആകെയുള്ള 60 അസംബ്ലി മണ്ഡലങ്ങളിൽ ഇരുപതിലും ഗോത്രവർഗക്കാർക്കാണ് ആധിപത്യം. 2018ലെ തിരഞ്ഞെടുപ്പിൽ ബിജെപി 33 സീറ്റുകളും ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) 4 സീറ്റുകളും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (എം) 15 സീറ്റുകളും കോൺഗ്രസ് ഒരു സീറ്റുമാണ് നേടിയത്. ആറ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.

  25 വർഷം നീണ്ട ഇടതുഭരണത്തിന് അവസാനം കുറിച്ചാണ് ത്രിപുരയിൽ 2018 ൽ ബിജെപി അധികാരത്തിലെത്തുകയും ബിപ്ലബ് ദേബ് മുഖ്യമന്ത്രിയാകുകയും ചെയ്തത്. കഴിഞ്ഞ മേയിൽ മണിക് സാഹ മുഖ്യമന്ത്രിയായി. ഇപ്പോൾ ഐപിഎഫ്ടിയെ ഒപ്പം നിർത്താനാണ് ബിജെപി ശ്രമിക്കുന്നത്.

  Also read- ഗൃഹനാഥയ്ക്ക് പ്രതിമാസം 2,000 രൂപ; കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വാ​ഗ്ദാനം

  സംസ്ഥാനത്തെ താരതമ്യേന പുതിയ പാർട്ടിയായ ടിപ്ര മോതക്ക് 20​ ​ഗോത്രമണ്ഡലങ്ങളിൽ നല്ല സ്വാധീനമുണ്ട്. ​ഗോത്ര വർ​ഗക്കാർക്കായി പ്രത്യേക സംസ്ഥാനം എന്നതാണ് പാർട്ടിയുടെ ആവശ്യം. ഇത് ഉറപ്പുനൽകുന്ന ഏത് പാർട്ടിയുമായും സഖ്യത്തിലേർപ്പെടുമെന്ന് പാർട്ടി പറഞ്ഞിട്ടുമുണ്ട്.

  2021 മുതൽ തൃണമൂൽ കോൺ​ഗ്രസും ത്രിപുരയിൽ തങ്ങളുടെ സാന്നിധ്യമറിയിക്കാൻ ശ്രമം നടത്തിവരികയാണ്. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്തിയില്ലെങ്കിലും ഇത്തവണ ചില സീറ്റുകൾ നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി. ഈ മാസം അവസാനത്തോടെ ത്രിപുര സന്ദർശിക്കാനും മമത ബാനർജി ആലോചിക്കുന്നുണ്ട്.

  ഒരു കാലത്ത് ബദ്ധവൈരികളായിരുന്ന കോൺഗ്രസും ഇടതുപക്ഷവും ബിജെപിക്കെതിരെ ഒന്നിച്ചു നിന്ന് പോരാടാൻ തീരുമാനിച്ചതാണ് ത്രിപുര തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം.

  മേഘാലയ

  നാഷണൽ പീപ്പിൾസ് പാർട്ടിയുടെ കോൺറാഡ് സാങ്മയാണ് ഇപ്പോഴത്തെ മേ​ഘാലയ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ പാർട്ടിയായ എൻപിപിക്ക് നിലവിൽ 20 സീറ്റുകളും യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിക്ക് (യുഡിപി) 8 സീറ്റുകളും, പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടിന് (പിഡിഎഫ്) 2 സീറ്റുകളും, ബിജെപിക്ക് 2 സീറ്റുകളും ഉണ്ട്. 2 സീറ്റുകളിൽ സ്വതന്ത്രരാണ് ജയിച്ചത്. പ്രതിപക്ഷമായ തൃണമൂൽ കോൺ​ഗ്രസിന് 9 സീറ്റുകളാണുള്ളത്. പതിനാല് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.

