ന്യൂഡല്‍ഹി: ബോര്‍ഡ് പരീക്ഷയ്ക്ക് മുന്‍പേ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന് നല്‍കണമെന്ന് ഡല്‍ഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് നടത്തിയ യോഗത്തിലാണ് സിസോദിയ ആവശ്യം ഉന്നയിച്ചത്. കുട്ടികളുടെ സുരക്ഷയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഗണന വാക്സിനേഷനാണെന്ന് സിസോദിയ പറഞ്ഞു.
വാക്സിന് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഫൈസറുമായി സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം 90 ശതമാനം പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളും 18 വയസില്‍ താഴെയായതിനാല്‍ അവര്‍ക്ക് കോവാക്സിന്, കോവിഷീല്‍ഡ് വാക്സിന് നല്‍കുന്നതിനായി വിദഗ്ധരുടെ അഭിപ്രായം തേടണമെന്ന് സിസോദിയ നിര്‍ദേശിച്ചു.
അതേസമയം ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്ന അഭിപ്രായത്തോട് അദ്ദേഹം യോജിക്കുന്നതായി വ്യക്തമാക്കി. വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും അധ്യാപകരും ബോര്‍ഡ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തുടരുകയാണ്.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കാനാണ് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്തി ജൂണ്‍ ഒന്നിന് തീരുമാനം എടുക്കുമെന്ന് അറിയിച്ചിരുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക്, മുന്‍ എച്ച്ആര്‍ഡി മന്ത്രിയും വനിതാ-ശിശുവികസന മന്ത്രിയുമായ സ്മൃതി ഇറാനി, കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ എന്നിവര്‍ പങ്കെടുക്കുന്നത്.
Also Read-കോവിഡ് പ്രതിരോധത്തിൽ അടുത്ത മൂന്നാഴ്ച നിർണായകം: മുഖ്യമന്ത്രി
സംസ്ഥാനങ്ങളുടെ നിലപാട് അറിയുന്നതിനായി രണ്ടാമത്തെ യോഗമാണ് ഇന്ന് ചേര്‍ന്നത്. പരീക്ഷ നടത്തണമെന്നാണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ വൈകുമ്പോള്‍ നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷ എങ്ങനെ വേണമെന്ന വിലയിരുത്തലുമുണ്ട്.
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്നാണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. രാജ്യത്തെ കോവിഡ് കേസുകള്‍ രണ്ടു ലക്ഷത്തിന് താഴെയായി കുറഞ്ഞു. പ്രതിദിന മരണസംഖ്യ 3,741 ആണ്. രാജ്യത്തെ ആകെ മരണസംഖ്യ മൂന്നു ലക്ഷത്തിനടുത്തെത്തി.
അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ 15 ദിവസങ്ങളിലായി കേവിഡ് കേസുകള്‍ കുറഞ്ഞെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സജീവ കേസുകളിലും കുറവുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം പറഞ്ഞു.
അതേസമയം മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ മരണസംഖ്യ കൂടുതലാണെന്ന് മന്ത്രാലയം പറഞ്ഞു. കോവിഡ് രണ്ടാം തരംഗം ഗ്രാമപ്രദേശങ്ങളെ ബാധിച്ചെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു. രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രതിദിനം പതിനായിരത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CBSE, CBSE Board Class 12 Exam, Covid 19, Covid 19 Vaccination