ആലപ്പുഴയിൽ (Alappuzha) പരോളിലിറങ്ങിയ കൊലക്കേസ് പ്രതി ഡിവൈഎഫ്ഐ (DYFI) ഭാരവാഹി.കഴിഞ്ഞ ദിവസം നടന്ന ആര്യാട് ഐക്യഭാരതം മേഖലാ കമ്മറ്റിയുടെ വൈസ് പ്രസിഡൻ്റായാണ് കോവിഡ് ആനുകൂല്യത്തിൽ പരോളിലിറങ്ങിയ ആൻ്റണി ജോസഫിനെ (Antony joseph) തെരഞ്ഞെടുത്തത്. കാളാത്ത് സ്വദേശി അജു എന്ന യുവാവിനെ ആളുമാറി കൊലപ്പെടുത്തിയ കേസിൽ ആണ് ആൻറണിയെ കോടതി ശിക്ഷിച്ചത്
2008 നവംബർ 16ന് ആലപ്പുഴ നഗരത്തിലെ കാളാത്ത് വാർഡിൽ അജു എന്ന 25കാരനെ ആളുമാറി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ആലപ്പുഴ ജില്ലാ കോടതി ആൻറണി ഉൾപ്പെടെയുള്ള 7 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പിന്നീട് കീഴ്ക്കോടതി വിധി ഹൈക്കോടതിയും ശരിവച്ചു.
കോവിഡ് ആനുകൂല്യത്തിൽ പരോളിലിറങ്ങിയ ശേഷമാണ് ആന്റണി ഡിവൈഎഫ്ഐ ഐക്യ ഭാരതം മേഖലാ കമ്മറ്റിയുടെ സമ്മേളന പ്രതിനിധിയായി എത്തുന്നതും ഭാരവാഹിത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും. പരോളിലായ വ്യക്തി എങ്ങനെയാണ് സമ്മേളന പ്രതിനിധിയായത് എന്നതിനെ സംബന്ധിച്ച് വിശദീകരണം നൽകാൻ ഡിവൈഎഫ്ഐ ക്ക് ആയിട്ടില്ല. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് അറിവില്ലായിരുന്നു എന്ന് ജില്ലാ സെക്രട്ടറി ആർ നാസർ സ്ഥിരീകരിച്ചു.
ആലപ്പുഴയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു അജു വധക്കേസ്. മറ്റൊരാളെ തേടിയെത്തിയ ക്രിമിനൽ സംഘം ആളുമാറി അജു ഉൾപ്പടെയുള്ള രണ്ട് പേരെ വെട്ടുകയായിരുന്നു. അക്രമത്തിന് ശേഷം സമീപത്തേക്ക് ആരേയും അടുക്കാനോ രക്ഷപെടുത്താനോ പോലും അക്രമികൾ അനുവദിച്ചില്ല. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ തന്നെ അന്ന് രംഗത്തെത്തിയിരുന്നു എന്നതും വിരോധാഭാസം.
പാർട്ടിയിൽ വിഭാഗിയത മുതലെടുത്ത് ക്രിമിനലുകൾ കയറിപ്പറ്റുന്നു എന്ന് ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട് തന്നെ വ്യക്തമാക്കി ആഴ്ചകൾ പിന്നിടുമ്പോഴാണ് യുവജന സംഘടനയുടെ നേതൃത്വത്തിലേക്ക് കോലക്കേസ് പ്രതി എത്തുന്നത്. ഏരിയാ സമ്മേളന കാലയളവിൽ രാമങ്കരി ഉൾപ്പടെയുള്ള ഇടങ്ങളിൽ വാഹനം കത്തിക്കലടക്കമുള്ള കേസുകൾ സമ്മേളനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിരുന്നു. ക്രിമിനൽ വത്കരണം രൂക്ഷമാകുന്നു എന്ന് ആരോപണം കടുക്കുന്നതിനിടയിൽ ആണ് പുത്തൻ നടപടികൾ
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.