ഇസ്രായേലും കൊയിലാണ്ടിയും തമ്മില്‍ ബന്ധമില്ല; പക്ഷേ, ആറ് വർഷം മുമ്പേ 'പെഗസസ്' ഉണ്ട്
- Published by:Naseeba TC
- news18-malayalam
Last Updated:
'ദിവസവും നിരവധി പേരാണ് ഫോണ്‍ വിളിക്കുന്നത്. ബീഹാറിലെ പ്രാദേശിക ഭാഷകളില്‍ നിന്നടക്കം വിളി വന്നു. എല്ലാവര്‍ക്കും അറിയേണ്ടത് ഫോണ്‍ എങ്ങനെ ചോര്‍ത്തുമെന്നാണ്'
കോഴിക്കോട്: ഇസ്രായേൽ ചാര സോഫ്റ്റ് വെയർ പെഗസസിന് കൊയിലാണ്ടിയിലെന്ത് കാര്യം? ഇസ്രായേലും കൊയിലാണ്ടിയും തമ്മില്‍ ഒന്നുമില്ല. പക്ഷേ ആറ് വര്‍ഷം മുന്‍പ് തന്നെ കൊയിലാണ്ടിയില്‍ പെഗാസസുണ്ട്. ഈ പെഗസസ് പക്ഷേ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തില്ല. പിഎസ് സി പരീക്ഷകളില്‍ പരിശീലനം നല്‍കാന്‍ കുറച്ചു ചെറുപ്പക്കാര്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡില്‍ തുടങ്ങിയ സ്ഥാപനമാണ് പെഗസസ്.
2015 മുതല്‍ കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന പെഗസസിന് ഒരു വര്‍ഷം മുന്‍പ് രീതികള്‍ മാറ്റേണ്ടി വന്നു. കോവിഡും ലോക്ക്ഡൗണുമൊക്കെ വന്നപ്പോള്‍ പി എസ് സി കോച്ചിങ് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കി. അതിനായി ഒരു മൊബൈല്‍ അപ്ലിക്കേഷനും തയ്യാറായി. പെഗസസ് ഓണ്‍ലൈന്‍ എന്നാണ് പേര്. ഒരു വര്‍ഷം കൊണ്ട് കൊയിലാണ്ടിയിലെ പെഗസസിനുണ്ടായിരുന്നത് ആയിരത്തോളം ഡൗണ്‍ലോഡുകള്‍ മാത്രമായിരുന്നു. എന്നാല്‍ ചാര സോഫ്റ്റുവെയറിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതോടെ കാര്യങ്ങള്‍ മാറി.
മൂന്ന് ദിവസം കൊണ്ട് ആയിരത്തിയഞ്ഞൂറിലധികം ആളുകള്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു. ഇന്‍സ്റ്റാള്‍ ചെയ്താലുടന്‍ വിളി വരും. ഹിന്ദി, ബംഗാളി, ബീഹാറി അങ്ങനെ പല ഭാഷക്കാരുടെ നിരവധി ഫോണ്‍ കോളുകള്‍. പാതിരാത്രിയിലാണ് പലരും വിളിക്കുക. ഫേസ്ബുക്കില്‍ അപരിചിതരായ ആളുകളുടെ ഫ്രണ്ട് റിക്വസ്റ്റുകളും മെസേജുകളും.
advertisement
'ദിവസവും നിരവധി പേരാണ് ഫോണ്‍ വിളിക്കുന്നത്. ബീഹാറിലെ പ്രാദേശിക ഭാഷകളില്‍ നിന്നടക്കം വിളി വന്നു. പലരും പറയുന്നത് മനസ്സിലാവുന്നേയില്ല. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാലുടന്‍ സ്ഥാപനവുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ലഭിക്കും. അങ്ങനെയാവാം കോളുകള്‍ വരുന്നത്. വിളിക്കുന്നവരില്‍ സ്ത്രീകളുമുണ്ട്. ഫോണ്‍ കോളുകള്‍ മിക്കതും രാത്രി 12 മണിക്ക് ശേഷമാണ്.' പെഗസസിന്‍റെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അബിന്‍ പറയുന്നു.
advertisement
'എല്ലാവര്‍ക്കും അറിയേണ്ടത് ഫോണ്‍ എങ്ങനെ ചോര്‍ത്തുമെന്നാണ്. ചോദിച്ചുതുടങ്ങുമ്പോഴേ കാര്യം മനസിലാവും. അല്ലാതെ കേരള പി എസ് സിയുടെ പരിശീലനം നടത്തുന്ന സ്ഥാപനത്തിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വിളിക്കേണ്ടതില്ലല്ലോ. അറിയാവുന്ന ഹിന്ദിയിലൊക്കെ ഇത് നിങ്ങളുദ്ദേശിക്കുന്ന പെഗാസസ് അല്ലെന്ന് പറഞ്ഞു മടുത്തു.' അബിന്റെ വാക്കുകൾ.
മൊബൈലില്‍ കടന്നുകയറിയാല്‍, ഉടമ അറിയാതെ വിവരങ്ങള്‍ ചോര്‍ത്താനും ക്യാമറ ഉപയോഗിക്കാനും മെസേജുകള്‍ അയക്കാനും ഒക്കെ കഴിയുന്ന സ്പൈ വെയറിനായി നിരവധി പേര്‍ ഗൂഗിളില്‍ തിരയുന്നുണ്ട്. പേരിലെ സാമ്യം തന്നെയാവാം ആളുകളെ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
advertisement
അഞ്ച് വര്‍ഷം മുന്‍പ് പി എസ് സി കോച്ചിങ് സ്ഥാപനത്തിന് പെഗാസസ് എന്ന പേരിട്ടപ്പോള്‍ കളിയാക്കിയവരുണ്ടായിരുന്നെന്ന് സ്ഥാപന ഉടമ സനൂപ് പറയുന്നു. ഗ്രീക്ക് മിത്തോളജിയില്‍ നിന്നാണ് പേര് കണ്ടെത്തിയത്. ഗ്രീക്ക് പുരാണങ്ങളില്‍ പറയുന്ന പറക്കുന്ന കുതിരയാണ് പെഗാസസ്. മുന്നോട്ടു കുതിക്കുക എന്ന അര്‍ത്ഥത്തിലാണ് ആ പേര് സ്വീകരിച്ചതെന്ന് സനൂപ് പറയുന്നു. സ്ഥാപനത്തിന്‍റെ ലോഗോയിലും ആ കുതിരയെ കാണാം. അന്ന് പേരിനെ പരിഹസിച്ചവരൊക്കെ ഇന്ന് പെഗാസസ് എന്ന പേര് ഇത്ര പ്രശസ്തമാവുമെന്ന് കരുതിയിട്ടുണ്ടാവില്ല. സനൂപ് പറഞ്ഞു.
advertisement
ഉദ്ദേശിച്ച അര്‍ത്ഥത്തിലല്ലെങ്കിലും പെഗസസ് ഹിറ്റായ സന്തോഷത്തിലാണ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍. വിവരങ്ങള്‍ ചോര്‍ത്താന്‍ ആപ്പ് തേടിയിറങ്ങിയവര്‍ പക്ഷേ കണക്കിലെ കുറുക്കുവഴികളും വര്‍ഷങ്ങള്‍ ഓര്‍ത്തുവെക്കാനുള്ള സൂത്രവിദ്യയും കണ്ട് നിരാശരായി മടങ്ങേണ്ടിവരും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 24, 2021 11:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇസ്രായേലും കൊയിലാണ്ടിയും തമ്മില്‍ ബന്ധമില്ല; പക്ഷേ, ആറ് വർഷം മുമ്പേ 'പെഗസസ്' ഉണ്ട്