കോട്ടയം: രാത്രി ഏറെ വൈകിയും ഫോണിൽ സംസാരിച്ചതിന് പിതാവ് വഴക്കു പറഞ്ഞ സങ്കടത്തിൽ യുവാവ് ജീവനൊടുക്കി. പെരുവ ആറക്കൽ ജോസഫ്-ലൈസ ദമ്പതികളുടെ മകൻ ലിഖിൽ ജോസഫ് (28) ആണ് മരിച്ചത്. പിതാവ് വഴക്കു പറഞ്ഞതിന് പിന്നാലെ വീടു വിട്ടിറങ്ങിയ ലിഖിലിനെ വീടിന് കുറച്ചകലെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയ്ക്കും വീടിന്‍റെ മുകൾ നിലയിലെ മുറിയിൽ ലിഖിൽ ആരോടോ ഫോണിൽ സംസാരിച്ചിരുന്നു. ശബ്ദം കേട്ടെത്തിയ പിതാവ് ഫോൺ പിടിച്ചു വാങ്ങി ഇയാളോട് ഉറങ്ങാൻ ആവശ്യപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് പിന്നാലെ വീട്ടുകാരുമായി വഴക്കിട്ട യുവാവ് വീട്ടിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു.
ലിഖിലിനെ അന്വേഷിച്ചറങ്ങിയ വീട്ടുകാർ ഇതിനിടെ വെള്ളൂർ പൊലീസിലും വിവരം അറിയിച്ചിരുന്നു. വീട്ടുകാരും പൊലീസും അന്വേഷണം തുടരുന്നതിനിടെ പുലർച്ചെ അഞ്ചരയോടെ നടക്കാനിറങ്ങിയ ആളുകളാണ് പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിനും തടിമില്ലിനും സമീപത്തു നിന്നും ദേഹമാസകലം പൊള്ളലേറ്റ നിലയിൽ യുവാവിനെ കണ്ടെത്തിയത്.
ഉടൻ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് 5 ന് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ പള്ളിയില്‍ നടക്കും.
ഒഇഎൻ ഇന്ത്യ ലിമിറ്റഡ് ജീവനക്കാരനാണ് ലിഖിൽ. കുറച്ചു നാളായി ഇയാൾ മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നുണ്ട്. സഹോദരങ്ങൾ ജിഞ്ചു ജോസഫ്, ലിനു ജോസഫ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.