സർക്കാരുമായുള്ള ഭിന്നത: റീബില്‍ഡ് കേരള സിഇഒ സ്ഥാനത്തുനിന്ന് ഡോ വേണുവിനെ മാറ്റി
- Published by:Anuraj GR
- news18-malayalam
Last Updated:
Rebuild Kerala CEO | പ്രേംകുമാറെന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥനുവേണ്ടി വാദിച്ചതിലൂടെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഡോ വേണുവിന് താര പരിവേഷമുണ്ടായെങ്കിലും നഷ്ടപ്പെട്ടത് മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എന്ന പ്രതിഛായയാണ്
തിരുവനന്തപുരം: ഡോ വേണു ഐഎഎസിനെ റീബില്‍ഡ് കേരള ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തുനിന്നും മാറ്റി. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ്‌കുമാര്‍ സിംഗാണ് പുതിയ സിഇഒ. റവന്യൂ സെക്രട്ടറിയായ ഡോ വേണു, റീബില്‍ഡ് കേരള അംഗമായി തുടരും. ഇന്നലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കിയത്. വേണുവിനേക്കാൾ ഒരു ബാച്ച് സീനിയറായ ഉദ്യോഗസ്ഥനാണ് രാജേഷ് കുമാർ സിങ്.
സ്ഥാനം തെറിപ്പിച്ചത് സര്‍ക്കാരുമായുള്ള ഭിന്നത
ഡോ വേണുവിനെ മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം നേരത്തെ പ്രതീക്ഷിച്ചിരുന്നതായിരുന്നു. സര്‍വ്വേ ഡയറക്ടറായിരുന്ന വി പ്രേംകുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ട് തന്റെ അതൃപ്തി പരസ്യമാക്കിയതോടെയാണ് സര്‍ക്കാരും ഡോ വേണുവും തമ്മിലുള്ള ഭിന്നത പുറത്തായത്. താന്‍ ചുമതല വഹിക്കുന്ന റവന്യൂ വകുപ്പിന്റെ കീഴിലുളള ഉദ്യോഗസ്ഥനെ മാറ്റിയ മന്ത്രിസഭതീരുമാനം പുനഃപരിശോധിക്കണമെന്നായിരുന്നു വേണുവിന്റെ ആവശ്യം.
യുവ ഐഎഎസ് ഉദ്യോഗസ്ഥനെ അടിക്കടി സ്ഥലം മാറ്റുന്നത് അത്മവിശ്വാസമില്ലാതാക്കുമെന്നും ചൂണ്ടികാട്ടി റവന്യൂ സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കി. ഡോ വേണുവിന്റെ നീക്കത്തിന് ഐഎഎസ് അസോസിയേഷന്റെ പിന്‍തുണയുമുണ്ടായിരുന്നു. പക്ഷേ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിച്ചില്ല, സ്ഥാനം മാറ്റിയ വി പ്രേംകുമാറിന് വ്യവസായ വാണിജ്യ ഡയറക്ടറായി നിയമിച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ റവന്യൂ സെക്രട്ടറി അവധിയില്‍ പ്രവേശിച്ചു.
advertisement
മന്ത്രിസഭതീരുമാനം തിരുത്തണമെന്ന് ഉദ്യാഗസ്ഥന്‍, അസാധാരണ നീക്കം
മന്ത്രിമാരുടെ കൗണ്‍സില്‍ ചേര്‍ന്നെടുത്ത തീരുമാനം തിരുത്തണമെന്ന് ഒരു ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുക, ഡോ വേണുവിന്റെ നീക്കം അസാധാരണമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വിലയിരുത്തിയത്. ചില മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും അസ്വാഭാവികത ചൂണ്ടികാട്ടി. മുഖ്യമന്ത്രിയോടോ ബന്ധപ്പെട്ടവരോടെ വ്യക്തിപരമായി അഭ്യര്‍ത്ഥിക്കുന്നതിന് പകരം രേഖാമൂലം കത്ത് നല്‍കാന്‍ വേണു തയ്യാറായി. റവന്യൂ സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് മന്ത്രിമാരില്‍ ചിലരും ആവശ്യപ്പെട്ടു. റവന്യൂവകുപ്പ് ചുതലയില്‍ നിന്ന് മാറ്റുമെന്നായിരുന്നു സൂചനയെങ്കിലും അതുണ്ടായില്ല. പകരം, അധിക ചുതല വഹിച്ചിരുന്ന റീബില്‍ഡ് കേരള സിഇഒ സ്ഥാനമാണ് തെറിച്ചത്.
