Rape of Covid Patient | 'സംരക്ഷണം ഒരുക്കുന്നതിൽ പരാജയപ്പെട്ടു; പെൺകുട്ടിയോട് സർക്കാർ മാപ്പ് പറയണം': മുരളി തുമ്മാരുകുടി

":പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിട്ടുണ്ട്. നല്ലത്. പക്ഷെ അത് പോരാ. രോഗിയായ യുവതിക്ക് വേണ്ടത്ര സംരക്ഷണം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു."

News18 Malayalam | news18-malayalam
Updated: September 6, 2020, 3:44 PM IST
Rape of Covid Patient | 'സംരക്ഷണം ഒരുക്കുന്നതിൽ പരാജയപ്പെട്ടു; പെൺകുട്ടിയോട് സർക്കാർ മാപ്പ് പറയണം': മുരളി തുമ്മാരുകുടി
Muralee Thummarukudy
  • Share this:
തിരുവനന്തപുരം: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച പറ്റിയെന്ന് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഈ സംഭവം നിര്‍ഭാഗ്യകരമാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിട്ടുണ്ട്. നല്ലത്. പക്ഷെ അത് പോരാ. രോഗിയായ യുവതിക്ക് വേണ്ടത്ര സംരക്ഷണം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. അതിന് ആ കുട്ടിയോട് സര്‍ക്കാര്‍ മാപ്പു പറയണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

കോവിഡ് രോഗിയെ വീട്ടില്‍ നിന്നും ആംബുലന്‍സിലേക്ക് കയറ്റിയ നിമിഷം മുതല്‍ അവര്‍ സര്‍ക്കാരിന്റെ സംരക്ഷണയില്‍ ആണ്. അവര്‍ക്ക് വേണ്ടത്ര സംരക്ഷണം ഒരുക്കിയതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു എന്നാണ് ഈ സംഭവം കാണിക്കുന്നത്. പീഡനത്തിനിരയായ യുവതിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. പീഡനത്തിന് ഇരയായവരെ സമൂഹവും പൊലീസും പില്‍ക്കാലത്ത് കോടതി സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നത് വേണ്ടത്ര മാനുഷികപരിഗണകള്‍ ഇല്ലാതെയാണെന്ന് കാലാകാലമായി പഠനങ്ങള്‍ ഉണ്ട്. കേരളം ഇക്കാര്യത്തിലെങ്കിലും മാനുഷികമായി മാതൃകാപരമായി പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പ്

ആംബുലന്‍സിലെ പീഡനം

കോവിഡ് രോഗിയായ ഒരു പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചു എന്ന വാര്‍ത്ത നിങ്ങളെപ്പോലെ തന്നെ എന്നെയും നടുക്കുന്നുണ്ട്, വിഷമിപ്പിക്കുന്നുണ്ട്, നിരാശപ്പെടുത്തുന്നുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഈ സംഭവം നിര്‍ഭാഗ്യകരമാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിട്ടുണ്ട്. നല്ലത്. പക്ഷെ അത് പോരാ.

കേരളത്തെ കൊറോണയെന്ന മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ പകലും രാത്രിയും ഊണും ഉറക്കവുമില്ലാതെ ജോലിയെടുക്കുന്ന അനവധി ആളുകള്‍ക്കും സംവിധാനങ്ങള്‍ക്കും മൊത്തം ഈ സംഭവം ചീത്തപ്പേരുണ്ടാക്കിയിരിക്കയാണ്. ഇതിനെ മാതൃകാപരമായി കൈകാര്യം ചെയ്‌തേ പറ്റൂ. കൊറോണ രോഗം ബാധിച്ചു ആശുപത്രിയിലേക്ക് പോകുന്ന പെണ്‍കുട്ടി, വീട്ടില്‍ നിന്നിറങ്ങുന്ന നിമിഷം മുതല്‍ സര്‍ക്കാരിന്റെ സംരക്ഷണയില്‍ ആണെന്നാണ് എല്ലാവരും ചിന്തിക്കുന്നത്.

