അഗർത്തല: ത്രിപുരയിൽ ഇടതുപാർട്ടികളിലെ ഏറ്റവും പ്രമുഖനായ നേതാവാണ് നാലുതവണ മുഖ്യമന്ത്രിയുും സിപിഎമ്മിന്‌റെ മുതിർന്ന നേതാവുമായ മണിക് സർക്കാർ. എന്നാൽ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ 74കാരനായ അദ്ദേഹം മത്സരിക്കുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മണിക് സർക്കാർ നേതൃത്വം നൽകുമെന്നാണ് സിപിഎം പറയുന്നത്.
ഇടയ്ക്കൊരു അഞ്ചു വർഷക്കാലയളവ് ഒഴികെ 1978 മുതല്‍ 2018 വരെ ത്രിപുരയിൽ സിപിഎമ്മാണ് ഭരണത്തിന് നേതൃത്വം നൽകിയത്. ഒരുകാലത്ത് ബംഗാളികളും ആദിവാസികളും തമ്മിലുള്ള കലാപത്തിന്റെയും ഏറ്റുമുട്ടലിന്റെയും കേന്ദ്രമായിരുന്ന, ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ചെറിയ സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ മണിക് സർക്കാരിന് കഴിഞ്ഞു.
സാക്ഷരതാ നിരക്കിൽ വളർച്ചയും ദാരിദ്ര്യം, പോഷകാഹാരക്കുറവ് എന്നിവയിൽ അനുകൂലമായ മാറ്റവും സ്ത്രീശാക്തീകരണത്തിന് പ്രാധാന്യവും നൽകിയ സംശുദ്ധമായ ഭരണമായിരുന്നു മണിക് സർക്കാരിന്റേതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമായ അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കെല്ലാം സത്യസന്ധതയുടെ അടയാളമുണ്ടായിരുന്നു. ‘രാജ്യത്തെ തന്നെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി’ എന്ന പേര് കേട്ട മണിക് സർക്കാർ സംസ്ഥാന പാർട്ടിയുടെ ഏറ്റവും വിശ്വസനീയമായ മുഖമാണ്.
കഴിഞ്ഞ തവണ ബിജെപി- ഐപിഎഫ്ടി മുന്നണിയിലേക്ക് പോയ, സിപിഎമ്മിന്റെ ഏറ്റവും വലിയ വോട്ട് ബാങ്കായിരുന്ന ആദിവാസികളെയും ദളിതരയെും ഇത്തവണ തിരികെ കൊണ്ടുവരാൻ മണിക് സർക്കാരിന് കഴിയുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. സ്ഥിരമായി മത്സരിച്ച് വന്ന ധൻപൂരിൽ മാത്രമല്ല, സംസ്ഥാനത്താകെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇത്തവണ മണിക് സർക്കാർ നേതൃത്വം നൽകുമെന്ന് സിപിഎം വൃത്തങ്ങൾ പറയുന്നു. ധൻപൂരിൽ ഇത്തവണ കൗഷിക് ചന്ദയാണ് മത്സരിക്കുന്നത്
പൂജ്യത്തിൽ നിന്ന് ആകെയുള്ള 60 സീറ്റുകളില്‍ 36 എണ്ണത്തിലും വിജയിച്ചാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലെത്തിയത്. സഖ്യകക്ഷിയായ ഐപിഎഫ്ടി എട്ട് സീറ്റുകളിലും വിജയിച്ചു. സിപിഎം 16 സീറ്റുകളിലായി ചുരുങ്ങിയപ്പോൾ അതുവരെ മുഖ്യപ്രതിപക്ഷമായിരുന്ന കോൺഗ്രസ് സംപൂജ്യരായി.
കഴിഞ്ഞ തവണത്തെ ഞെട്ടിക്കുന്ന പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ഇത്തവണ കോണ്‍ഗ്രസും സിപിഎമ്മും കൈകോർക്കുന്നത്. 60 സീറ്റുകളില്‍ 47 സീറ്റുകളിലാണ് ഇടതുമുന്നണി ഇത്തവണ മത്സരിക്കുന്നത്. 13 സീറ്റ് കോൺഗ്രസിന് നൽകി. സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ 24 പേർ പുതുമുഖങ്ങളാണ്. ആറു തവണ എംഎൽഎയായിരുന്ന ബാദൽ ചൗധരി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് സിപിഎം ഇത്തവണ സീറ്റ് നൽകിയിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.