'ഇസ്‌ലാമോഫോബിയ പരത്തുന്നത് സി.പി.എമ്മിന്റെ പതിവുരീതി; പ്രചരിപ്പിക്കുന്നത് സംഘ്പരിവാറിനെ തോൽപിക്കുന്ന വർഗീയത': ജമാഅത്തെ ഇസ്‌ലാമി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
2006ലും 2011ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമി പിന്തുണച്ചത് മൊത്തത്തിൽ എൽ.ഡി.എഫിനെയായിരുന്നു. സി.പി.എമ്മിൻ്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നേതാക്കൾ നടത്തിയ സംസാരത്തിൻ്റെയും പരസ്പര ധാരണയുടെയും അടിസ്ഥാനത്തിലായിരുന്നു ഈ പിന്തുണയെന്നിരിക്കെ ഇപ്പോൾ ജമാഅത്തിൽ വർഗീയ ആരോപിക്കുന്നത് രാഷ്ട്രീയ സത്യസന്ധതയില്ലായ്മയാണ്.
കോഴിക്കോട്: തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് കേരളത്തിൽ സംഘ്പരിവാറിനേക്കാൾ വലിയ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസ് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം പോലുള്ള ഒരു പ്രസ്ഥാനം സംഘ്പരിവാറിനേക്കാൾ വലിയ വർഗീയത കാണിക്കുന്നതിന് കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പ്രതിസന്ധി നേരിടുമ്പോഴെല്ലാം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപരസ്ഥാനത്ത് നിർത്തി,
ഇസ്‌ലാമോഫോബിയ പരത്തുന്നത് സി.പി.എമ്മിന്റെ പതിവുരീതിയാണ്. സംഘ്പരിവാരിനെതിരെ വലിയവായിൽ സംസാരിക്കുകയും പിന്നാക്ക ന്യൂനപക്ഷങ്ങളെ മൂലധനമായി സ്വീകരിക്കുകയും എന്നാൽ സംഘ്പരിവാർ അജണ്ട നടപ്പിലാക്കുകയും ചെയ്യുന്ന രീതിയാണ് കേരളത്തിൽ സി.പി.എം തുടരുന്നത്. കോടിയേരിയുടെ വാർത്താ സമ്മേളനവും ധൃതിപിടിച്ച് നടപ്പിലാക്കിയ മേൽജാതി സംവരണവും അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
അങ്ങേയറ്റം അഴിമതിയിൽ ആണ്ടുകിടക്കുന്ന സർക്കാറിന്റെയോ അതിനെ നയിക്കുന്ന സി.പി.എമ്മിന്റേയോ ഗുഡ് സർട്ടിഫിക്കറ്റ് ആർക്കും ആവശ്യമില്ല.ജമാഅത്തെ ഇസ്‌ലാമിയുടെ ഇന്നോളമുള്ള സാമൂഹ്യ ഇടപെടലുകൾ സുതാര്യവും തെളിമയുള്ളതുമാണ്. രാജ്യത്തിൻ്റെ പൊതുനൻമയും മതനിരപേക്ഷതയും മുന്നിൽകണ്ട് മാനവികവും ജനാധിപത്യപരവുമായ ഇടപെടലുകൾ നടത്താൻ ജമാഅത്തെ ഇസ്‌ലാമി സാധ്യതയനുസരിച്ച് ശ്രമിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുമായി മുൻകാലങ്ങളിൽ രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടില്ലെന്ന സി.പി.എം പ്രസ്താവന പരിഹാസ്യമാണ്.
advertisement
മൂല്യാധിഷ്ഠിത രാഷ്ട്രീയം മുന്നോട്ടുവെച്ചിരുന്ന കാലത്ത് ജമാഅത്ത് ഇടത്-വലത് മുന്നണികളിൽപെട്ടവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും അവരത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 2006ലും 2011ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമി പിന്തുണച്ചത് മൊത്തത്തിൽ എൽ.ഡി.എഫിനെയായിരുന്നു. സി.പി.എമ്മിൻ്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നേതാക്കൾ നടത്തിയ സംസാരത്തിൻ്റെയും പരസ്പര ധാരണയുടെയും അടിസ്ഥാനത്തിലായിരുന്നു ഈ പിന്തുണയെന്നിരിക്കെ ഇപ്പോൾ ജമാഅത്തിൽ വർഗീയ ആരോപിക്കുന്നത് രാഷ്ട്രീയ സത്യസന്ധതയില്ലായ്മയാണ്.
advertisement
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിരന്തരമായി ആവർത്തിക്കുന്ന വർഗീയ കലാപങ്ങളിലോ തീവ്രവാദ പ്രവർത്തനങ്ങളിലോ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുള്ളതായി ഇന്നേവരെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നിരിക്കെ അക്രമവാഴ്ചയും കൊലപാതക രാഷ്ട്രീയവും കൈമുതലായുള്ള സി.പി.എം ജമാഅത്തെ ഇസ്‌ലാമിക്കുമേൽ തീവ്രവാദചാപ്പ ചാർത്തുന്നതിലെ അപഹാസ്യം പൊതുസമൂഹത്തിന് തിരിച്ചറിയാനാകും. ന്യൂനപക്ഷവിരുദ്ധ സമീപനങ്ങൾ കാരണം കാലങ്ങളായി ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകൾ ചോരുന്നതിന് ജമാഅത്തെ ഇസ്‌ലാമിയെ പഴിച്ചിട്ടെന്ത് കാര്യമെന്നും അമീർ ചോദിച്ചു.
Also Read 'യു.ഡി.എഫിന്റെ നേതൃത്വം കോൺഗ്രസ് മുസ്ലീം ലീഗിന് കൈമാറി; മതനിരപേക്ഷ നിലപാട് അടിയറ വച്ചു': കോടിയേരി
advertisement
രാജ്യത്താകമാനം വർഗീയ ഫാഷിസം ആഞ്ഞടിച്ചുകൊണ്ടിരിക്കെ അതിനെതിരെ നിലപാട് സ്വീകരിക്കാൻ സന്നദ്ധമാണോ എന്നത് മാത്രമാണ് സി.പി.എമ്മിന്റെ കേരളത്തിലെ പ്രസക്തിയെന്നും അതിന് പകരം സംഘ്പരിവാരിന്റെ ബി ടീമാകാനാണ് താൽപര്യമെങ്കിൽ മതനിരപേക്ഷ ജനാധിപത്യ സമൂഹം സി.പി.എമ്മിന് മറുപടി നൽകുമെന്നും ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് കുറിപ്പിൽ അമീർ ഓർമിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2020 9:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇസ്‌ലാമോഫോബിയ പരത്തുന്നത് സി.പി.എമ്മിന്റെ പതിവുരീതി; പ്രചരിപ്പിക്കുന്നത് സംഘ്പരിവാറിനെ തോൽപിക്കുന്ന വർഗീയത': ജമാഅത്തെ ഇസ്‌ലാമി