'കേരളത്തെ ഭീകരവാദ കേന്ദ്രമാക്കി ചിത്രീകരിക്കാൻ NIA ശ്രമം': ജമാഅത്തെ ഇസ്ലാമി
- Published by:Rajesh V
- news18-malayalam
Last Updated:
''വിവിധ മത, ജാതി സമൂഹങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്ക് സഹായം ചെയ്യുകയാണ് എന്‍ഐഎ''.
കോഴിക്കോട്: രാജ്യത്ത് താരതമ്യേന സാമുദായിക സഹവർത്തിത്വം നിലനില്‍ക്കുന്ന കേരളത്തെ ഭീകരവാദ കേന്ദ്രമാക്കി ചിത്രീകരിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ ഹൽഖാ അമീർ എം.ഐ.അബ്ദുൽ അസീസ്. വിവിധ മത, ജാതി സമൂഹങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്ക് സഹായം ചെയ്യുകയാണ് എന്‍ഐഎ. അല്‍ഖ്വയിദ ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന് പിടികൂടിയ പശ്ചിമ ബംഗാള്‍ സ്വദേശികളായ തൊഴിലാളികളെ കുറിച്ച് അന്വേഷണ ഏജന്‍സി പ്രാഥമികമായി പുറത്തുവിട്ട കാര്യങ്ങള്‍തന്നെ സംശയാസ്പദമാണ്.
പിടിയിലായവരെകുറിച്ച് പരിചയക്കാര്‍ക്കോ നാട്ടുകാര്‍ക്കോ സംശയങ്ങള്‍ നിലനില്‍ക്കുന്നില്ല. വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന ആരോപണമാവട്ടെ, എന്‍ഐഎയുടെ പതിവ് ആരോപണങ്ങള്‍ മാത്രമാണ്. കേരളത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് സിമിബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തവര്‍ക്കെതിരെയുള്ള കേസ് തെളിവില്ലെന്ന് കണ്ടെത്തി കുറ്റാരോപിതരെ കോടതി വെറുതെ വിടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാവോയിസ്റ്റ് ബന്ധം സംശയിച്ച് യു.എ.പി.എ ചുമത്തിയ കോഴിക്കോട്ടെ അലന്‍- താഹ കേസിലും ആരോപണങ്ങള്‍ തെളിയിക്കാന്‍ ഇതുവരെ അന്വേഷണ ഏജന്‍സിക്കായിട്ടില്ല.
advertisement
തീവ്രവാദ ബന്ധമുണ്ടെന്നാരോപിച്ച് എന്‍.ഐ.എ ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് കഴിഞ്ഞദിവസം സൗദി അറേബ്യയില്‍ നിന്നെത്തിച്ചവര്‍ കേരളവുമായി നേരിട്ട് ബന്ധമില്ലാത്തവരാണെങ്കിലും അവരെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച് കസ്റ്റഡിയിലെടുത്തത് കേരളത്തെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യമിട്ടാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ, ഭീകരവാദ ബന്ധം ചുമത്തി എന്‍ഐഎ ഏറ്റെടുത്ത കേസുകള്‍ തെളിയിക്കാനാവാതെ കോടതി തള്ളിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയെയാണ് ഇത് ചോദ്യം ചെയ്യുന്നത്. വിശ്വാസ്യത നഷ്ടപ്പെട്ട ഏജന്‍സിയുടെ വെളിപ്പെടുത്തലുകളെ കേരളീയസമൂഹം ജാഗ്രതയോടെ സമീപിക്കണമെന്നും എം.ഐ.അബ്ദുൽ അസീസ് പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 23, 2020 6:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തെ ഭീകരവാദ കേന്ദ്രമാക്കി ചിത്രീകരിക്കാൻ NIA ശ്രമം': ജമാഅത്തെ ഇസ്ലാമി