'ശശീന്ദ്രന് മന്ത്രിയായി നാളെ നിയമസഭയില് ഉണ്ടാകരുത്': പ്രതിപക്ഷ നേതാവ് വി ഡി സതീശന്
'ശശീന്ദ്രന് മന്ത്രിയായി നാളെ നിയമസഭയില് ഉണ്ടാകരുത്': പ്രതിപക്ഷ നേതാവ് വി ഡി സതീശന്
സത്യസന്ധമായി നടക്കേണ്ട കേസന്വേഷണത്തില് നിന്ന് പരാതിക്കാരിയെ, തന്റെ രാഷ്ട്രീയ സ്വാധീനവും ഔദ്യോഗിക പദവിയും ഉപയോഗിച്ച് പരാതിയില് നിന്നും പിന്മാറാന് ആവശ്യപ്പെടുകയെന്ന ഗുരുതരമായ കുറ്റമാണ് മന്ത്രി ചെയ്തത്. - വി ഡി സതീശൻ
തിരുവനന്തപുരം: യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീര്പ്പാക്കാന് ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം മന്ത്രി എ കെ ശശീന്ദ്രനെ മന്ത്രിസഭയില് നിന്നും പുറത്താക്കാന് മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പരാതിയുടെ സാഹചര്യത്തില് ശശീന്ദ്രന് മന്ത്രിയായി നാളെ നിയമസഭയില് ഉണ്ടാകരുത്. സത്യസന്ധമായി നടക്കേണ്ട കേസന്വേഷണത്തില് നിന്ന് പരാതിക്കാരിയെ, തന്റെ രാഷ്ട്രീയ സ്വാധീനവും ഔദ്യോഗിക പദവിയും ഉപയോഗിച്ച് പരാതിയില് നിന്നും പിന്മാറാന് ആവശ്യപ്പെടുകയെന്ന ഗുരുതരമായ കുറ്റമാണ് മന്ത്രി ചെയ്തത്. മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്ത ശശീന്ദ്രന് ഒരു നിമിഷം പോലും അധികാരത്തില് തുടരാനുള്ള അര്ഹതയില്ലെന്ന് വി ഡി സതീശന് പറഞ്ഞു.
യുക്തിരഹിതമായ, ദുര്ബലമായ വാദങ്ങളാണ് ശശീന്ദ്രന് ഉന്നയിക്കുന്നത്. പീഡിപ്പിച്ചു എന്നു പറഞ്ഞ് പെണ്കുട്ടി പൊലീസ് സ്റ്റേഷനില് നല്കിയ പരാതിയില് നിലനില്ക്കുമ്പോഴാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ശശീന്ദ്രന് പരാതി ഒതുക്കി തീര്ക്കാന് ശ്രമിച്ചത്. ഇതാണോ സി.പി.എമ്മിന്റെ സ്ത്രീപക്ഷ കാമ്പയിൻ. സ്ത്രീപക്ഷത്തിന് വേണ്ടി സംസാരിക്കാന് മുഖ്യമന്ത്രിക്ക് ഇനി കഴിയുമോ? വിഷയം അറിയാതെ ഇടപെട്ടെന്നാണ് മന്ത്രി ആദ്യം പറഞ്ഞത്. ഇത് യുക്തിരഹിതമായ വാദമാണ്. ഈ മന്ത്രിയെ മന്ത്രിസഭിയില് വച്ചുകൊണ്ടിരിക്കുന്നത് ഭൂഷണമാണെന്ന് കാണുകയാണെങ്കില് പ്രതിപക്ഷം മറ്റ് മാര്ഗങ്ങള് തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കൊല്ലം നിലമേല് പഞ്ചായത്ത് പി എച്ച് സി ഉപരോധിച്ചതിന്റെ പേരില് അഞ്ച് വനിതകൾ ഉള്പ്പെടെ പത്ത് പഞ്ചായത്ത് അംഗങ്ങളെ കള്ളക്കേസില് കുടുക്കി ജയിലില് ഇട്ടിരിക്കുകയാണ്. രണ്ടാം തവണ അധികാരത്തില് എത്തിയതിന്റെ ധിക്കാരമാണിത്. മരം മുറിയുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖ നല്കിയതിന്റെ പേരില് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുത്തു. ഒരു സ്ത്രീയ്ക്ക് എതിരെയാണ് റവന്യൂ പ്രിന്സിപ്പല് സെക്രട്ടറി പ്രതികാര നടപടി സ്വീകരിച്ചത്. സ്ത്രീകളോട് എന്തും ചെയ്യാമെന്ന വൃത്തികേടാണ് ഇവിടെ നടക്കുന്നത്. ഇതിനൊക്കെ നിയമസഭയില് സര്ക്കാര് ഉത്തരം പറയേണ്ടിവരുമെന്നും സതീശൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.