അതങ്ങനെയല്ല, ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുടെ കൂടെ, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നോ കോവിഡ് ബ്രിഗേഡില്‍ നിന്നോ, മറ്റു സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്നോ ഒന്നും ആരുമില്ലാതെ ഏത് രാത്രിയും രോഗികള്‍ക്ക് യാത്ര ചെയ്യേണ്ടി വരുന്നു എന്നത് എന്നെ അതിശയിപ്പിക്കുന്നു. ഇതിനെ ഒരു ഒറ്റപ്പെട്ട സംഭവം ആയി കണക്കാക്കി ആംബുലന്‍സ് ഡ്രൈവറെ അറസ്റ്റ് ചെയ്തു പതിവ് പോലെ പൊലീസ് നടപടികളും ആയി പോയാല്‍ ഒരു സമൂഹം എന്ന നിലയില്‍ നാം ഇതില്‍ നിന്നും ഒന്നും പഠിക്കുന്നില്ല എന്ന് തന്നെയാണ് അര്‍ഥം.

1. പീഡനത്തിനിരയായ യുവതിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. പീഡനത്തിന് ഇരയായവരെ സമൂഹവും പൊലീസും പില്‍ക്കാലത്ത് കോടതി സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നത് വേണ്ടത്ര മാനുഷികപരിഗണകള്‍ ഇല്ലാതെയാണെന്ന് കാലാകാലമായി പഠനങ്ങള്‍ ഉണ്ട്. കേരളം ഇക്കാര്യത്തിലെങ്കിലും മാനുഷികമായി മാതൃകാപരമായി പെരുമാറണം.

2. പ്രതിയായ വ്യക്തിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കണം. ഒരു ക്രിമിനല്‍ കേസില്‍ പ്രതിയായിട്ട് പോലും ആംബുലന്‍സ് ഡ്രൈവര്‍ പോലെ സമൂഹത്തില്‍ ഏറ്റവും വിഷമം അനുഭവിക്കുന്നവരെ ചൂഷണം ചെയ്യാനുള്ള അവസരം ലഭിക്കുന്ന തരത്തില്‍ ഇറങ്ങി നടക്കാന്‍ കഴിയുമെന്ന അവസ്ഥ ഉള്ള സമൂഹത്തില്‍ ആര്‍ക്കാണ് സുരക്ഷിതത്വം ഉള്ളത് ?. ഇത്തരക്കാര്‍ നാളെ സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍ ആയാല്‍ നമ്മുടെ കുട്ടികള്‍ക്ക് എന്ത് സുരക്ഷയാണ് ഉള്ളത് ?. സിനിമ നടിയെ വഴിയില്‍ പീഡിപ്പിച്ച കേസിലെപ്പോലെ ഈ പ്രതി ഇനി കേസിന്റെ വിചാരണ കഴിയുന്നത് വരെ പുറത്തിറങ്ങില്ല എന്ന് ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്.

3. ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ കോവിഡ് രോഗിയെ വീട്ടില്‍ നിന്നും ആംബുലന്‍സിലേക്ക് കയറ്റിയ നിമിഷം മുതല്‍ അവര്‍ സര്‍ക്കാരിന്റെ സംരക്ഷണയില്‍ ആണ്. അവര്‍ക്ക് വേണ്ടത്ര സംരക്ഷണം ഒരുക്കിയതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു എന്നാണ് ഈ സംഭവം കാണിക്കുന്നത്.

അതിന് ആ കുട്ടിയോട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാപ്പു പറയണം, എല്ലാ മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സൗജന്യമായും ഉത്തമമായും ഉള്ള ചികിത്സയും പിന്തുണയും നല്‍കണം, ആ കുട്ടി ആഗ്രഹിക്കുന്നുവെങ്കില്‍ സര്‍ക്കാരില്‍ ജോലി നല്‍കി ജീവിത സുരക്ഷ ഉറപ്പാക്കുകയും വേണം. നമ്മുടെ നാട്ടിലെ നിയമസംവിധാനങ്ങളുടെ രീതി അനുസരിച്ച് പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ കിട്ടാനുള്ള സാധ്യത ഒക്കെ ഏറെ കുറവാണ്, ചുരുങ്ങിയത് പെണ്‍കുട്ടിയുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കേണ്ടതാണ്.

