കോട്ടയം: ലോക്ക് ഡൗണിൽ ജനങ്ങളാകെ പ്രതിസന്ധിയിൽ നിൽക്കുന്ന ഘട്ടത്തിലാണ് മുണ്ടക്കയത്ത് മദ്യ വില്പന തകൃതിയായി നടന്നത്. നാട്ടിലാകെ വ്യാജവാറ്റ് പെരുകിയത് പിടികൂടുന്ന തിരക്കിലായിരുന്നു എക്സൈസ്. അതിനിടെയാണ് മുണ്ടക്കയത്ത് ബിവറേജസ് കോർപ്പറേഷൻ നടത്തുന്ന സർക്കാർ മദ്യ വില്പന ശാലയിൽ നിന്നു തന്നെ വൻതോതിൽ മദ്യം കടത്തിയതായി കണ്ടെത്തിയത്. കഴിഞ്ഞദിവസം നടന്ന കണക്കെടുപ്പിൽ ആയിരം ലിറ്ററിലധികം മദ്യം വിറ്റതായി എക്സൈസ് സ്ഥിരീകരിച്ചു.
ലോക്ക്ഡൗൺ ആരംഭിച്ചതോടെ മലയോര മേഖലയിൽ വ്യാപകമായി വിദേശമദ്യം കിട്ടുന്നതായി വാർത്തകളുണ്ടായിരുന്നു. ഇതേത്തുർന്നാണ് എക്സൈസ് സംഘം സംഭവത്തിൽ ഇടപെട്ടത്. മുണ്ടക്കയം ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും ചില ജീവനക്കാരുടെ ഒത്താശയില്‍ മദ്യം പുറത്തെത്തിച്ച് വിൽപന നടത്തുന്നു എന്നായിരുന്നു വിവരം. ഇതിനെത്തുടർന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ എ. സുല്‍ഫിക്കറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഉത്തരവ് പുറത്തിറങ്ങിയ അന്നുതന്നെ എക്‌സൈസ് സി.ഐ. സജീവ്കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. തുടർന്ന് വിദഗ്ധ പരിശോധന നടത്തുന്നതിനായി ഔട്‌ലറ്റ് പൂട്ടി സീല്‍ചെയ്ത് മടങ്ങുകയായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ് മദ്യം കടത്തിയിരുന്നതായി സ്ഥിരീകരിച്ചത്. എക്‌സൈസും ബീവറേജ് ഓഡിററ് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. ആയിരം ലിറ്ററിലധികം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. വെയര്‍ഹൗസില്‍ നിന്നും ഔട്‌ലറ്റിലേയ്ക്ക് കൊണ്ട് വന്ന മദ്യത്തിന്റെ കണക്ക് കൂടി സംഘം പരിശോധിക്കും. ഇതു കൂടി പുറത്തു വന്നാൽ മാത്രമേ അന്തിമ കണക്ക് വ്യക്തമാകൂ എന്നാണ് എക്സൈസ് അറിയിക്കുന്നത്. കുറ്റക്കാരായ ജീവനക്കാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും എക്സൈസ് വ്യക്തമാക്കുന്നു.
പത്തുലക്ഷം രൂപയുടെ കുറവും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതായി എക്സൈസ് അറിയിച്ചു. ചില ജീവനക്കാരുടെ ഇടപെടൽ മദ്യക്കടത്ത് പിന്നിലുണ്ടെന്നാണ് സംശയിക്കുന്നത്. ജീവനക്കാരെ ചോദ്യം ചെയ്ത് സംഭവത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരാൻ ആണ് എക്സൈസ് ശ്രമം.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സൂരജ്, സഞ്ജീവ്കുമാര്‍, ബീവറേജ് കോര്‍പ്പറേഷന്‍ ഓഡിറ്റ് വിഭാഗം പ്രതിനിധികളായ കെ.സി. പ്രദീപ്കുമാര്‍, സി.വി ലിബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.
Also Read സംസ്ഥാനത്ത് നാളെ മുതൽ ലോക്ഡൗൺ ലഘൂകരിക്കും; മദ്യശാലകൾ തുറക്കും; ഇളവുകൾ അറിയാം
സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വന്നാലുടൻ ക്രമക്കേട് നടത്തി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് ബിവറേജസ് കോർപറേഷൻ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ജില്ലയിലെ മറ്റേതെങ്കിലും കേന്ദ്രങ്ങളിൽ ഇത്തരത്തിൽ വിൽപന നടന്നോ എന്ന കാര്യം കൂടി പരിശോധിക്കാൻ ഒരുങ്ങുകയാണ് എക്സൈസ്. ലോക്ക് ഡൗൺ ഇളവ് വന്ന് മദ്യവിൽപ്പനശാലകൾ തുറക്കുന്ന സാഹചര്യത്തിൽ കേന്ദ്രങ്ങളിൽ കണക്കെടുപ്പ് നടത്താനാണ് ആലോചന.
ക്രമക്കേടുകൾ കണ്ടുപിടിക്കപ്പെട്ട സാഹചര്യത്തിൽ മുണ്ടക്കയം ഔട്ട്ലെറ്റ് ഉടൻ തുറക്കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. ഏതായാലും സംഭവത്തിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാനാണ് എക്സൈസും ബിവറേജസ് കോർപ്പറേഷനു ശ്രമിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bevco outlets, Excise raid, Lockdown