Revenue Office | ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷണല്‍ കെട്ടിക്കിടക്കുന്നത് ഇരുപതിനായിരത്തോളം അപേക്ഷകള്‍; വിശദീകരണവുമായി റവന്യു വകുപ്പ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സജീവൻ്റെതിന് സമാനമായ സാഹചര്യമുള്ള നിരവധി പേരാണുള്ളത്.
ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഇരുപതിനായിരത്തോളം അപേക്ഷകളാണ് തീര്‍പ്പാക്കാനായി ഫോർട്ടുകൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ കെട്ടി കിടക്കുന്നത്. ഇതിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സജീവൻ്റെതിന് സമാനമായ സാഹചര്യമുള്ള നിരവധി പേരാണുള്ളത്. ലഭിച്ച അപേക്ഷകളെല്ലാം മുന്‍ഗണനാക്രമത്തില്‍ പ്രത്യേകമായി തീര്‍പ്പാക്കി വരികയാണെന്നാണ് റവന്യു വകുപ്പിൻ്റെ വിശദീകരണം. സജീവന്‍റെ അപേക്ഷ 2021ൽ സമർപ്പിച്ചതായതിനാൽ ഇതുവരെ നടന്ന അദാലത്തുകളിൽ ഉള്‍പ്പെട്ടിരുന്നില്ല.
ആദ്യം സമർപ്പിച്ച അപേക്ഷയ്ക്കു പുറമെ ഇതേ ആവശ്യത്തിനായി മറ്റൊരു അപേക്ഷ കൂടി ഇതേ വിഷയത്തില്‍ സജീവന്‍ സമർപ്പിച്ചിരുന്നു. ആദ്യത്തെ അപേക്ഷ നിലവിലിരിക്കുന്നതിനാൽ ഇതിൽ നടപടികള്‍ ആരംഭിച്ചിരുന്നില്ലെന്നും കളക്ടർ വ്യക്തമാക്കുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും സംഭവിച്ച വീഴ്ച്ചയാണ് പിതാവിൻ്റെ മരണത്തിന് ഇടയാക്കിയതെന്നാണ് സജീവൻ്റെ കുടുംബം പറയുന്നത്.
സജീവൻ്റെതിന് സമാനമായ കുടുംബങ്ങൾ ഭൂമി തരംമാറ്റി കിട്ടുവാൻ അപേക്ഷ നൽകി കാത്തിരിക്കുവാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. മാല്യങ്കര സ്വദേശി ഷാനവാസിൻ്റെ ജീവിത സാഹചര്യം സജീവൻ്റെതിന് സമാനമാണ്. ഷാനവാസിന് ആകെയുളളത് 5 സെൻ്റ് നിലമാണ്. ഇതിനുള്ളിലാണ് വീടും സ്ഥിതി ചെയ്യുന്നത്. സാമ്പത്തിക ബാധ്യത ഉണ്ടായപ്പോൾ ലോൺ വയ്ക്കുവാൻ ബാങ്കിൽ എത്തിയപ്പോഴാണ് ഭൂമി തരം മാറ്റുവാൻ മുത്തുക്കുന്നം വില്ലേജിൽ അപേക്ഷ നൽകിയത്. എന്നാൽ ഒരു വർഷമായിട്ടും നടപടി ഉണ്ടാവാതെ വന്നതോടെ ഷാനവാസിൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമായിരിക്കുകയാണ്.
advertisement
മൂത്തുകുന്നം സ്വദേശി പതിയാപറമ്പിൽ മുരുകനും ഭൂമി തരം മാറ്റി കിട്ടുവാൻ കഴിഞ്ഞ എട്ട് മാസമായി ഓഫീസുകൾ കയറി ഇറങ്ങുകയാണ്. മുപ്പത് വർഷമായി പ്രദേശത്തെ താമസക്കാരനാണ് മുരുകൻ. അഞ്ച് വർഷം മുൻപാണ് പഴയ വീട് പൊളിച്ച് പുതിയ വീട് നിർമ്മിച്ചത്. പഴയ വീടിന് പഞ്ചായത്തിൽ നിന്നും കെട്ടിട നമ്പരും അനുവദിച്ചിരുന്നു. എന്നാൽ പുതിയ വീട് നിർമ്മിച്ചതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. കെട്ടിട നമ്പർ ലഭിക്കുവാൻ വില്ലേജിൽ നിന്നും കരമടച്ച രസീത് കാണിക്കുവാൻ പഞ്ചായത്തിൽ നിന്നും അറിയിപ്പ് ലഭിച്ചു.
