# രാജേഷ് വെമ്പായം
അഴീക്കോട് മണ്ഡലത്തിൽ മുസ്ലിംലീഗിലെ കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി ആഴ്ചകൾ കഴിയുമ്പോഴാണ് കൊടുവള്ളിയിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖിനും കോടതിയിൽ നിന്നും സമാനമായ തിരിച്ചടി നേരിടുന്നത്. ഇതോടെ മലബാറിലെ രണ്ട് അസംബ്ലി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ് റദ്ദ് ചെയ്യപ്പെട്ടത്. എംഎൽഎ പദവി പൂർണ അർത്ഥത്തിൽ നിലനിർത്തുന്നതിന് കെ.എം. ഷാജിയെ പോലെ തന്നെവലിയ നിയമപോരാട്ടത്തിന് കാരാട്ട് റസാഖിനും ഇനി ഇറങ്ങേണ്ടിവരും. ഈ രണ്ട് മണ്ഡലത്തിലും തങ്ങളെ വിജയികളായി പ്രഖ്യാപിക്കണമെന്ന എതിർ സ്ഥാനാർത്ഥികളായ എം.വി. നികേഷ് കുമാറിന്റെയും എം.എ. റസാഖിന്റെയും ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. പരമോന്നത കോടതിയിലെ അന്തിമവിധി എതിരായാൽ ഈ മണ്ഡലങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടി വരുമോ എന്നാണ് ഇനി അറിയേണ്ടത്. മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുള്‍ റസാഖിന്‍റെ അപ്രതീക്ഷിത നിര്യാണത്തെ തുടര്‍ന്ന് ആ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയുമുണ്ട്. ഈ മൂന്ന് മണ്ഡലങ്ങളും മുസ്ലിംലീഗ് മത്സരിക്കുന്ന സീറ്റുകളാണെന്നതാണ് പ്രത്യേകത.
കൊടുവള്ളിയിൽ സംഭവിച്ചത് ?
കൊടുവള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ എം.എ.റസാഖിനെതിരെ 2006ലെ തട്ടിപ്പ് കേസ് കുത്തിപ്പൊക്കി കൊണ്ടുവന്ന് നടത്തിയ പ്രചരണമാണ് ഇപ്പോൾ തിരിച്ചടിയായത്. വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായിരുന്ന എം.എ. റസാഖ് 20,000 രൂപ തട്ടിയെടുത്തു എന്നാരോപിച്ചാണ് അന്ന് പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചത്. പിന്നീട് കോടതിയിൽ കേസ് ഒത്തുതീർപ്പായി. എന്നാൽ 2016ൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പരാതിക്കാരനെ കൊണ്ട് റസാഖ് തട്ടിപ്പുകാരനാണെന്ന് പറയിപ്പിക്കുകയും അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ് ലീഗിന്റെ പരാതി. തെരഞ്ഞെടുപ്പ് കാലത്ത് ഈ വീഡിയോ മണ്ഡലത്തിലുടനീളം പ്രചരിപ്പിക്കപ്പെട്ടുവെന്നും ലീഗ് കോടതിയിൽ വാദിച്ചു. തങ്ങളുടെ പരാതി ശരിയാണെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിന് ശക്തമായ തെളിവുകളും യുഡിഎഫ് ശേഖരിച്ചിരുന്നു. ഇതാണ് കോടതിയിൽ നിന്ന് അവർക്ക് അനകൂലവിധി വരുന്നതിന് കാരണമായത്.
കൊടുവള്ളിയില്‍ എല്‍ഡിഎഫിന്‍റെ പേരില്‍ പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഉപയോഗിച്ചാണ് എം.എ. റസാഖിനെതിരായ പ്രചരണം നടത്തിയത്. ഇതിന്റെ വീഡിയോ-ഓഡിയോ തെളിവുകൾ ഹൈക്കോടതിയില്‍ ലീഗ് ഹാജരാക്കി. ഇത്തരമൊരു വീഡിയോ നിര്‍മ്മിച്ചതിന്റെ ചെലവ് കാരാട്ട് റസാഖ് തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധിപ്പിച്ചിട്ടില്ലെന്നും കോടതി കണ്ടെത്തി. എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിത്വം വഹിച്ച ഒരു സിപിഎം നേതാവ് പൊതുയോഗത്തില്‍ എം.എ. റസാഖിനെതിരെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ വീഡിയോയും കോടതിക്ക് മുന്നിലെത്തി. ഇതാണ് പരാതി ശരിവയ്ക്കാനും തെരഞ്ഞെടുപ്പ് റദ്ദാക്കാനും കാരണമായത്.
അഴീക്കോട് സംഭവിച്ചത് ?
