കോഴിക്കോട്: പൊതു രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നെങ്കിലും നിർണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയില്‍ ഉറച്ച തീരുമാനങ്ങളെടുക്കുന്നതിന് പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് (Panakkad Sayed Hyderali Shihab Thangal) കഴിഞ്ഞു. പി വി അബ്ദുല്‍ വഹാബിന്റെ രാജ്യസഭാ സീറ്റ്, കെ.എന്‍.എ ഖാദറിന്റെ വേങ്ങര സ്ഥാനാര്‍ത്ഥിത്വം തുടങ്ങിയ കാര്യങ്ങളില്‍ ഇത് പ്രകടമായി. അവസാന കാലത്ത് ചന്ദ്രികയിലെ ഇ.ഡി അന്വേഷണം തങ്ങളിലേക്കെത്തിയപ്പോള്‍ പാര്‍ട്ടിയിലെ തെറ്റായ പ്രവണതകളെ മകന് മുഈനലി തങ്ങള്‍ക്ക് പരസ്യമായി ചോദ്യം ചെയ്യേണ്ടി വരികയും ചെയ്തു.
പുറത്ത് കാണുന്ന പോലെ പാര്‍ട്ടിക്കകത്തും പാണക്കാട് ഹൈദരലി തങ്ങള്‍ സൗമ്യനാണ്. പക്ഷെ ചില നിര്‍ണ്ണായക ഘട്ടങ്ങളില്‍ തങ്ങള്‍ വീര്യമേറിയ തീരുമാനങ്ങളെടുത്തു. പാണക്കാട് തങ്ങന്മാര് ലീഗിന്റെ അന്തിമ വാക്കാണെന്ന് തങ്ങള്‍ ചില ഘട്ടങ്ങളില്‍ തെളിയിച്ചു. 2004ല്‍ ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് കെ.പി.എ മജീദിന്റെ പേരായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദേശിച്ചത്. എന്നാല്‍ തങ്ങള്‍ പി.വി അബ്ദുല്‍ വഹാബിനെ തീരുമാനിച്ചു. നടപ്പാക്കി. വേങ്ങര ഉപതെരഞ്ഞെടുപ്പിലേക്ക് കെ.എന്‍.എ ഖാദറിനെ മത്സരിപ്പിക്കാനുള്ള തീരുമാനവും തങ്ങളുടെതായിരുന്നു. കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന അന്നത്തെ മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫിന്റെ പേര് അവസാന സമയത്തും ഉയര്‍ന്നുവെങ്കിലും തങ്ങള്‍ നിലപാടില്‍ ഉറച്ചുനിന്നു. മുത്തലാഖ് ബില്‍ അവതരിപ്പിക്കുമ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി പാര്‍ലിമെന്റിലില്ലാതിരുന്നത് വിവാദമായപ്പോഴും തങ്ങളുടെ ഇടപെടലുണ്ടായി. ചരിത്രത്തില്‍ ആദ്യമായി പി കെ കുഞ്ഞാലിക്കുട്ടിക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. പാര്‍ട്ടിയെ ആരെയും ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാട് ഹൈദരലി തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവെങ്കിലും അവസാന കാലത്ത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു ചന്ദ്രിക വിവാദം.
ചന്ദ്രികയുടെ അക്കൗണ്ട് വഴി കള്ളപ്പണ ഇടപാടുകള്‍ നടത്തിയെന്ന പരാതിയില്‍ ഇ.ഡി ചോദ്യം ചെയ്യാനെത്തിയത് തങ്ങളെ മാനസികമായി വലിയ പ്രസായത്തിലാക്കിയിരുന്നു. പാര്‍ട്ടി സംവിധാനങ്ങള്‍ നടത്താന്‍ വിശ്വസിച്ചേല്‍പ്പിച്ചവര്‍ അത് ചെയ്തില്ലെന്ന് അദ്ദേഹം കരുതി. ഒടുവില്‍ മകന് മുഈനലി തങ്ങള്‍ ലീഗ് ഹൗസില്‍ വെച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ പൊട്ടിത്തെറിയിലേക്ക് വരെ കാര്യങ്ങളെത്തി. പാണക്കാട് തങ്ങള്‍ നേരിട്ട് ഇടപെട്ടിട്ടില്ലാത്ത വിഷയത്തിലേക്ക് അദ്ദേഹത്തെ വലിച്ചിഴച്ചുവെന്നായിരുന്നു കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈനലിയുടെ പരസ്യ വിമര്‍ശനം. വ്യക്തിപരമായി തങ്ങള്‍ക്ക് ഏറെ വേദനയുണ്ടാക്കിയ വിഷയമാണെങ്കിലും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങളിലേക്ക് പോകരുതെന്ന് അദ്ദേഹം മകന് കടുത്ത നിര്‍ദേശം നല്‍കിയതോടെയാണ് വിഷയം താല്‍ക്കാലികമായെങ്കിലും കെട്ടടങ്ങിയത്.
പക്വമായ രാഷ്ട്രീയ ഇടപെടല്‍ നടത്തുമ്പോഴും സൗമ്യത തന്റെ ദൗര്‍ബല്യമല്ലെന്ന് തെളിയിച്ചു പലപ്പോഴും പാണക്കാട് ഹൈദരലി തങ്ങള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.