• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹൈക്കോടതി പറഞ്ഞിട്ടും പി വി അൻവറിനെ തൊടാൻ ഭയന്ന് ജില്ലാ കളക്ടർ; തടയണ വീണ്ടും കോടതി കയറുന്നു

ഹൈക്കോടതി പറഞ്ഞിട്ടും പി വി അൻവറിനെ തൊടാൻ ഭയന്ന് ജില്ലാ കളക്ടർ; തടയണ വീണ്ടും കോടതി കയറുന്നു

രണ്ടാഴ്ചയ്ക്കകം തടയണയിലെ വെള്ളം പൂര്‍ണ്ണമായും ഒഴുക്കി വിടണമെന്ന 2018 ജൂലൈ 10ന് അന്നത്തെ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

പി.വി അൻവർ

പി.വി അൻവർ

  • News18
  • Last Updated :
  • Share this:
    കോഴിക്കോട്: ചീങ്കണ്ണിപ്പാലിയില്‍ പി വി അന്‍വര്‍ എം എൽ എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണ പൂർണമായി പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട് നാല് മാസമായിട്ടും നടപടിയായില്ല. മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറ വില്ലേജിലാണ് ചീങ്കണ്ണിപ്പാലി.

    ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നെങ്കിലും കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
    പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് അബ്ദുല്‍ ലത്തീഫിന്റെ പേരില്‍ ചീങ്കണ്ണിപ്പാലിയിലുള്ള അനധികൃത തടയണ പൂര്‍ണ്ണമായി പൊളിച്ചുനീക്കാന്‍  2020 ജൂണ്‍ ഒമ്പതിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ദുരന്തനിവാരണ നിയമപ്രകാരം അടിയന്തിരമായി പൊളിച്ചു നീക്കാനായിരുന്നു കോടതി ഉത്തരവ്.

    എന്നാല്‍ നാല് മാസം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. തടയണ പൂര്‍ണ്ണമായി നീക്കം ചെയ്യുന്നതിനു മുമ്പ് ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും കോടതി നിര്‍ദേശമുണ്ട്. എന്നാല്‍, മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ സബ് കളക്ടറെ നിയോഗിച്ച് തടിയൂരുകയായിരുന്നെന്ന് പരാതിക്കാരനായ എം പി വിനോദ് ആരോപിച്ചു. വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഹര്‍ജിക്കാരന്‍.

    You may also like:രണ്ടാം ലോകമഹായുദ്ധകാലത്ത് ആംബുലൻസ് ഡ്രൈവറായിരുന്ന വനിത; വേർപാട് 112 ആം വയസിൽ [NEWS]നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി; രണ്ട് മന്ത്രിമാര്‍ വിചാരണക്കോടതിയില്‍ ഹാജരാവണം [NEWS] ഓർഡർ ചെയ്തത് കബാബ്; വീട്ടിലേക്ക് കബാബുമായി എത്തിയത് പൊലീസ്, ഇടയ്ക്ക് നടന്നത് വമ്പൻ ട്വിസ്റ്റ് [NEWS]

    അനധികൃത തടയണ പൊളിച്ചു നീക്കാന്‍ 2019 ഏപ്രില്‍ പത്തിനാണ് ഹൈക്കോടതി ആദ്യം ഉത്തരവിടുന്നത്. എന്നാല്‍, തടയണ പൂര്‍ണ്ണമായി പൊളിക്കാന്‍ റവന്യു വകുപ്പ് അധികൃതര്‍ തയ്യാറായില്ല. എം പി വിനോദ് വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് 2020 ജൂണില്‍ വീണ്ടും കോടതി ഇടപെടല്‍ ഉണ്ടാകുന്നത്. ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണയെ സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തു കൊണ്ടു വന്നത് ന്യൂസ് 18 ആയിരുന്നു.

    ദുരന്തനിവാരണ നിയമപ്രകാരം തടയണ പൊളിക്കാന്‍ മുന്‍ മലപ്പുറം കളക്ടര്‍ അമിത് മീണ 2017 ഡിസംബര്‍ എട്ടിന് ഇറക്കിയ ഉത്തരവ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ശരി വച്ചിരുന്നു. വെറ്റിലപ്പാറ വില്ലേജിലെ ചീങ്കണ്ണിപ്പാലിയില്‍ സമുദ്രനിരപ്പില്‍ നിന്നും 2600 അടി ഉയരത്തില്‍ പി.വി അന്‍വര്‍ കരാര്‍ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്ക് ഒഴുകുന്ന കാട്ടരുവി തടഞ്ഞ് തടയണ കെട്ടിയത്.