2016ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വര്‍ഗീയ സ്വഭാവമുള്ള പ്രചരണനോട്ടീസുകൾ പിടിച്ചെടുത്തതാണ് കെ.എം. ഷാജിക്ക് തിരിച്ചടിയായത്. വർഗീയ പ്രചാരണം നടത്തിയാണ് അഴീക്കോട് മണ്ഡലത്തിൽ വിജയിച്ചതെന്ന് വിലയിരുത്തിയാണ് കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് നവംബർ ഒമ്പതിന് ഹൈക്കോടതി റദ്ദാക്കിയത്. എതിർ സ്ഥാനാർത്ഥി സി.പി.എമ്മിലെ എം.വി. നികേഷ് കുമാറിന്റെ ഹർജിയിലായിരുന്നു ഉത്തരവ്. യു.ഡി.എഫുകാരിയായ വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.പി. മനോരമയുടെ വീട്ടിൽ നിന്നാണ് വിവാദ ലഘുലേഖകൾ പിടിച്ചെടുത്തതെന്ന എസ്.ഐ ശ്രീജിത്തിന്റെ സാക്ഷിമൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. എന്നാൽ, മനോരമയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ലഘു ലേഖകളുടെ വിവരങ്ങൾ വ്യക്തമാക്കി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ടിൽ ഇവ ഉൾപ്പെട്ടിട്ടില്ലെന്ന് കാട്ടി കെ.എം. ഷാജി കോടതിയിൽ ഹർജി നൽകി. നിലവിൽ കണ്ണൂർ ടൗൺ എസ്.ഐയായ ശ്രീജിത്ത് ഇക്കാര്യം മറച്ചുവെച്ച് ബോധപൂർവം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന വാദമാണ് ഷാജി ഉന്നയിക്കുന്നത്. പൊലീസ് പിടിച്ചെടുത്ത ഈ നോട്ടീസുകൾ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയോ മുസ്ലിംലീഗ് പ്രവർത്തകരോ അടിച്ചതാണെന്ന് സ്ഥാപിക്കുന്നതിന് എന്തു തെളിവാണുള്ളതെന്ന ചോദ്യമാണ് സുപ്രീംകോടതിയിലും കെ.എം. ഷാജി ഉയർത്തുക.
മഞ്ചേശ്വരത്ത് സംഭവിച്ചത്?
പി.ബി.അബ്ദുൾ റസാഖ് അന്തരിച്ചതോടെ, ഉപതെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് മുസ്ലിം ലീഗ് നേതാവ് അബ്ദുൾ റസാഖ് ബി.ജെ.പി. സ്ഥാനാർത്ഥി കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ഏപ്രിൽ 19നകം ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതാണെങ്കിലും റസാഖിന്റെ വിജയം ചോദ്യം ചെയ്ത് എതിർസ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വിധി അനുസരിച്ചാകും അന്തിമതീരുമാനം. മരിച്ചവരും വിദേശത്തുള്ളവരുമായ 291 പേരുടെ കള്ളവോട്ട് ചെയ്തതിനാലാണ് അബ്ദുൾ റസാഖ് ജയിച്ചതെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്റെ ഹർജിയിലുള്ളത്. റസാഖ് അന്തരിച്ചെങ്കിലും മറ്റു സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് കമ്മീഷനും കക്ഷികളായതിനാൽ കേസ് നിലനിൽക്കും. കേസ് സാങ്കേതികമായി അവസാനിക്കണമെങ്കിൽ സുരേന്ദ്രൻ ഹർജി പിൻവലിക്കണം.
ഇനി എന്ത്?
ഷാജിയ്ക്ക് പിന്നാലെ തന്റെ എംഎല്‍എ സ്ഥാനം നിലനിര്‍ത്താന്‍ സുദീര്‍ഘമായ നിയമപോരാട്ടാമായിരിക്കും ഇനി കാരാട്ട് റസാഖിനും ഇടതുമുന്നണിക്കും നടത്തേണ്ടി വരിക. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ കെ.എം. ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിലപാടെടുത്തിരുന്നു. എന്നാല്‍ പിന്നീട് സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ഉത്തരവ് വാങ്ങിയാണ് ഷാജി സഭാസമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനത്തിൽ പങ്കെടുക്കാനും രജിസ്റ്ററിൽ ഒപ്പിടാനും അനുവദിച്ച കോടതി, വോട്ടെടുപ്പിൽ പങ്കെടുക്കാനോ ആനുകൂല്യങ്ങൾ കൈപ്പറ്റാനോ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. സുപ്രധാനമായ ബജറ്റ് സമ്മേളനം ഈ മാസം അവസാനം ആരംഭിക്കാനിരിക്കെ കാരാട്ട് റസാഖിനും സഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് നിയമപോരാട്ടം വേണ്ടിവന്നേക്കും. വ്യത്യസ്ത സ്വഭാവമുള്ള കേസുകളാണെങ്കിലും സുപ്രീംകോടതിയിൽ നിരത്തുന്ന തെളിവുകളുടെ വിശ്വാസ്യതയാകും രണ്ട് മണ്ഡലത്തിന്റയും ഭാവി നിർണയിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.