തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാമൂട്ടിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജിന്റെയും ഹക്ക് മുഹമ്മദിന്റെയും കുടുംബങ്ങൾക്ക് വേണ്ടി ധനസമാഹരണം സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 50 ലക്ഷം വീതം ഫണ്ട് കൈമാറുന്നതിനായി തേമ്പാമൂട്ടിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാഗത്തുനിന്നും പരാമർശമുണ്ടായത്.
കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ അറിവോടുകൂടിയായിരുന്നു കൊലപാതകം. "കൊല്ലപ്പെട്ട രണ്ട് പേർക്ക് പകരം നാല് പേരെ കൊല ചെയ്യാൻ ശക്തിയില്ലാത്ത പാർട്ടിയല്ല സിപിഎം. എന്നാൽ കൊലക്കു പകരം കൊല എന്നത് സിപിഎം നയമല്ല". ഇതായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പരാമർശം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകും. ഒപ്പം മക്കളുടെ വിദ്യാഭ്യാസ ചെലവ് പാർട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സർക്കാരിനെതിരായ വിവാദ വിഷയങ്ങളിൽ പ്രതിപക്ഷം നടത്തുന്ന സമരങ്ങളെയും കോടിയേരി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കേരളത്തിൽ നിലവിൽ നടക്കുന്നത് അക്രമ സമരങ്ങൾ ആണ്. വെടിവെപ്പ് ഉണ്ടാക്കാനാണ് പ്രതിപക്ഷ ശ്രമം. കോൺഗ്രസും ബിജെപിയും ചേർന്ന് കേരളത്തിലെമ്പാടും കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും കോടിയേരി ആരോപിച്ചു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.