    ഇത് പൊളിച്ചു നീക്കാന്‍ 2015 സെപ്തംബര്‍ ഏഴിന് അന്നത്തെ കളക്ടര്‍ ടി ഭാസ്‌ക്കരന്‍ ഉത്തരവിട്ടപ്പോള്‍ തടയണ കെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. 2016ല്‍ പി.വി അന്‍വര്‍ നിലമ്പൂര്‍ എം.എൽ.എയായതോടെ തടയണയില്‍ ബോട്ട് സര്‍വീസ് നടത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

    കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിന്റെ ഭാഗമായി തടയണയില്‍ ബോട്ട് സര്‍വീസ് ആരംഭിക്കാനായിരുന്നു പദ്ധതി. വാട്ടര്‍തീം പാര്‍ക്കില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് തടയണ. വേനല്‍ക്കാലത്ത് വാട്ടര്‍തീം പാര്‍ക്കിലേക്ക് വെള്ളമെത്തിച്ചതും തടയണയില്‍ നിന്നായിരുന്നു.



    തടയണ പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവ് നടപ്പാക്കുന്നില്ലെന്നു കാണിച്ച് നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് മലപ്പുറം കളക്ടര്‍ക്ക് 2017 മാര്‍ച്ച് 14ന് പരാതി നല്‍കി. ഈ പരാതിയില്‍ പെരിന്തല്‍മണ്ണ ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ വിഗദ്ഗ സമിതിയെ നിയോഗിച്ച് വിശദമായ തെളിവെടുപ്പും നടത്തി. തടയണയല്ല കുളമാണെന്നായിരുന്നു എം എൽ എയുടെ വാദം. എന്നാല്‍, ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചതോടെ കാട്ടരുവിയില്‍ തടയണ കെട്ടിയതാണെന്ന് തെളിഞ്ഞു.

    യാതൊരു അനുമതിയും ശാസ്ത്രീയ അടിത്തറയുമില്ലാതെ പ്രകൃതിദത്ത അരുവി തടഞ്ഞു നിര്‍ത്തി കേരള ഇറിഗേഷന്‍ ആൻഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് 2003, മൈന്‍സ് ആൻഡ് മിനറല്‍ (ഡെവലപ്‌മെന്റ് ആന്റ് റെഗുലേഷന്‍) ആക്ട് 1957 എന്നിവ ലംഘിച്ചാണ് തടയണ നിര്‍മ്മിച്ചതെന്നു കണ്ടെത്തിയാണ് ദുരന്തനിവാരണ നിയമപ്രകാരം 14 ദിവസത്തിനകം സ്വന്തം ചെലവില്‍ തടയണ പൊളിച്ചു നീക്കാന്‍ സി.കെ അബ്ദുല്‍ ലത്തീഫിനോട് കളക്ടര്‍ 2017 ഡിസംബര്‍ എട്ടിന് ഉത്തരവിട്ടത്.

    തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച് അന്‍വര്‍ എം എൽ എയുടെ ഭാര്യാപിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് തടയണ പൊളിക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.

    കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍  തടയണ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ എം പി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസില്‍ കക്ഷി ചേര്‍ന്നു.

    രണ്ടാഴ്ചയ്ക്കകം തടയണയിലെ വെള്ളം പൂര്‍ണ്ണമായും ഒഴുക്കി വിടണമെന്ന 2018 ജൂലൈ 10ന് അന്നത്തെ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഈ ഉത്തരവ് 10 മാസമായിട്ടും നടപ്പാക്കിയില്ല. ഇതോടെ സി.കെ അബ്ദുൽ ലത്തീഫ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍  വീഴ്ച വരുത്തിയെന്നു വിലയിരുത്തിയ ഹൈക്കോടതി തടയണ പൊളിച്ച് വെള്ളം തുറന്നുവിടാന്‍ മലപ്പുറം കളക്ടറോട് ഉത്തരവിടുകയായിരുന്നു.

    ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ തടയണയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നുവിട്ടിരുന്നു. എന്നാല്‍, തടയണ പൂര്‍ണമായും പൊളിച്ചിരുന്നില്ല. കേസ് പരിഗണിച്ചിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി സുപ്രീംകോടതി ജഡ്ജിയായി പോയതിനെ തുടര്‍ന്ന് പുതിയ ചീഫ് സെക്രട്ടറി എസ്. മണി കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. കക്കാടംപൊയിലില്‍ വെച്ച് പരാതിക്കാരൻ വിനോദ്  അക്രമിക്കപ്പെട്ടു.

    ഇതിനെതുടര്‍ന്ന് ഹൈക്കോടതി വിനോദിനും കുടുംബത്തിനും സായുധ പൊലീസ് സംരക്ഷണം അനുവദിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ ജില്ലാ ഭരണകൂടം തയ്യാറാവാത്തതിന് എതിരെ വീണ്ടും കോടതിയെ സമീപിക്കാൻ ഇരിക്കുകയാണ് എം പി വിനോദ്.
    Published by:Joys Joy
    First published: