തിരുവനന്തപുരം അഗസ്ത്യവനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ ഷാഡോ പോലീസ് ഉദ്യോഗസ്ഥനായ അനീഷിനാണ് കടിയേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. (തുടർന്ന് വായിക്കാം)
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി വിജയ തിലകമണിയുമെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി പറഞ്ഞു. വിശ്വാസികൾ ഈ തിരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്നും സുരേഷ് ഗോപി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ കോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരം കോർപറേഷൻ ഭരണം ബിജെപി പിടിക്കുമെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കുടുംബം ഷൂട്ടിംഗ് തിരക്കിലായതിനാൽ തനിച്ച് വോട്ട് രേഖപ്പെടുത്തി കൃഷ്ണകുമാർ മടങ്ങി.
തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡിലെ എൻഎസ്എസ് എച്ച്എസ്എസിലെ പോളിങ് ബൂത്തിൽ ആദ്യ വോട്ടറായി നേരത്തെ എത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും. പാര്‍ലമെന്‍റ് സമ്മേളനം അടക്കം നടക്കുന്നതിനാൽ ഡൽഹിയിലേക്ക് പോകേണ്ടതിനാല്‍ കൂടിയാണ് സുരേഷ് ഗോപി നേരത്തെ പോളിങ് ബൂത്തിലെത്തിയത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറവൂർ കേസരി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വോട്ട് രേഖപ്പെടുത്തി. പറവൂർ നഗരസഭയിലെ ഇരുപത്തിയൊന്നാം വാർഡിൽ 109-ാം ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്. ഭാര്യക്കും മകൾക്കും ഒപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്.
വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാർത്ഥി മരിച്ചു. എറണാകുളം മൂവാറ്റുപുഴ പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡ് യുഡിഫ് സ്ഥാനാർത്ഥി സി എസ് ബാബുവാണ് മരിച്ചത്. പുലർച്ചെ 2.30നു ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പിറവം മർച്ചന്റ് അസോസിയേഷൻ മുൻ പ്രസിഡന്റാണ്. സ്ഥാനാർത്ഥിയുടെ മരണത്തെ തുടര്‍ന്ന് വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.
കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ വോട്ടര്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ മതി. ത്രിതല പഞ്ചായത്തില്‍ ഒരു വോട്ടര്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലങ്ങളിലേയ്ക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടുകള്‍ രേഖപ്പെടുത്തണം. വോട്ടിംഗ് കംപാര്‍ട്ട്‌മെന്റിലെ മൂന്ന് ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന വെള്ളനിറത്തിലുള്ള ലേബലും, രണ്ടാമത്തെ ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാ തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ ഇളംനീല നിറത്തിലുള്ള ലേബലുമാണ് പതിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മൂന്ന് തലത്തിലേക്കുമുള്ള ബാലറ്റ് യൂണിറ്റുകളിലും ക്രമമായി വോട്ട് രേഖപ്പെടുത്തിക്കഴിയുമ്പോൾ ഒരു നീണ്ട ബീപ് ശബ്ദം കേട്ട് വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ണമാകും
ബാലറ്റ് യൂണിറ്റില്‍ ഏറ്റവും മുകളില്‍ ഇടതുഭാഗത്തായി പച്ചനിറത്തിലുള്ള ഓരോ ചെറിയ ലൈറ്റ് തെളിഞ്ഞു നില്‍ക്കുന്നതു കാണാനാകും. ഇത് ബാലറ്റ് യൂണിറ്റുകള്‍ വോട്ടു രേഖപ്പെടുത്താന്‍ തയാറാണെന്ന് സൂചിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനു നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തിയാല്‍ ദീര്‍ഘമായ ബീപ് ശബ്ദം കേള്‍ക്കുകയും വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ണ്ണമാവുകയും ചെയ്യും. ശേഷം വോട്ടര്‍ക്ക് മടങ്ങാവുന്നതാണ്.
സ്ലിപ്പുമായി വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള ഓഫീസറുടെ മുന്‍പിലെത്തി സ്ലിപ്പ് ഏല്‍പ്പിക്കണം. ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തി ബാലറ്റ് യൂണിറ്റുകള്‍ വോട്ടിംഗിന് സജ്ജമാക്കും. തുടര്‍ന്ന് സമ്മതിദായകന്‍ വോട്ടിങ് കമ്പാർട്ട്മെന്റിലേക്ക് നീങ്ങണം.
വോട്ടര്‍ പോളിംഗ് ബൂത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അവരുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍പട്ടികയിലെ പേരും വിവരങ്ങളും പോളിംഗ് ഉദ്യോഗസ്ഥന്‍ പരിശോധിക്കും. തുടര്‍ന്ന് രണ്ടാമത്തെ പോളിംഗ് ഓഫീസറുടെ അടുത്ത് ചെല്ലുമ്പോൾ വോട്ടറുടെ കൈവിരലില്‍ മഷി പുരട്ടി, വോട്ട് രജിസ്റ്ററില്‍ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തി വോട്ടിങ് സ്ലിപ്പ് നല്‍കും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ സ്ലിപ്പ്
പാസ്സ്പോര്‍ട്ട്
ഡ്രൈവിംഗ് ലൈസന്‍സ്
പാന്‍ കാര്‍ഡ്
ആധാര്‍ കാര്‍ഡ്
ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ബുക്ക്
ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസക്കാലയളവിന് മുന്‍പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം തിരിച്ചറിയല്‍ രേഖയായി ഹാജരാക്കാം.