അബുദാബി: ഐപിഎല്‍ 13ാം സീസണിലെ 55ാം മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് തകർത്ത് ഡൽഹി പ്ലേ ഓഫിലെത്തി. ഇന്നത്തെ മത്സരത്തിൽ ഡല്‍ഹിയോട് പരാജയപ്പെട്ടെങ്കിലും മികച്ച നെറ്റ് റൺ റേറ്റ് ഉണ്ടായിരുന്നതിനെ തുടർന്ന് ബാംഗ്ലൂരും പ്ലേഓഫിൽ ഇടംനേടി. പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രവേശനം. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി മുംബൈയെ നേരിടും.
ബാംഗ്ലൂർ മുന്നോട്ടുവെച്ച 153 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ഡൽഹി 6 പന്തുകള്‍ ശേഷിക്കെ ലക്ഷ്യം മറികടന്നു. ഡൽഹി 19 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. അർധസെഞ്ചുറി നേടിയ രഹാനെയുടെയും ധവാന്റെയും മികച്ച പ്രകടനത്തിലാണ് ഡൽഹി വിജയം നേടിയത്.
46 പന്തിൽ ഒരു സിക്സും 5 ഫോറും സഹിതം 60 നേടിയ അജിൻക്യ രഹാനെയാണ് ഡൽഹിയുടെ ടോപ് സ്കോറർ. 41 പന്തുകള്‍ നേരിട്ട ധവാന്‍ ആറു ഫോറുകളടക്കം 54 റണ്‍സെടുത്തു. രണ്ടാം ഓവറില്‍ പൃഥ്വി ഷായെ (9) നഷ്ടമായ ശേഷം ഒന്നിച്ച ഈ സഖ്യം രണ്ടാം വിക്കറ്റില്‍ 88 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഡൽഹിക്ക് മികച്ച അടിത്തറ സമ്മാനിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഏഴു റണ്‍സെടുത്ത് പുറത്തായി. ഋഷഭ് പന്ത് (8), മാര്‍ക്കസ് സ്റ്റോയ്‌നിസ് (10) എന്നിവര്‍ പുറത്താകാതെ നിന്നു.
ടോസ് നേടിയ ഡൽഹി ബാംഗ്ലൂരിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ബാംഗ്ലൂർ 7 വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. 41 പന്തിൽ അഞ്ച് ഫോർ സഹിതം 50 റൺസെടുത്ത പടിക്കലാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ.
ഡല്‍ഹിക്കായി ആന്‍ റിച്ച് നോര്‍ക്യ മൂന്നു വിക്കറ്റ് വീഴ്ത്തി. കാഗിസോ റബാദ രണ്ടു വിക്കറ്റെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Banglore royal challengers, Delhi capitals, Ipl, IPL 2020, IPL in UAE