Gold Smuggling Case | 'പോയിൻ്റ് ഓഫ് കോൺടാക്ടായി മുഖ്യമന്ത്രി എന്നെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തി' ശിവശങ്കറിന്റെ മൊഴി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ക്ലിഫ് ഹൗസിലാണോ ഈ കൂടിക്കാഴ്ച്ച നടന്നതെന്ന ചോദ്യത്തിന് ഓർമ്മയില്ലെന്നായിരുന്നു ശിവശങ്കറിന്റെ മൊഴി.
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് തന്നെ പോയിന്റ് ഓഫ് കോൺടാക്ടായി മുഖ്യമന്ത്രി പരിചയപ്പെടുത്തിയെന്ന് അന്വേഷണ സംഘത്തോട് സമ്മതിച്ച് എം. ശിവശങ്കർ. 2017ൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച് കോൺസുലേറ്റ് ജനറലുമായുള്ള കൂടിക്കാഴ്ച്ചക്കിടെ മുഖ്യമന്ത്രി ശിവശങ്കറിനെ പരിചയപ്പെടുത്തിയെന്നായിരുന്നു സ്വപ്നയുടെ മൊഴി. സർക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ശിവശങ്കറിനെ കണ്ടാൽ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇതാണ് ഇപ്പോൾ ശിവശങ്കർ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം ക്ലിഫ് ഹൗസിലാണോ ഈ കൂടിക്കാഴ്ച്ച നടന്നതെന്ന ചോദ്യത്തിന് ഓർമ്മയില്ലെന്നായിരുന്നു ശിവശങ്കറിന്റെ മൊഴി. സ്വർണം അടങ്ങിയ ബാഗേജ് പിടിക്കപ്പെട്ടപ്പോൾ സ്വപ്ന സഹായം അഭ്യർത്ഥിച്ച് പല തവണ വിളിച്ചിരുന്നെന്നും ശിവശങ്കർ സമ്മതിക്കുന്നുണ്ട്. എന്നാൽ താൻ സഹായിച്ചില്ല. സ്വപ്നയ്ക്കൊപ്പം മൂന്നു തവണ മാത്രമാണ് വിദേശയാത്ര നടത്തിയതെന്നും ശിവശങ്കർ മൊഴി നൽകി.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അല്ലാതെയും താന്‍ പല തവണ ശിവശങ്കറെ കണ്ടിട്ടുണ്ടെന്ന സ്വപ്നയുടെ മൊഴി ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹം പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. സരിത്, സന്ദീപ് എന്നിവരെ സ്വപ്നയുടെ സാന്നിധ്യത്തിലാണ് കണ്ടത്. തൻ്റെ സാന്നിധ്യത്തിലാണ് സ്വപ്ന പണം അടങ്ങിയ ബാഗ് ലോക്കറിൽ വയ്ക്കാനായി ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് കൈമാറിയത്. എന്നാൽ ഇതിൽ എത്ര തുകയുണ്ടെന്ന് തനിക്ക് അറിയില്ല. സ്പേസ് പാർക്കിൽ ജോലി ലഭിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന സ്വപ്നയുടെ മൊഴിയും ശിവശങ്കർ നിഷേധിക്കുന്നു.
advertisement
സ്വപ്നയുമായും കുടുംബവുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ശിവശങ്കരൻ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു. പിറന്നാൾ സൽക്കാരങ്ങളിൽ പല തവണ പങ്കെടുത്തിട്ടുണ്ട്. യു. എ. ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പല തവണ കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്. എന്നാൽ സ്വർണ്ണക്കടത്ത് പിടികൂടിയ ശേഷമാണ് സ്വപ്നയ്ക്കും കൂട്ടാളികൾക്കും ഇതിൽ പങ്കുണ്ടെന്ന് അറിയുന്നത്. അതിനു ശേഷം സ്വപ്നയെ വിളിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ല.
സ്വർണ്ണക്കടത്തും തൻ്റെ വാട്സ് ആപ് സന്ദേശങ്ങളുമായി ബന്ധമില്ലെന്ന് ശിവശങ്കർ നേരത്തെ മുൻകൂർ ജാമ്യ ഹർജിയിൽ കോടതിയെ കോടതിയെ അറിയിച്ചിരുന്നു. സ്വർണക്കടത്ത് ആരംഭിക്കുന്നത് 2019 നവംബറിൽ ആണെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. അതിന് മുൻപാണ് ചാർട്ടേഡ് അക്കൗണ്ടൻറുമായുള്ള തൻ്റെ വാട്സ് ആപ് ചാറ്റുകളെന്നും ശിവശങ്കർ വ്യക്തമാക്കുന്നു.
advertisement
തൻ്റെ ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലുമായി 25 വർഷത്തിലധികം ബന്ധമുണ്ട്. ചാർട്ടേർഡ് അക്കൗണ്ടൻ്റിൻ്റെ മറ്റ് പണമിടപാടുകളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു. കുറ്റപത്രത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കും വിധം വാട്സ് ആപ് സന്ദേശത്തെ സ്വർണ്ണക്കടത്തുമായി ഇ.ഡി. ബന്ധിപ്പിച്ചിരിക്കുന്നു. താനും ചാർട്ടേർഡ് അക്കൗണ്ടൻ്റിനെയും സ്വർണ്ണക്കടത്തിൽ പങ്കാളികളാണെന്ന് വരുത്തി തീർക്കാൻ മനപൂർവ്വം ശ്രമം നടക്കുന്നതായി ശിവശങ്കർ ആരോപിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 18, 2020 9:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case | 'പോയിൻ്റ് ഓഫ് കോൺടാക്ടായി മുഖ്യമന്ത്രി എന്നെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തി' ശിവശങ്കറിന്റെ മൊഴി