തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിലെ കൂടുതൽ ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടുകയാണ് ആർക്കിടെക്റ്റ് ജി. ശങ്കർ. ലൈഫ് മിഷനായി ഹാബിറ്റാറ്റ് നൽകിയ പദ്ധതിരേഖ എങ്ങനെ മാറ്റി എന്നതാണ് വടക്കാഞ്ചേരി ഫ്ളാറ്റ് ഇടപാടിൽ ഉയർന്ന ഏറ്റവും പ്രധാന ചോദ്യം. ഹാബിറ്റാറ്റ് ഒഴിവാക്കാൻ ഇടയായ സാഹചര്യം ആർ ശങ്കർ വിശദീകരിച്ചു.
പ്രൊജക്ട് മാനേജ്മെൻറ് കൺസൽട്ടൻറ് എന്ന നിലക്കാണ് 234 യൂണിറ്റുള്ള 32 കോടിയുടെ പദ്ധതി തയ്യാറാക്കിയത്. റിക്രിയേഷൻ ക്ലബും, സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാന്റ് എന്നിവയെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു പദ്ധതി. പിന്നീട് തുക കുറക്കാൻ
ലൈഫ് മിഷൻ ആവശ്യപ്പെട്ടത് അനുസരിച്ച് 203 യൂണിറ്റുള്ള 27.50 കോടിയുടെ പദ്ധതിരേഖ നൽകി.
സ്പോൺസർ നൽകുന്ന സാമ്പത്തിക സഹായത്തിന് അനുസരിച്ച് 15 കോടിയിൽ താഴെ ചെലവ് പരിമിതപ്പെടുത്താൻ ഒടുവിൽ ആവശ്യപ്പെട്ടു. പന്ത്രണ്ടര കോടിയുടെ സോഫ്റ്റ് കോപ്പി തയ്യാറാക്കി. ഇങ്ങനെ നാലു തവണ പ്ലാൻ മാറ്റി. എല്ലാ ഘട്ടത്തിലും സഹകരിച്ചു. കാരണം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പദ്ധതിയാണത്. അതിൻറെ ഭാഗം ആകുന്നതിൽ ഹാബിറ്റാറ്റിനും അഭിമാനമായിരുന്നു.
എന്നാൽ ഓഗസ്റ്റ് ആദ്യവാരത്തോടെ പദ്ധതി തൽക്കാലം നിർത്തിവയ്ക്കുകയാണെന്ന് അറിയിച്ചു. സ്പോൺസർഷിപ്പിൽ ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു. 50 ശതമാനത്തോളം കാര്യങ്ങൾ പൂർത്തിയാക്കിയിരുന്നു. നാഴികക്കല്ലുകൾ നിർണയിച്ച് മുന്നോട്ടു പോകുന്നതാണ് ഹാബിറ്റാറ്റ് രീതി. പ്രീഫാബ് ഉൾപ്പെടെ ഹാബിറ്റാറ്റ് വിരുദ്ധ നിർമ്മാണ രീതികളും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. അതിനോട് യോജിക്കാനായില്ല. പ്രതീക്ഷാ വഹമായ പുരോഗതി ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ പദ്ധതിയിൽ നിന്ന് പിൻമാറാൻ അപേക്ഷ നൽകിയെന്നും ജി ശങ്കർ വ്യക്തമാക്കി.
വടക്കാഞ്ചേരി പ്രീ ഫാബ് ആണ് എന്ന്
ലൈഫ്മിഷൻ പറഞ്ഞിട്ടില്ല. പാലക്കാട് ഉൾപ്പടെ രണ്ടു ജില്ലകളിലെ നിർമാണം പ്രീ ഫാബ് എന്നാണ് അറിയിച്ചത്.യൂണിടാകിനെ പറ്റി കേട്ടറിവില്ല. ഇപ്പോഴത്തെ രൂപകൽപ്പന ഹാബിറ്റാറ്റ് നൽകിയ പദ്ധതി രേഖക്ക് സമാനമായി തോന്നിയെന്നും ശങ്കർ ചൂണ്ടിക്കാട്ടി. നേരത്തെ 234 യൂണിറ്റുകൾ ഉണ്ടായിരുന്നു. നിർമ്മിക്കുന്ന ഭവനങ്ങളുടെ എണ്ണം കുറഞ്ഞതായി തോന്നിയെന്നും ശങ്കർ സംശയം പ്രകടിപ്പിച്ചു.
വൻതുക ക്വോട്ട് ചെയ്ത ഹാബിറ്റാറ്റിനെ ഒഴിവാക്കി കുറഞ്ഞ തുക നിർദ്ദേശിച്ച യൂണിടാക്കിനെ സ്വീകരിച്ചെന്ന വാദമാണ് ശങ്കറിന്റെ വിശദീകരണത്തോടെ പൊളിയുന്നത്. ഒപ്പം ഡിസൈനുകൾ മാറ്റുന്നതിൽ അടക്കം ഉദ്യോഗസ്ഥ ലോബി ഇടപെടൽ കരാറുകാരന് വേണ്ടിയായിരുന്നോയെന്ന ദുരൂഹതകളും ഉത്തരമില്ലാതെ അവശേഷിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.