4. ഒരു ബാക്ക് ഗ്രൗണ്ട് ചെക്കും ഇല്ലാതെ ഒരാളെ ആംബുലന്‍സ് ഡ്രൈവര്‍ ആയി നിയമിച്ച ഏജന്‍സിയുടെ ലൈസന്‍സ് ഉടന്‍ എടുത്തു കളയണം. മാത്രമല്ല കേരളത്തിലുള്ള എല്ലാ ആംബുലന്‍സ് ഡ്രൈവര്‍മാരുടേയും ബാക്ക്ഗ്രൗണ്ട് പരിശോധനക്ക് ഉത്തരവിടുകയും വേണം. ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍, റോഡില്‍ അപകടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളവര്‍, മദ്യപിച്ച് വണ്ടി ഓടിച്ച് പിടിക്കപ്പെട്ടവര്‍, ഓവര്‍ സ്പീഡിന് ഒന്നിലേറെ തവണ ഫൈന്‍ കിട്ടിയിട്ടുള്ളവര്‍ ഇവരൊന്നുമല്ല ആംബുലന്‍സ് ഓടിക്കേണ്ടത്.

5. കോവിഡ് രോഗികളെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്കും ആശുപത്രിയില്‍ നിന്നും തിരിച്ചു രോഗം മാറി വീട്ടിലേക്കും എത്തിക്കുന്നതിന്റെ പ്രോട്ടോക്കോള്‍ പരിശോധിക്കണം. ഏതു രാത്രിയിലും ഒറ്റക്ക് യാതൊരു പരിചയവും ഇല്ലാത്തവരുടെ കൂടെ സ്ത്രീകളെയും കുട്ടികളേയും (?) ഉത്തരവാദിത്തപ്പെട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൂടെയില്ലാതെ അയക്കും എന്നുള്ളത് എന്നെ ശരിക്കും അതിശയിപ്പിക്കുന്നുണ്ട്.

രാത്രിയില്‍ കമ്പനി നിയോഗിച്ച ഡ്രൈവര്‍മാര്‍ സ്ത്രീകളെ ഉപദ്രവിച്ച എത്രയോ കേസുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്, അതില്‍ നിന്നും നമ്മള്‍ ഒന്നും പഠിച്ചില്ലേ ? . ഇക്കാര്യത്തില്‍ ശരിയായ പ്രോട്ടോക്കോള്‍ ഉണ്ടായിരുന്നിട്ടും വേണ്ടപ്പെട്ടവര്‍ അത് പാലിക്കാത്തതാണെങ്കില്‍ അവര്‍ക്കെതിരെ തീര്‍ച്ചയായും നടപടി വേണം. അത്തരത്തില്‍ പ്രോട്ടോക്കോള്‍ ഇല്ലെങ്കില്‍ തീര്‍ച്ചയായും അത് ഉണ്ടാക്കണം.

6. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാറാന്‍ സമയമെടുക്കും, നമ്മുടെ ആംബുലന്‍സ് ഏജന്‍സികള്‍ മാറുമെന്നൊരു പ്രതീക്ഷ പോലും എനിക്കില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ കുടുംബത്തില്‍ ഇത്തരത്തില്‍ ഉള്ള സാഹചര്യം ഉണ്ടായാല്‍ പകലാണെങ്കിലും രാത്രിയാണെങ്കിലും സ്ത്രീകളെയോ കുട്ടികളെയോ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് വരുന്ന സാഹചര്യം ഉണ്ടായാല്‍ മറ്റൊരു വാഹനത്തില്‍ പുറകേ പോയി നമ്മുടെ ബന്ധുക്കള്‍ കോവിഡ് സെന്ററില്‍ സുരക്ഷിതമായി എത്തി എന്ന് ഉറപ്പു വരുത്തുക. രോഗം മാറി തിരിച്ചു വരുമ്പോഴും ഇക്കാര്യം ഉറപ്പാക്കുക. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നാണല്ലോ. സുരക്ഷിതമായിരിക്കുക.

മുരളി തുമ്മാരുകുടി
Published by: Aneesh Anirudhan
First published: September 6, 2020, 3:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading