തിരുവനന്തപുരം: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി തനി ക്രിമിനലെന്നും അവർക്ക് മുന്നിൽ കീഴടങ്ങില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പറയുന്നത് മുഴുവൻ പറയട്ടെ. അവർ മറുപടി അർഹിക്കുന്നില്ലെന്നും ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിയ്ക്ക് പുറത്താണെന്നും എം വി ഗോവിന്ദൻ ന്യൂസ് 18നോട് പറഞ്ഞു.
ആകാശിന്റെ വെളിപ്പെടുത്തൽ ഗൗരവമായി കാണുന്നില്ല. പറയുന്നത് മുഴുവൻ പറയട്ടെ. ക്രിമിനലുകൾ പറയുന്നതിന് മറുപടി അർഹിക്കുന്നില്ല. ഇതൊന്നും മുൾമുനയിൽ നിർത്തുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിക്ക് പുറത്താണ്. ക്രിമിനൽ സംഘങ്ങളുടെ നിലപാട് പാർട്ടി എപ്പോഴും എതിർത്തുപോകുന്നുവെന്നും പറഞ്ഞ എംവി ഗോവിന്ദൻ വിശദീകരണയോഗം സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടെന്നും തില്ലങ്കേരിയിലും മട്ടന്നൂരും പേരാവൂരും യോഗം നടത്തുമെന്നും വ്യക്തമാക്കി.
ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് സഹരണ സ്ഥാപനങ്ങളിൽ ജോലിയെന്നും നടപ്പാക്കിയവർക്ക് പട്ടിണിയാണെന്നുമായിരുന്നു ആകാശ് തില്ലങ്കേരിയുടെ ആരോപണം. ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ഫേസ്ബുക്കിലിട്ട പോസ്റ്റിന് നൽകിയ കമന്‍റിലാണ് പാർട്ടി നേതൃത്വത്തിനെതിരെ ആകാശ് തില്ലങ്കേരി ആരോപണം ഉയർത്തിയത്.
“പ്രതിഫലം ആഹ്വാനം നൽകിയവർ കേസുണ്ടായപ്പോൾ തിരിഞ്ഞു നോക്കിയില്ല. പാർട്ടി സംരക്ഷിക്കാതിരുന്നപ്പോൾ ക്വട്ടേഷൻ അടക്കം മറ്റ് വഴികൾ തെരഞ്ഞെടുക്കണ്ടി വന്നു. തെറ്റിലേക്ക് പോകാനുള്ള കാരണം പോലും പാർട്ടി അന്വേഷിച്ചില്ല. ആത്മഹത്യ മാത്രം മുന്നിലവശേഷിച്ചപ്പോഴാണ് പല വഴിക്ക് സഞ്ചിരിക്കേണ്ടി വന്നത്”- എന്നും ആകാശ് തില്ലങ്കേരി കുറിച്ചിരുന്നു.
Also Read- ‘ആകാശ് തില്ലങ്കേരിയ്ക്ക് സിപിഎമ്മുമായി ബന്ധമില്ല; ആരോപണങ്ങൾ പാർട്ടി പരിശോധിക്കും’; കെ.കെ ശൈലജ
എന്നാൽ ആകാശ് തില്ലങ്കേരിക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന നിലപാടിലാണ് സിപിഎം നേതാക്കൾ. മാപ്പുസാക്ഷിയാകാനുള്ള ഒന്നാം പ്രതിയുടെ ശ്രമമാണ് നടക്കുന്നതെന്നായിരുന്നു എംവി ജയരാജൻ പ്രതികരിച്ചത്.
മാലിന്യ നിക്ഷേപ കേന്ദ്രമായി ആകാശ് തില്ലങ്കേരി മാറിയെന്നും കൊല നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആകാശ് തില്ലങ്കേരിയ്ക്കെതിരെ കേസെടുക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
ആകാശിന് സിപിഎമ്മുമായി ബന്ധമില്ലെന്ന് മുൻ മന്ത്രി കെ കെ ശൈലജയും വ്യക്തമാക്കി. തന്റെ പേഴ്സണൽ സ്റ്റാഫംഗം രാഗിന്ദിനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ സംഭവമടക്കം പാർട്ടി പരിശോധിക്കുമെന്നും ശൈലജ വിശദീകരിച്ചു. രാഗിന്ദിന് എതിരെ ആകാശ് തില്ലങ്കേരിയും സുഹൃത്ത് ജിജോ തില്ലങ്കേരിയും രംഗത്തെത്തിയിരുന്നു.
സിപിഎം ആർക്കും മയപ്പെടുന്ന പാർട്ടിയല്ല. കേഡർമാർ ഏതെങ്കിലും രീതിയിൽ മോശമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവരെ തിരുത്തും. ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടി പരിശോധിക്കുമെന്നും കെകെ ശൈലജ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.