മുംബൈ: ഒരു സ്ത്രീയെ തെരുവിലോ പൊതുഗതാഗത സംവിധാനങ്ങളിൽ വെച്ചോ ലൈംഗിക ആസ്വാദന ഉദ്ദേശത്തോടെ തൊടുന്നത് അവരുടെ ഭാഗത്ത് നിന്ന് സമ്മതം ഉണ്ടായിട്ടാണെന്ന് കരുതാനാവില്ലെന്നും ഇത്തരം സംഭവങ്ങളിൽ പ്രതികരിക്കാത്തതിൽ അവർക്കെതിരെ കുറ്റം ആരോപിക്കാൻ സാധിക്കില്ലെന്നും മുംബൈ കോടതി. ഹോളിവുഡ് താരം റിച്ചാർഡ് ഗെരെ ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയെ ചുംബിച്ച കേസ് പരിഗണിക്കവെയാണ് മുംബൈ കോടതിയുടെ പരാമർശം.
നടിയുടെ ഭാഗത്തുനിന്ന് യാതൊരു അശ്ലീല പ്രവർത്തിയും ഉണ്ടായിട്ടില്ലെന്ന് കേസിൽ ശിൽപ്പ ഷെട്ടിയെ വെറുതെവിട്ട മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ട് അഡീഷണൽ സെഷൻസ് ജഡ്ജി എസ് സി ജാദവ് കഴിഞ്ഞയാഴ്ച പറഞ്ഞു. കേസിന്റെ വിശദമായ ഉത്തരവ് ചൊവ്വാഴ്ചയാണ് ലഭിച്ചത്. 2007-ൽ രാജസ്ഥാനിൽ നടത്തിയ ഒരു പരിപാടിയ്ക്കിടെയാണ് ഗെരെ ശില്പാഷെട്ടിയെ പരസ്യമായി ചുംബിച്ചത്. ഐപിസി സെക്ഷൻ 292 പ്രകാരം അശ്ലീലത, ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ്,
സ്ത്രീകളുടെ അനുചിതമായ പ്രാതിനിധ്യ (നിരോധനം) നിയമം എന്നീ വകുപ്പുകൾ പ്രതിക്കെതിരെ (ഷെട്ടി) ചുമത്താൻ മതിയായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. എന്നാൽ, കീഴ്ക്കോടതിയുടെ ഉത്തരവ് നിയമപരമാണെന്ന് ചൂണ്ടിക്കാട്ടി ശിൽപ ഷെട്ടിയുടെ അഭിഭാഷകനായ പ്രശാന്ത് പാട്ടീൽ അപ്പീൽ എതിർത്തു. പ്രോസിക്യൂഷൻ ഉന്നയിച്ച ചാർജുകൾ ഫ്രെയിം ചെയ്യാൻ തെളിവുകളൊന്നുമില്ല, അതിനാൽ അപ്പീൽ തള്ളണമെന്നും പാട്ടീൽ വാദിച്ചു.
‘ഒരു സ്ത്രീയെ തെരുവിൽ വെച്ചോ പൊതുവഴിയിലോ പൊതുഗതാഗത സംവിധാനങ്ങളിൽ വച്ചോ സ്പർശിക്കുന്നത് അവരുടെ പങ്കാളിത്തതോടെയോ സമ്മതത്തോടെയാണെന്ന് കരുതാനാവില്ലെന്ന് ഇരുഭാഗവും കേട്ട ശേഷം ഏപ്രിൽ 3 ന് കോടതി പറഞ്ഞു. ഈ കേസിൽ ശിൽപ്പ ഷെട്ടി ചുംബിച്ചില്ല, മറിച്ച് റിച്ചാർഡ് നടിയെ ചുബിക്കുകയായിരുന്നുവെന്നതാണ് വസ്തുതയെന്നും കോടതി ചൂണ്ടിക്കാട്ടി. അവരുടെ ഭാഗത്ത് യാതൊരു അശ്ലീലതയുമില്ല. പരാതിക്കാരിയെ ശല്യപ്പെടുത്തിയതായി പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ജഡ്ജി പറഞ്ഞു.
രേഖകളിലും പോലീസ് റിപ്പോർട്ടിലും രേഖപ്പെടുത്തിയിരിക്കുന്നത് പരിശോധിച്ചാൽ പ്രതികൾക്കെതിരെ കുറ്റം ചുമത്താനുള്ള വസ്തുതകളൊന്നുമില്ല. മജിസ്ട്രേറ്റിന്റെ ഉത്തരവിന് മേൽ ഈ കോടതിയുടെ ഇടപെടൽ ആവശ്യമില്ലെന്നും, മജിസ്ട്രേറ്റ് തന്റെ മുമ്പാകെ വെച്ച കാര്യങ്ങൾ ശരിയായി പരിഗണിച്ചിട്ടുണ്ടെന്നും സെഷൻസ് കോടതി ജഡ്ജി പറഞ്ഞു.
2007ൽ നടന്ന സംഭവം വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. ഇതേതുടർന്ന് സംഭവത്തിൽ പരാതികൾ ലഭിച്ചതിനെ തുടർന്ന് രാജസ്ഥാൻ പോലീസ് ഗെരിനും ഷെട്ടിക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. 2017-ൽ സുപ്രീം കോടതിയുടെ ഉത്തരവിലൂടെ കേസ് പിന്നീട് മുംബൈയിലേക്ക് മാറ്റുകയായിരുന്നു. 2022-ൽ മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതി ശിൽപ്പ ഷെട്ടിയ്ക്കെതിരേയുള്ള കേസ് തള്ളുകയായിരുന്നു. എന്നാൽ മജിസ്ട്രേറ്റിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mumbai court, Shilpa shetty