ആലിക്കുട്ടി മുസ്ലിയാരെ വിലക്കിയത് പാണക്കാട് ഹൈദരലി തങ്ങളെന്ന് വിമര്‍ശനം; സമസ്തയില്‍ പ്രതിഷേധം ശക്തം
- Published by:Rajesh V
- news18-malayalam
Last Updated:
മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ ആലിക്കുട്ടി മുസ്ലിയാർ പ്രിന്‍സിപ്പലായ പട്ടിക്കാട് ജാമിഅ നൂരിയയില്‍ ഇനി വരേണ്ടതില്ലെന്ന് മുസ്ലിം ലീഗ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ഭീഷണി മുഴക്കിയതോടെയാണ് ആലിക്കുട്ടി മുസ്ലിയാർ പിന്മാറിയതെന്നാണ് ആരോപണം
കോഴിക്കോട്: മലപ്പുറത്ത് മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സമസ്ത നേതാവ് ആലിക്കുട്ടി മുസ്ലിയാരെ വിലക്കിയത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേരിട്ട് ഇടപെട്ട്. പരിപാടിയില്‍ പങ്കെടുത്താല്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് ആലിക്കുട്ടി മുസ്ലിയാരെ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് സമസ്ത കേന്ദ്രങ്ങള്‍ തന്നെ ഉയര്‍ത്തുന്ന വിമര്‍ശനം.
മലപ്പുറത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കരുതെന്ന് ആലിക്കുട്ടി മുസ്ലിയാരോട് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമസ്ത സ്വതന്ത്ര സംഘടനയാണെന്നും യോഗത്തില്‍ പങ്കെടുക്കുമെന്നും പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളോട് കൂടിയാലോചിച്ച് ആലിക്കുട്ടി മുസ്ലിയാർ നിലപാടെടുത്തു. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ ആലിക്കുട്ടി മുസ്ലിയാർ പ്രിന്‍സിപ്പലായ പട്ടിക്കാട് ജാമിഅ നൂരിയയില്‍ ഇനി വരേണ്ടതില്ലെന്ന് മുസ്ലിം ലീഗ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ ഭീഷണി മുഴക്കിയതോടെയാണ് ആലിക്കുട്ടി മുസ്ലിയാർ പ്രതിസന്ധിയിലായത്. പരിപാടി സ്ഥലത്തേക്ക് വാഹനത്തില്‍ പുറപ്പെട്ട ആലിക്കുട്ടി മുസ്ലിയാർ പാതി വഴിയില്‍ വെച്ച് മടങ്ങി. ശാരീരിക വിഷമതകളുള്ളതിനാല്‍ പങ്കെടുക്കാനാകില്ലെന്ന് ആലിക്കുട്ടി മുസ്ലിയാർ മന്ത്രി കെ.ടി ജലീലിനെ അറിയിച്ചു. സമസ്ത പ്രതിനിധിയായി മോയിന്‍കുട്ടി മാസ്റ്ററാണ് പിന്നീട് പങ്കെടുത്തത്.
advertisement
സമസ്ത നേതാവിനെ ലീഗ് നേതൃത്വം തടഞ്ഞത് സംഘടനക്കുള്ളില്‍ സജീവ ചര്‍ച്ചയായിരിക്കയാണ്. കോഴിക്കോട് നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയില്‍ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പങ്കെടുത്ത് സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് തുടങ്ങിയ വിഷയങ്ങളില്‍ ഉമര്‍ഫൈസി എതിര്‍പ്പ് പരസ്യപ്പെടുത്തുകയും ചെയ്തു. ഉമര്‍ഫൈസയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗിനുള്ളില്‍ വലിയ എതിര്‍പ്പുയര്‍ന്നു. നിലവില്‍ സ്വതന്ത്രനിലപാടെടുക്കുന്ന സമസ്ത സര്‍ക്കാര്‍ പിന്തുണകൂടി പരസ്യപ്പെടുത്തുന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തല്‍ ലീഗിനുണ്ടായതോടെയാണ് എന്ത് വിലകൊടുത്തും ആലിക്കുട്ടി മുസ്ല്യാര്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ലീഗ് നേതൃത്വം തീരുമാനിച്ചത്.
advertisement
സമസ്ത സര്‍ക്കാറിനൊപ്പമില്ലെന്ന സന്ദേശം നല്‍കാനാണിത്. എന്നാല്‍ ലീഗിന്റെ രാഷ്ട്രീയ ആഗ്രഹത്തിനൊപ്പം സമസ്ത ഇനി നില്‍ക്കേണ്ടതില്ലെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിന് ഉറച്ച നിലപാടുണ്ട്. ഇതോടെയാണ് ഹൈദരലി തങ്ങള്‍ തന്നെ ആലിക്കുട്ടി മുസ്ലിയാരെ വിളിച്ച ഭീഷണി മുഴക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയത്.
ലീഗ് ഇടപെടലിനെതിരെ സമസ്തക്കുള്ളില്‍ വലിയ എതിര്‍പ്പാണുയരുന്നത്. ലീഗ് നിലപാടിനെ ചോദ്യം ചെയ്ത് സമസ്ത പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തുന്നുണ്ട്. ഈ മാസം 13ന് സമസ്ത മുശാവറ യോഗം നടക്കുന്നുണ്ട്. ഈ വിഷയങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ചയാവും. മുസ്ലിം ലീഗ് വോട്ട് ബാങ്കായി പ്രവര്‍ത്തിച്ചിരുന്ന സംഘടന അടുത്ത കാലത്തായി സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുന്നത്. ഐ.എസ് വിരുദ്ധ കാംപെയിന്‍, സിഎഎവിരുദ്ധ സമരം തുടങ്ങിയ വിഷയങ്ങളില്‍ ലീഗ് നിലപാടിന് വിരുദ്ധമായ നീക്കം സമസ്ത നടത്തുകയും ചെയ്തു. ഇതോടെയാണ് സമസ്തയെ നിയന്ത്രിക്കാനുള്ള നീക്കം ലീഗ് ശക്തമാക്കിയത്. എന്നാല്‍ ഇത് വിപരീത ഫലമുണ്ടാക്കുകയും ചെയ്തു.
advertisement
എന്നാല്‍ ഉമര്‍ഫൈസിയുടെ സര്‍ക്കാറിനുള്ള തുറന്ന പിന്തുണപോലുള്ള പ്രസ്താവനകള്‍ വേണ്ടെന്ന് സമസ്തക്കുള്ളില്‍ തീരുമാനമുണ്ട്. എന്നാല്‍ ലീഗിന്റെ രാഷ്ട്രീയ ഉപകരണമായി സമസ്ത ഇനി നില്‍ക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് നേതാക്കള്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2021 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലിക്കുട്ടി മുസ്ലിയാരെ വിലക്കിയത് പാണക്കാട് ഹൈദരലി തങ്ങളെന്ന് വിമര്‍ശനം; സമസ്തയില്‍ പ്രതിഷേധം ശക്തം