advertisement
മുഖ്യമന്ത്രിയുടെ വിശ്വസ്തന് സ്ഥാനം പോയ കഥ
മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായി വളര്‍ന്നുവന്ന ഉദ്യോഗസ്ഥരില്‍ മുൻനിരക്കാരനാണ് ഡോ വേണു. ടൂറിസം സെക്രട്ടറി സ്ഥാനത്തുനിന്നും തന്ത്രപ്രധാനമായ റവന്യൂ സെക്രട്ടറിയിലേക്കുള്ള വളര്‍ച്ചയുണ്ടാകുന്നതിങ്ങനെയാണ്. പ്രളയത്തിനുശേഷം കേരള പുനര്‍മ്മാണത്തിനുവേണ്ടി റീബില്‍ഡ് കേരള എന്ന പുതിയ പദ്ധതിയുണ്ടായി. സര്‍ക്കാരിന്റെ അഭിമാന പദ്ധതിയുടെ നേതൃസ്ഥാനത്ത് ഡോ വേണുവിനെ ഇരുത്താന്‍ മുഖ്യമന്ത്രിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിപോലും വന്നിട്ടുണ്ടാവില്ല. പ്രേംകുമാറെന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥനുവേണ്ടി വാദിച്ചതിലൂടെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഡോ വേണുവിന് താര പരിവേഷമുണ്ടായെങ്കിലും നഷ്ടപ്പെട്ടത് മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എന്ന പ്രതിഛായയാണ്.
advertisement
TRENDING:Triple Drug Terapy | മൂന്നു മരുന്നുകൾ ചേർത്തുള്ള ചികിത്സ കോവിഡ് പ്രതിരോധത്തിൽ പുതിയ പ്രതീക്ഷയാകുന്നു [NEWS]കുഞ്ഞിരാമായണം ഒരു 'ഹൊറർ' ചിത്രമായിരുന്നെങ്കിലോ? വൈറലായി പുതിയ ട്രെയിലര്‍ [NEWS]'രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകിയത് അമ്മ പകർന്നു തന്ന ആത്മബലം'; മാതൃദിനത്തിൽ അമ്മയെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി [NEWS]
അതേസമയം ഡോ വേണുവിനെ മാറ്റിയതിന് പിന്നില്‍ അസ്വാഭാവികത ഇല്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഭരണപരമായ സ്വാഭാവിക ചലനങ്ങള്‍ മാത്രമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. എന്നാല്‍ ഡോ വേണുവുമായുള്ള അതൃപ്തിക്ക് പുറമെ റീബില്‍ഡ് കേരളയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് തൃപ്തിയുണ്ടായിരുന്നില്ലെന്നാണ് സൂചന. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്നത് ഏകോപനത്തിലെ വീഴ്ച മൂലമാണെന്നാണ് പരാതി. ചീഫ് സെക്രട്ടറി ടോം ജോസ് അടുത്തമാസം സ്ഥാനമൊഴിയും. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥ തലത്തില്‍ വരുന്ന മാറ്റങ്ങളുടെ ഭാഗമാണ് ഡോ വേണുവിന്റെ മാറ്റമെന്നും സൂചനയുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 10, 2020 12:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർക്കാരുമായുള്ള ഭിന്നത: റീബില്‍ഡ് കേരള സിഇഒ സ്ഥാനത്തുനിന്ന് ഡോ വേണുവിനെ മാറ്റി