മഹേന്ദ്ര സിങ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് ആവശ്യത്തിനും അനാവശ്യത്തിനും ആരാധകരും മാധ്യമങ്ങളും ഉയർത്തുന്ന പേരാണ്
ഋഷഭ് പന്ത്. ഡൽഹിയിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ പന്തിന്റെ ചുമലിൽ പ്രതീക്ഷയുടെ അമിത ഭാരം ഏൽപ്പിക്കരുതെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം
ഗൗതം ഗംഭീർ.
കഴിഞ്ഞ വർഷവും ഇത്തവണത്തെ ഐപിഎല്ലിലും ഫോമിലെത്താൻ പന്തിന് സാധിച്ചിരുന്നില്ല. ധോണിയുമായി പന്തിനെ താരതമ്യം ചെയ്യുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്ന് ഗൗതം ഗംഭീർ പറയുന്നു.
"അടുത്ത എംഎസ് ധോണിയാണ് ഋഷഭ് പന്ത് എന്ന് നിങ്ങൾ പറയുന്നത് ആദ്യം നിർത്തൂ. മാധ്യമങ്ങൾ ആദ്യം അവസാനിപ്പിക്കേണ്ടത് ഇതാണ്. മാധ്യമങ്ങൾ ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പന്തും അങ്ങനെ ചിന്തിക്കുകയാണ്. അദ്ദേഹത്തിന് ഒരിക്കലും എംഎസ് ധോണിയാകാൻ സാധിക്കില്ല. അദ്ദേഹം ഋഷഭ് പന്ത് ആണ്".
ചില പ്രകടനങ്ങൾ കണ്ട് ആളുകൾ അദ്ദേഹത്തെ അടുത്ത ധോണിയെന്നൊക്കെ വിശേഷിപ്പിക്കുന്നതാണ്. കീപ്പർ എന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നിലയിലും ഋഷഭ് പന്തിന് ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും ഗംഭീർ.
ഐപിഎല്ലിൽ 12 മത്സരങ്ങളിൽ നിന്നാണ് 285 റൺസാണ് പന്തിന്റെ സമ്പാദ്യം.
ധോണിയെ അനുകരിക്കാനുള്ള ശ്രമങ്ങൾ പന്ത് ഉപേക്ഷിക്കണമെന്ന് മുൻ ചീഫ് സെലക്ടർ എംഎസ്കെ പ്രസാദും മുമ്പ് പറഞ്ഞിരുന്നു. ആരാധകരുടെ താരതമ്യത്തിൽ പന്തും അഭിരമിച്ചതാണ് കരിയറിൽ തിരിച്ചടിയുണ്ടാകാൻ കാരണം.
ധോണി പൂർണമായും മറ്റൊരു വ്യക്തിയാണ്. അദ്ദേഹത്തിൽ നിന്നും തീർത്തും വ്യത്യസ്തനാണ് പന്ത്. അസമാന്യ കളിക്കാരനാണ് പന്ത്. ആരാധകരുടെ താരതമ്യത്തിൽ വിശ്വസിച്ച് ധോണിയുടെ രീതികൾ വരെ പന്ത് അനുകരിക്കാൻ തുടങ്ങി. ഇതിൽ നിന്നും പുറത്തുകടന്നാൽ മാത്രമേ അദ്ദേഹത്തിന് മെച്ചപ്പെടാൻ സാധിക്കുകയുള്ളൂവെന്നുമായിരുന്നു എംഎസ്കെ പ്രസാദ് പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.