• HOME
 • »
 • NEWS
 • »
 • kerala
 • »
 • ആരോഗ്യ വിവരങ്ങള്‍ കനേഡിയൻ ഏജൻസിക്ക് കൈമാറിയതിൽ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

ആരോഗ്യ വിവരങ്ങള്‍ കനേഡിയൻ ഏജൻസിക്ക് കൈമാറിയതിൽ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

ജനങ്ങളുടെ അറിവില്ലാതെ, യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ, വ്യക്തികളുടെ അനുവാദം കൂടാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ഭരണകൂടം ശേഖരിക്കുന്നത് ഇന്ത്യന്‍ ഭാരണഘടന പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ്.

രമേശ് ചെന്നിത്തല, പിണറായി വിജയൻ

രമേശ് ചെന്നിത്തല, പിണറായി വിജയൻ

 • Share this:
  തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍  കനേഡിയന്‍  ഗവേഷണ ഏജന്‍സിയായ  പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ചിനു വിറ്റ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സംസ്ഥാനത്തെ പത്തു ലക്ഷം ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് വിറ്റ വിവരം   പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ കാരവന്‍ ആണ് പുറത്തു കൊണ്ടുവന്നത്. ഇതിന്റെ ഡിജിറ്റല്‍ തെളിവുകളും പുറത്തു വിട്ടിട്ടുണ്ട്.

  സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ചിട്ടുള്ള രാജ്യത്ത് ഒരു വ്യക്തിയുടെ അറിവോ സമ്മതമോ കൂടാതെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ പാടില്ല എന്നതാണ് നിയമം എന്നിരിക്കെ  ഈ നടപടിയെക്കുറിച്ചു അടിയന്തരമായി അന്വേഷണം നടത്തണം എന്നാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്.

  കത്തിന്റെ പൂര്‍ണ രൂപം താഴെ :

  സംസ്ഥാനത്തെ 10 ലക്ഷം ജനങ്ങളുടെ സമഗ്ര ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ ഗവേഷണ ഏജന്‍സിയായ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിനു (പിഎച്ച്ആര്‍ഐ) കൈമാറിയത് സംബന്ധിച്ച അതീവ ഗുരുതരമായ വാര്‍ത്ത പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ 'ദി കാരവന്‍' പുറത്തുവിട്ടത് താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടു കാണുമല്ലോ.

  കേരള സര്‍ക്കാരിന്റെ കിരണ്‍ ആരോഗ്യ സര്‍വേ (കേരള ഇന്‍ഫര്‍മേഷന്‍ ഓണ്‍ റസിഡന്റ്‌സ് - ആരോഗ്യം നെറ്റ് വര്‍ക്) പദ്ധതി  വഴിയാണ് കനേഡിയന്‍ കമ്പനി വിവരങ്ങള്‍ ശേഖരിക്കുന്നത് എന്നാണ് ഡിജിറ്റല്‍ തെളിവ് സഹിതം കാരവന്‍  പുറത്തുവിട്ടിരിക്കുന്നത്. ആരോഗ്യവകുപ്പ് മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും കോവിഡ് വിഷയത്തില്‍ താങ്കളുടെ ഉപദേശകനുമായ രാജീവ് സദാനന്ദനും, പിഎച്ച്ആര്‍ഐയുടെ തലവന്‍  ഡോ. സലീം യൂസഫ്, ഡോക്ടര്‍ വിജയകുമാര്‍ എന്നിവരുടെ ഇമെയില്‍ സന്ദേശങ്ങളാണ് ഈ തെളിവുകള്‍. ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കമ്പനി കോടികളാണ് മുടക്കിയത് എന്ന വിവരം ഈ പദ്ധതിയുടെ മറവില്‍ വന്‍ അഴിമതി നടന്നു എന്നതിന്റെ തെളിവാണ്. കേന്ദ്രസര്‍ക്കാരിന്റെ പോലും അനുമതിയില്ലാതെ, സംസ്ഥാനത്തെ ജനങ്ങളെ പോലും ഇരുട്ടില്‍ നിര്‍ത്തിയാണ് ഈ ഡാറ്റ കച്ചവടം എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

  Also Read സ്പ്രി​​​ങ്ക്ള​​​ർ : സർക്കാർ സമിതിയുടെ റിപ്പോർട്ട് പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നത്

  കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സ്പ്രിങ്ക്‌ളര്‍ കമ്പനിക്ക് നല്‍കിയതില്‍ ക്രമക്കേടും അഴിമതിയും ഞാന്‍ ഉന്നയിച്ചിരുന്നല്ലോ. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ നിയോഗിച്ച അന്വേഷണക്കമ്മീഷന്‍ ഈ ഡാറ്റ കച്ചവടം ശരിവച്ചതാണ്.  ജനങ്ങളുടെ വ്യക്തി വിവരങ്ങള്‍ക്ക്  ജീവനോളം വിലയുണ്ട്  എന്നാണ് സ്പ്രിങ്ക്‌ളര്‍ കേസില്‍ ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്

  ജനങ്ങളുടെ അറിവില്ലാതെ, യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ, വ്യക്തികളുടെ അനുവാദം കൂടാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ഭരണകൂടം ശേഖരിക്കുന്നത് ഇന്ത്യന്‍ ഭാരണഘടന പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ്.
  ഇന്ത്യന്‍  ഭരണഘടയുടെ  അടിസ്ഥാന  ശിലയായ മൗലികാവകാശങ്ങളിൽ  ഏറ്റവും സുപ്രധാനമാണ് ജീവിക്കാനുള്ള അവകാശമായ ഇരുപത്തിയൊന്നാം അനുച്ഛേദം(right to Life) എന്ന് താങ്കള്‍ക്ക് അറിയാമല്ലോ. ഒരു വ്യക്തിക്ക് അന്തസോടെ ജീവിക്കാന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവശമാണ് ഇത്. 2018 ലെ (Retd) ജസ്റ്റിസ് പുട്ടസ്വാമി കേസില്‍ ഒരു വ്യക്തിയുടെ സ്വകാര്യത ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന  ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് എന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ അറിവോടുകൂടിയ സമ്മതം ( Informed  consent ) കൂടാതെ സ്വകാര്യ വിവരങ്ങള്‍ ഭരണകൂടം ശേഖരിക്കാന്‍ പാടില്ല എന്ന്  സുപ്രീം കോടതി ഈ വിധിയില്‍ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസുരക്ഷയെ അടക്കം ബാധിക്കുന്ന അടിയന്തര സാഹചര്യത്തില്‍ മാത്രമേ ഒരു വ്യക്തിയുടെ അറിവോടെയല്ലാതെ സ്വകാര്യതയിലേക്കു കടന്നുകയറാന്‍ സാധിക്കുകയുള്ളു.

  ഈ സാഹചര്യത്തില്‍ രാജ്യത്തെ നിയമങ്ങളെ എല്ലാം കാറ്റില്‍ പറത്തി കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് വിറ്റ സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്താന്‍  താങ്കള്‍  നിര്‍ദ്ദേശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
  Published by:Aneesh Anirudhan
  First published: