കോഴിക്കോട്: ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടത്തിയ  റെയ്ഡുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരായ നടപടികളിൽ നിന്നും പിൻവാങ്ങി സംസ്ഥാന ബാലാവകാശ കമ്മിഷൻ. സംഭവത്തിൽ ബിനീഷ് കോടിയേരിയുടെ മകളുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടിട്ടില്ലെന്നും സാധാരണ നടപടിക്രങ്ങളുടെ ഭാഗമായാണ് പരാതി കിട്ടിയപ്പോൾ സ്ഥലം സന്ദർശിച്ചതെന്നും കമ്മിഷൻ അംഗം കെ. നസീർ വ്യക്തമാക്കി.

ബാലാവകാശം സംബന്ധിച്ച് ബിനീഷിന്റെ ബന്ധുക്കൾ നൽകിയ പരാതി അന്നു തന്നെ തീർപ്പാക്കിയെന്നും നസീർ പറയുന്നു. ബെംഗളുരു മയക്ക് മരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ഇ.ഡി ബിനീഷിന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയത്. ബനീഷിന്റെ ഭാര്യയും മകളും മാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. എന്നാൽ പരിശോധന നീണ്ടതോടെ കുട്ടിയുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടെന്നു കാട്ടി ബന്ധുക്കൾ ബാലാവകാശ കമ്മിഷനെ സമീപിച്ചു. തുടർന്ന് കമ്മിഷൻ ചെയർമാൻ ഉൾപ്പെടെയുള്ളവർ ബിനീഷിന്റ വീട്ടിലെത്തി.

Also Read ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്ന് അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് ലഭിച്ചെന്ന് ഇഡി കോടതിയിൽ

കമ്മിഷൻ എത്തിയതിനു പിന്നാലെ ബിനീഷിന്റെ ഭാര്യയും കുഞ്ഞും വീടിന് പുറത്തേക്ക് വരുകയും രണ്ടരവയസ്സുള്ള കുഞ്ഞിന് ഉറങ്ങാൻ പോലും കഴിഞ്ഞില്ലെന്നും ആരോപിച്ചിരുന്നു. തുടർന്ന് ബാലാവകാശ കമ്മിഷൻ ഇ.ഡിയോട് വിശദീകരണം തേടി. എന്നാൽ ഇക്കാര്യത്തിൽ ഇ.ഡി വിശദീകരണമെന്നും നൽകാൻ തയാറായില്ല. ഇതിനു പിന്നാലെയാണ് പരാതി അന്നു തന്നെ തീർപ്പാക്കിയെന്ന് കമ്മിഷൻ അംഗം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

കമ്മിഷന്റെ ഇടപെടലിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പരാതി കിട്ടിയുടൻ സ്ഥലത്തെത്തിയ കമ്മിഷൻ വാളയാർ കേസിൽ എവിടെയായിരുന്നെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചിരുന്നു.