• HOME
 • »
 • NEWS
 • »
 • kerala
 • »
 • കെ.എസ്. ശബരിനാഥനെ വീഴ്ത്തി ജി. സ്റ്റീഫൻ; അരുവിക്കരയിൽ സിപിഎം വിജയം 30 വർഷത്തിനുശേഷം

കെ.എസ്. ശബരിനാഥനെ വീഴ്ത്തി ജി. സ്റ്റീഫൻ; അരുവിക്കരയിൽ സിപിഎം വിജയം 30 വർഷത്തിനുശേഷം

കെ എസ് ശബരിനാഥനെ 6000ത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിപിഎം സ്ഥാനാർഥിയായ ജി. സ്റ്റീഫൻ ഇത്തവണ ഇടത് പാളയത്തിലേക്ക് അരുവിക്കരയെ ചേർത്തത്.

ജി സ്റ്റീഫൻ, കെ എസ് ശബരിനാഥൻ

ജി സ്റ്റീഫൻ, കെ എസ് ശബരിനാഥൻ

 • Last Updated :
 • Share this:
  തിരുവനന്തപുരം: അരുവിക്കരയിലെ മൂന്നുപതിറ്റാണ്ടുനീണ്ട യുഡിഎഫിന്റെ അശ്വമേധത്തിന് കടിഞ്ഞാണിട്ട് അഡ്വ. ജി. സ്റ്റീഫൻ. സിറ്റിങ് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറുമായ കെ എസ് ശബരിനാഥനെ 6000ത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിപിഎം സ്ഥാനാർഥിയായ ജി. സ്റ്റീഫൻ ഇത്തവണ ഇടത് പാളയത്തിലേക്ക് അരുവിക്കരയെ ചേർത്തത്. മണ്ഡലം മുൻപ് ആര്യനാട് എന്ന പേരിലായിരുന്നപ്പോഴും യുഡിഎഫിന്റെ കുത്തക മണ്ഡലമായിരുന്നു.

  2016ൽ ശക്തമായ ഇടത് തരംഗത്തിലും ഒലിച്ചുപോകാതെ തലസ്ഥാനത്ത് യുഡിഎഫിനൊപ്പം ഉറച്ച് നിന്ന മണ്ഡലങ്ങളിലൊന്നായിരുന്നു അരുവിക്കര. കഴിഞ്ഞ തവണ സിപിഎമ്മിന്റെ എ എ റഷീദിനെ 21,314 വോട്ടിന് പരാജയപ്പെടുത്തിയാണ് ശബരിനാഥൻ രണ്ടാം തവണയും നിയമസഭയിലെത്തിയത്. എന്നാൽ മൂന്നാം ഊഴത്തിൽ മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന ജി. കാർത്തികേയെൻറ മകന് പിഴച്ചു. കാലാകാലമായി യുഡിഎഫിനൊപ്പം നിന്ന നാടാർ വോട്ടുകൾ ഇത്തവണ കോൺഗ്രസിനെ കൈയൊഴിഞ്ഞതാണ് ശബരിക്ക് തിരിച്ചടിയായത്. അരുവിക്കര, കുറ്റിച്ചൽ, പൂവച്ചൽ പഞ്ചായത്തുകളിലെ നല്ലൊരു ശതമാനം നാടാർ വോട്ടുകളും സ്റ്റീഫനിലേക്ക് കേന്ദ്രീകരിച്ചുവെന്നാണ് കണക്കുകൾ കാണിക്കുന്നത്.

  Also Read- 'ആ അക്കൗണ്ട് ക്ലോസ് ചെയ്തു' ബിജെപിയില്ലാത്ത കേരള നിയമസഭ

  കഴിഞ്ഞ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ തന്നെ യുഡിഎഫിനുള്ളിൽ ചില അസ്വാരസ്യമുണ്ടായിരുന്നു. അത് ഇത്തവണ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും നിഴലിച്ചിരുന്നു. മുന്നണിക്കുള്ളിലെ ഈ തർക്കം മുതലെടുത്ത് മണ്ഡലത്തിൽ തുടക്കം മുതൽ തന്നെ ചിട്ടയായ പ്രവർത്തനം നടത്താൻ ഇടതുസ്ഥാനാർഥി സ്റ്റീഫന് കഴിഞ്ഞു.

  കുഞ്ഞുംനാളിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട ജി. സ്റ്റീഫൻ പഠനകാലത്ത് അന്തിയുറങ്ങിയത് സിപിഎം കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസിലാണ്. ബാലസംഘം അംഗമായിരിക്കെ കുളത്തുമ്മൽ ഗവ. ഹൈസ്കൂൾ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സജീവസംഘടന പ്രവർത്തനരംഗത്തേക്ക് വരുന്നത്. ബാലസംഘം ഏരിയാ പ്രസിഡൻറ്, ജില്ലാ കമ്മിറ്റി അംഗം, എസ്എഫ്ഐ കാട്ടാക്കട ഏരിയാ പ്രസിഡന്റ്, സെക്രട്ടറി, ജില്ല ജോ. സെക്രട്ടറി, സിപിഎം കിള്ളി ബ്രാഞ്ച് സെക്രട്ടറി, കാട്ടാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നിന്ന് യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട് 95- 96- ൽ കേരള സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറിയായി. 97- 2000 വരെ കേരള സർവകലാശാല സെനറ്റ് അംഗമായും അക്കാദമിക് കൗൺസിൽ അംഗമായും പ്രവർത്തിച്ചു.

  Also Read- 'തൃത്താലയുടെ ജനവിധി വിനയ പുരസ്സരം അംഗീകരിക്കുന്നു'; പുതിയ കേരള സർക്കാരിന് ആശംസകൾ നേർന്ന് വി ടി ബൽറാം

  22ാം വയസ്സിൽ കന്നിയങ്കത്തിൽ കാട്ടാക്കട പഞ്ചായത്തിലെ കിള്ളി വാർഡിൽ അന്നത്തെ തലമുതിർന്ന കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന കെ. ചെല്ലപ്പനാശാരിയെ 297 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് പാർലമെന്ററി രംഗത്തേക്ക്. ആ വർഷം പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനായി. തുടർന്ന് മൂന്നേകാൽ വർഷം കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി.

  2010ൽ എട്ടിരുത്തി വാർഡിൽനിന്ന് മത്സരിച്ച് വിജയിച്ച് വീണ്ടും അഞ്ചു വർഷം കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്‍റായി. 2015ൽ കാട്ടാക്കട ബ്ലോക്ക് ഡിവിഷനിൽ നിന്ന് വിജയിച്ച് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനായി. വിദ്യാർഥി സംഘടനാ കാലഘട്ടത്തിൽ വിളനിലം സമരം, മെഡിക്കൽ സമരം തുടങ്ങിയ സമരങ്ങളിൽ പങ്കെടുത്ത് പൊലീസ് മർദനവും ലോക്കപ്പ് മർദനവും ജയിൽവാസവും അനുഭവിക്കേണ്ടി വന്നു. കാട്ടാക്കട പി ആർ വില്യം ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക പി മിനിയാണ് ഭാര്യ. മക്കൾ: പ്ലസ്ടു വിദ്യാർഥി ആശിഷ്, ആറാം ക്ലാസുകാരി അനീന.
  Published by:Rajesh V
  First published: