• HOME
  • »
  • NEWS
  • »
  • kerala
  • »
  • നാമം ജപിച്ച് ബിജെപി പിടിച്ചെടുത്തത് പന്തളം നഗരസഭാ ഭരണം; മധ്യകേരളത്തിലെ ബിജെപി ശക്തികേന്ദ്രം

നാമം ജപിച്ച് ബിജെപി പിടിച്ചെടുത്തത് പന്തളം നഗരസഭാ ഭരണം; മധ്യകേരളത്തിലെ ബിജെപി ശക്തികേന്ദ്രം

അയ്യപ്പനും ശബരിമലയും പൊതുവെ വികാരമായി കാണുന്ന ജനതയാണ് പന്തളത്തിലേത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും തുടർന്നുള്ള പ്രതിഷേധങ്ങളിലുമെല്ലാം പ്രധാന കേന്ദ്രമായിരുന്നു പന്തളം.

News18 Malayalam

News18 Malayalam

  • Share this:
പാലക്കാട് നഗരസഭയ്ക്ക് പിന്നാലെ സംസ്ഥാനത്ത് രണ്ടാമതൊരു നഗരസഭ കൂടി ബിജെപി ഭരണത്തിന് വേദിയാവുകയാണ്. ഇടതുഭരണം നിലനിന്ന പന്തളം നഗരസഭയാണ് ഇത്തവണത്തെ തദ്ദേശ തെര‍ഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുത്തത്. 33 സീറ്റുകളുള്ള നഗരസഭയിൽ 18 സീറ്റുകളാണ് ബിജെപി നേടിയത്. ഭരണകക്ഷിയായ എൽഡിഎഫ് വിജയം ഒൻപത് സീറ്റുകളിലൊതുങ്ങി. യുഡിഎഫിന് അഞ്ച് സീറ്റുകളിൽ മാത്രമാണ് ജയിക്കാനായത്. ഒരിടത്ത് സ്വതന്ത്ര സ്ഥാനാർഥിക്കാണ് ജയം. 2015ൽ 14 സീറ്റുകൾ നേടിയാണ് ഇടതുമുന്നണി അധികാരത്തിലെത്തിയത്.

Also Read- തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി ജില്ലാ അധ്യക്ഷൻ വി.വി രാജേഷ് വിജയിച്ചു

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ പ്രതിഷേധം ഇത്തവണ ഇവിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീനിച്ചുവെന്നാണ് ഫലം കാണിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് പന്തളം.

2015 ജനുവരി 14നാണ് ഈ നഗരസഭ നിലവിൽ വന്നത്. പന്തളം, പന്തളം തെക്കേക്കര എന്നീ പഞ്ചായത്തുകൾ കൂട്ടിച്ചേർത്താണ് നഗരസഭയുണ്ടായത്. ശബരിമല അയ്യപ്പന്റെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന പന്തളം കൊട്ടാരവും വലിയ കോയിക്കൽ ശാസ്താക്ഷേത്രവും ഉൾപ്പെടെ ഒട്ടേറെ ക്ഷേത്രങ്ങൾ ഈ നഗരസഭയിലാണ്.

Also Read- ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡുകളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ തോറ്റു

അയ്യപ്പനും ശബരിമലയും പൊതുവെ വികാരമായി കാണുന്ന ജനതയാണ് പന്തളത്തിലേത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും തുടർന്നുള്ള പ്രതിഷേധങ്ങളിലുമെല്ലാം പ്രധാന കേന്ദ്രമായിരുന്നു പന്തളം. അരലക്ഷത്തോളം വനിതകൾ പങ്കെടുത്ത നാമജപ ഘോഷയാത്രക്ക് ആദ്യം വേദിയായതും പന്തളമായിരുന്നു.

'ആചാര ലംഘകർക്ക് വോട്ടില്ല' എന്നെഴുതിയ ബോർഡുകൾ പന്തളം നഗരസഭയിലെ പല വീടുകൾക്ക് മുന്നിലും പ്രത്യക്ഷമായത് വാർത്തയായിരുന്നു. ശബരിമല പ്രതിഷേധ പരിപാടികളിലെല്ലാം വലിയതോതിൽ സ്ത്രീ പങ്കാളിത്തം പന്തളത്ത് ദൃശ്യമായിരുന്നു. ഇത് സ്ത്രീ വോട്ടർമാരെ സ്വാധീനിച്ചതായി സൂചനയുണ്ട്. ഇതെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തേണ്ടത്. പന്തളം നഗരസഭയുടെ അതിർത്തി പ്രദേശമായ കുളനാട് പഞ്ചായത്തിൽ ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. ഈ സ്വാധീനവും പന്തളത്തിന്റെ പുതിയ രാഷ്ട്രീയ ഭാഗധേയത്തിൽ നിർണായകമായി.

Also Read- പാലക്കാടിന് പിന്നാലെ പന്തളം നഗരസഭയും ബിജെപി പിടിച്ചെടുത്തു

കോൺഗ്രസ് ക്ഷയിച്ച് യുഡിഎഫ് നിറം മങ്ങിയതും ബിജെപിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. വിവിധ ഹിന്ദു വിഭാഗങ്ങളിലെ യുവ വോട്ടർമാർ ബിജെപിയിലേക്കും സിപിഎമ്മിലേക്കും ആകർഷിക്കപ്പെട്ടതാണ് യുഡിഎഫിന് വലിയ ക്ഷീണമായത്.

ശബരിമലയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന പന്തളത്തെ തീർത്ഥാടന കേന്ദ്രമായി മാറ്റാൻ ദേവസ്വം ബോർഡ് പറഞ്ഞിട്ടും നിസംഗ മനോഭാവമാണ് നഗരസഭാ ഭരണ സമിതി സ്വീകരിച്ചതന്ന വിമർശനം ബിജെപി അടക്കം ഉന്നയിച്ചിരുന്നു. 100 കണക്കിന് ഹെക്ടർ തരിശുഭൂമി വെറുതേ കിടക്കുന്നുവെന്നും പ്രളയത്തിൽ നഷ്ടം നേരിട്ട വ്യാപാരികൾക്ക് സഹായം നൽകിയില്ലെന്നുമുള്ള പ്രചാരണങ്ങളും ഇടതുമുന്നണിക്ക് തിരിച്ചടിയായിട്ടുണ്ട്. ഈ ചരിത്രവിജയത്തോടെ മധ്യകേരളത്തിലെ ബിജെപിയുടെ പ്രധാന ശക്തി കേന്ദ്രമായി പന്തളം മാറിയിരിക്കുകയാണ്.
Published by:Rajesh V
First published: