ന്യൂഡൽഹി : ശബരിമല ദർശനം നടത്തിയ യുവതികളായ കനകദുർഗയും ബിന്ദുവും മുഴുവൻ സമയ സുരക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ.
ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ സുരക്ഷ ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. ഹർജി നാളെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്. ഹർജി അടിയന്തിരമായി കേൾക്കണം എന്ന് ഇവർക്കായി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടിരുന്നു.
എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കാൻ നിര്‍ദേശിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കണം, ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സുരക്ഷ നൽകാൻ നിർദേശിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
ദളിത് വിഭാഗക്കാരിയായ തന്റെ സന്ദര്‍ശന ശേഷം ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയത് കോടതി വിധിയുടെ ലംഘനമാണെന്നും തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്നും ബിന്ദുവും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല ദർശനം നടത്തിയതിന്റെ പേരിലാണ് കോഴിക്കോട് എടക്കുളം സ്വദേശി ബിന്ദുവും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനിയായ കനകദുര്‍ഗയും വിവാദത്തിലാകുന്നത്. ഇവർക്കെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. ആ സാഹചര്യത്തിലാണ് ഇരുവരും സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.