  Also read- യുഎഇ രാജകുടുംബ ബന്ധു എന്ന വ്യാജേന ഡൽഹി ലീലാ പാലസ് ഹോട്ടലിൽ താമസിച്ച് 23 ലക്ഷത്തിന്റെ ബില്ലടയ്ക്കാതെ യുവാവ് മുങ്ങി

  സംസ്ഥാനത്തെ ആകെയുള്ള 60 സീറ്റുകളിൽ 58 സീറ്റുകളിലേക്ക് എൻപിപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബി.ജെ.പി.യുമായി നിലവിൽ സഖ്യത്തിലാണെങ്കിലും എൻ.പി.പി. ഇത്തവണയും ഒറ്റയ്ക്കായിരിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക. മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തൃണമൂൽ കോൺ​ഗ്രസും പ്രതീക്ഷിക്കുന്നു. എന്നാൽ രണ്ട് തൃണമൂൽ കോൺ​ഗ്രസ് എം‌എൽ‌എമാർ ഭരണകക്ഷിയായ എൻ‌പി‌പിയിൽ ചേർന്നത് പാർട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്.

  രണ്ട് എൻപിപി എംഎൽഎമാരും ഒരു കോൺഗ്രസ് എംഎൽഎയും ഒരു സ്വതന്ത്രനും അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. ഇക്കുറി തങ്ങൾ മേഘാലയയിൽ നില മെച്ചപ്പെടുത്തുമെന്നാണ് ബി.ജെ.പി കരുതുന്നത്. മേഘാലയയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലാണ് കോൺഗ്രസ്. 17 എംഎൽഎമാരാണ് പാർട്ടിക്ക് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എൻപിപിയെ പിന്തുണച്ചതിന് അഞ്ച് എംഎൽഎമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. അതിൽ രണ്ട് പേർ എൻപിപിയിൽ ചേർന്നു. ചില കോൺ​ഗ്രസ് എംഎൽഎമാർ തൃണമൂലിലേക്കും ചേക്കേറിയിരുന്നു.

  നാ​ഗാലാന്റ്

  നാ​ഗാലാന്റിലെ നിലവിലെ ഭരണസഖ്യമായ യുണൈറ്റഡ് ഡെമോക്രാറ്റിക് അലയൻസിൽ, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി), ബിജെപി, നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) എന്നീ പാർട്ടികളാണുള്ളത്. എൻഡിപിപിയുടെ നെഫിയു റിയോയാണ് മുഖ്യമന്ത്രി. 2018ൽ എൻപിഎഫിന് 26 ഉം, എൻഡിപിപിക്ക് 18 ഉം, ബിജെപിക്ക് 12 ഉം, എൻപിപിക്ക് 2 ഉം, ജെഡിയുവിന് 1 ഉം, സ്വതന്ത്രന് 1 സീറ്റുമാണ് ലഭിച്ചത്.

  Also read- രാജസ്ഥാനിലെ ബലാത്സംഗക്കേസുകളില്‍ 41 ശതമാനവും വ്യാജമെന്ന് ഡിജിപി; ഏറ്റവും കൂടുതൽ മധ്യപ്രദേശിലെന്നും വാദം

  ഇത്തവണ നാ​ഗാലാന്റിൽ കൂടുതൽ സീറ്റുകൾ നേടാൻ ആകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഏഴ് ആദിവാസി വിഭാ​ഗങ്ങൾ ചേർന്ന സംഘടനയായ ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ (ENPO) ‘ഫ്രണ്ടിയർ നാഗാലാൻഡ്’ എന്ന പ്രത്യേക സംസ്ഥാനത്തിനായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

  ഈ വിഷയം പരിശോധിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്നംഗ സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചിരുന്നു. ഇവർ വിവിധ നാഗാ സംഘടനകളുമായി നിരവധി മീറ്റിംഗുകൾ നടത്തിയിരുന്നു. ഈ വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

  Published by:Vishnupriya S
  First published: