സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പി.എസ്. ശ്രീധരന്‍ പിള്ള; പ്രശ്നപരിഹാരം ക്രിസ്മസിന് ശേഷം
സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പി.എസ്. ശ്രീധരന്‍ പിള്ള; പ്രശ്നപരിഹാരം ക്രിസ്മസിന് ശേഷം
ന്യൂനപക്ഷ ഫണ്ട് വിതരണ അപാകത ഉള്‍പ്പെടെ ക്രൈസ്തവ വിഭാഗത്തിനുള്ള ആശങ്കകള്‍ അവസാനിപ്പിക്കാന്‍ വിവിധ സഭാനേതൃത്വവുമായി പ്രധാനമന്ത്രി ക്രിസ്മസിനുശേഷം ചര്‍ച്ച നടത്തും.
ന്യൂഡല്‍ഹി: സംസ്ഥാനത്തെ ഓർത്തഡോക്സ്- യാക്കോബായ സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ധരിപ്പിച്ചതായും മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്രിസ്മസിനുശേഷം പ്രശ്നപരിഹാരം ആരംഭിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
''സഭാതര്‍ക്കവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചു. തര്‍ക്കമുള്ള രണ്ട് സഭാനേതൃത്വങ്ങള്‍ ഉന്നയിച്ച പരാതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് സഹായങ്ങള്‍ ലഭിക്കുന്നതിന് വിവേചനം നേരിടുന്നുണ്ടെന്ന് സഭാ നേതൃത്വം പരാതിയില്‍ പറയുന്നു. 80:20 എന്ന രീതിയിലാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് വിവേചനപരമാണ്. ഈ വിഷയം പ്രധാനമന്ത്രിയെ അറിയിച്ചു''- ശ്രീധരൻപിള്ള പറഞ്ഞു.
ക്രൈസ്തവ വിഭാഗത്തിനുള്ള ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ന്യൂനപക്ഷ ഫണ്ട് വിതരണ അപാകത ഉള്‍പ്പെടെ ക്രൈസ്തവ വിഭാഗത്തിനുള്ള ആശങ്കകള്‍ അവസാനിപ്പിക്കാന്‍ വിവിധ സഭാനേതൃത്വവുമായി പ്രധാനമന്ത്രി ക്രിസ്മസിനുശേഷം ചര്‍ച്ച നടത്തും. ക്രൈസ്തവ സഭയിലെ പെണ്‍കുട്ടികള്‍ ഐഎസ് സ്വാധീനത്തില്‍പെടുന്നതിനെക്കുറിച്ചു സഭാ നേതൃത്വത്തിനുള്ള ആശങ്കയും പ്രധാനമന്ത്രിയെ അറിയിച്ചതായി ശ്രീധരന്‍ പിള്ള കൂട്ടിച്ചേർത്തു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.