രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന അഷ്റഫ്; റോഡില്‍ കുഴിഞ്ഞുവീണപ്പോള്‍ സഹായിക്കാനാരുമില്ലാതെ മരണം
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന അഷ്റഫ്; റോഡില്‍ കുഴിഞ്ഞുവീണപ്പോള്‍ സഹായിക്കാനാരുമില്ലാതെ മരണം
കുഴഞ്ഞുവീണ അഷ്റഫ് സഹായമൊന്നും ലഭിക്കാതെ അരമണിക്കൂറോളം റോഡില്‍ കിടന്നു. ഒടുവില്‍ ആളെ തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അഷ്റഫ് മരിച്ചിരുന്നു.
കോഴിക്കോട്: പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങേകാന്‍ ഏത് സമയത്തും ഓടിയെത്തുന്ന സാമൂഹിക പ്രവര്‍ത്തകനായിരുന്നു കാപ്പാട് സ്വദേശി അഷ്റഫ്. പക്ഷെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് കുഴഞ്ഞുവീണ അഷ്റഫ് സഹായമൊന്നും ലഭിക്കാതെ റോഡില്‍ കിടന്നത് അരമണിക്കൂറോളം. ഒടുവില്‍ ആളെ തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അഷ്റഫ് മരിച്ചിരുന്നു.
ഫയര്‍ഫോഴ്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് കോര്‍പ്സിന്റെ കോഴിക്കോട് റീജ്യണല്‍ വാര്‍ഡനായിരുന്നു അഷ്റഫ്. ദുരന്തമുഖങ്ങളില്‍ ഓടിയെത്തി ഫയര്‍ഫോഴ്സിന് വഴികാട്ടിയായി എത്തുന്നയാളായിരുന്നു അഷ്റഫ്. ഹാം റേഡിയോ ഓപറേറ്റര്‍ കൂടിയായിരുന്ന അഷ്റഫ് ഉപകരണത്തിന്റെ സഹായത്തോടുകൂടിയായിരുന്നു രക്ഷാ പ്രവര്‍ത്തനം നടത്താറ്.
കൊയിലാണ്ടിയിൽ നിന്നും ബൈക്കില്‍ സഞ്ചരിക്കവെയാണ് അഷ്റഫ് എരഞ്ഞിപ്പാലത്ത് വെച്ച് കുഴഞ്ഞുവീണത്. കോവിഡ് ഭീതിയില്‍ ആരും അടുത്തേക്ക് വന്നില്ല. അരമണിക്കൂറോളം അഷ്റഫിന് റോഡില്‍ കിടക്കേണ്ടിവന്നു. പിന്നീട് ആളെ തിരിച്ചറിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം. കോവിഡ് നെഗറ്റീവാണ്. കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമായിരുന്നുവെങ്കില്‍ രക്ഷിക്കാമായിരുന്ന ജീവനാണ് റോഡരികില്‍ പൊലിഞ്ഞത്.
ലോക്ഡൗണ്‍കാലത്ത് മരുന്ന് വിതരണ രംഗത്ത് സജീമായിരുന്നു അഷ്റഫെന്ന് കൊയിലാണ്ടി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു. മരുന്ന് ആവശ്യപ്പെട്ട് അഷ്റഫിന്റെ മൊബൈലിലേക്ക് വിളിയോ മെസ്സേജോ എത്തിയാല്‍ എത്ര ദൂരെയുള്ള ആള്‍ക്കാണെങ്കിലും അത് അഷ്റഫ് എത്തിച്ചുനല്‍കിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രളയകാലത്ത് പുത്തുമല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു അഷ്റഫ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.