advertisement
കരമടയ്ക്കുവാൻ വില്ലേജിൽ എത്തിയപ്പോഴാണ് നിലവിൽ സ്ഥലം നിലമാണെന്നും കരം അടയ്ക്കുവാൻ കഴിയില്ലെന്നും അറിയിപ്പ് ലഭിച്ചത്. പിന്നീട് നിലം പുരയിടമായി തരം മാറ്റി കിട്ടുവാൻ ഏഴുമാസം മുൻപ് വില്ലേജി അപേക്ഷ നൽകി റവന്യു ഓഫീസുകൾ കയറി ഇറങ്ങുകയാണ് മുരുകൻ ഇപ്പോൾ.നിലവിൽ പഞ്ചായത്തിൽ നിന്നും പുതിയതായി പണികഴിച്ച വീടിന് കെട്ടിട നമ്പർ ലഭിക്കാത്തതിനാൽ വലിയ ബുദ്ധിമുട്ടാണ് മുരുകനും കുടുംബവും അനുഭവിക്കുന്നത്.
advertisement
പറവൂർ മൂത്തകുന്നത്ത് മരണപ്പെട്ട സജീവന്‍ ഭൂമി തരം മാറ്റത്തിനായി സമർപ്പിച്ച അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസമുണ്ടായിട്ടില്ലെന്നും ഫോർട്ടുകൊച്ചി സബ് കളക്ടർ ജില്ലാ കളക്ടർക്ക് റിപ്പോര്‍ട്ട് നല്‍കി. ഭൂമി തരം മാറ്റത്തിനായി ആറാം നമ്പർ ഫോറത്തിലുള്ള അപേക്ഷ 2021 ഫെബ്രുവരി 18നാണ് ഫോര്‍ട്ടുകൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭിച്ചത്. റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി അന്നു തന്നെ ഇത് മൂത്തകുന്നം വില്ലേജ് ഓഫീസിലേക്ക് കൈമാറി. വില്ലേജ് ഓഫീസറുടെ മറുപടി ഫെബ്രുവരി 23ന് ലഭിച്ചു.
advertisement
വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിൽ ന്യായവില കണക്കാക്കിയതിലുള്ള അപാകത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച് ഒക്ടോബർ നാലിന് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസറുടെ വിശദീകരണം ഒക്ടോബർ ആറിന് ലഭിച്ചതിനെ തുടർന്ന് ആ മാസം 27ന് നിലവിലുള്ള നിയമപ്രകാരം ഭൂമി തരം മാറ്റത്തിനുള്ള ഫീസ് അടക്കാന്‍ സജീവന് നിർദേശം നല്‍കി കത്തയച്ചു. എന്നാൽ ഇതിനോട് സജീവന്‍ പ്രതികരിച്ചില്ല. പിന്നീട് ഹൈക്കോടതി ഉത്തരവിന്‍റെയും സർക്കുലറിന്‍റെയും അടിസ്ഥാനത്തില്‍ ഭൂമി തരം മാറ്റത്തിന് ഫീസ് ഈടാക്കുന്ന കാര്യത്തില്‍ സർക്കാർ വ്യക്തത വരുത്തിയെങ്കിലും ഇതു പ്രകാരമുള്ള ഫീസിളവിനും സജീവന്‍ അപേക്ഷിച്ചിരുന്നില്ല.
advertisement
എന്നാൽ വില്ലേജ് ഓഫീസിൽ നിന്നും അറിയിച്ചതിനെ തുടർന്നാണ് പുതിയ അപേക്ഷ നൽകിയതെന്നാണ് സജീവൻ്റെ കുടുംബം പറയുന്നത്. ഇത്തരം സാങ്കേതിക തടസങ്ങളുടെ പേരിലാണ് നിരവധിപേർ ബുദ്ധിമുട്ടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 05, 2022 9:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Revenue Office | ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷണല്‍ കെട്ടിക്കിടക്കുന്നത് ഇരുപതിനായിരത്തോളം അപേക്ഷകള്‍; വിശദീകരണവുമായി റവന്യു വകുപ്പ്









