ചെന്നൈയിൽ ഇപ്പോൾ ഉള്ള ഔദ്യോഗിക വസതി ഒഴിയാതിരിക്കാൻ തന്നെ ഏതെങ്കിലും വടക്ക് – കിഴക്കൻ സംസ്ഥാനത്തെ കോടതിയിലേയ്ക്ക് സ്ഥലം മാറ്റണമെന്ന മദ്രാസ് ഹൈക്കോടതി ജഡ്ജി വി.എം വേലുമണിയുടെ അപേക്ഷ സുപ്രീം കോടതി കൊളീജിയം തള്ളി. കൽക്കട്ട ഹൈക്കോടതിയിലേയ്ക്ക് വി എം വേലുമണിയെ സ്ഥലം മാറ്റാൻ നേരത്തെ നൽകിയ നിർദേശം കൊളീജിയം ആവർത്തിച്ചു. ത്രിപുരയിലേയ്‌ക്കോ മണിപ്പൂരിലേക്കോ മറ്റേതെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനത്തിലേക്കോ സ്ഥലം മാറ്റണമെന്നായിരുന്നു ജസ്റ്റിസ് വേലുമണിയുടെ അഭ്യർഥന.
അങ്ങനെ അവർക്ക് ചെന്നൈയിലെ ഔദ്യോഗിക വസതി നിലനിർത്താൻ കഴിയുമായിരുന്നു. എന്നാൽ ജസ്റ്റിസ് വേലുമണിയുടെ കൽക്കത്തയിലേക്കുള്ള സ്ഥലംമാറ്റം പുനഃപരിശോധിക്കുന്നതിനോ വടക്കുകിഴക്കൻ ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തിലെ ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന അവരുടെ അഭ്യർത്ഥന അംഗീകരിക്കുന്നതിനോ ന്യായമായ യാതൊരു കാരണവുമില്ലെന്ന് കൊളീജിയം പ്രസ്താവനയിൽ പറഞ്ഞു.
ജസ്റ്റിസ് വി എം വേലുമണി 2023 മാർച്ച് 17 ന് നൽകിയ അപേക്ഷയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏതെങ്കിലും ഹൈക്കോടതിയിലേക്കോ അല്ലെങ്കിൽ മണിപ്പൂരിലേക്കോ ത്രിപുരയിലേക്കോ അവരെ സ്ഥലം മാറ്റണമെന്നും അങ്ങനെയെങ്കിൽ ചെന്നൈയിലെ അവരുടെ നിലവിലെ ഔദ്യോഗിക വസതി നിലനിർത്താൻ കഴിയുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ തന്നെ നിലനിർത്താനുള്ള ജസ്റ്റിസ് വി എം വേലുമണിയുടെ അപേക്ഷ കൊളീജിയം നേരത്തെ തള്ളിയിരുന്നു. അവരെ കൽക്കട്ട ഹൈക്കോടതിയിലേക്ക് മാറ്റാനാണ് കൊളീജിയത്തിന്റെ ശുപാർശ.
ആ തീരുമാനം പുനഃപരിശോധിക്കാൻ സാധുവായ യാതൊരു കാരണങ്ങളും നിലവിലില്ല എന്നും പ്രസ്താവനയിൽ പറഞ്ഞു. 2022 സെപ്റ്റംബർ 29ൽ ജസ്റ്റിസ് വേലുമണിയെ കൊൽക്കത്ത ഹൈക്കോടതിയിലേക്ക് മാറ്റാൻ കൊളീജിയം ആദ്യം ശുപാർശ ചെയ്തിരുന്നു. തുടർന്ന് 2022 ഒക്‌ടോബർ 14-ൽ ഒരു കത്തിലൂടെ വി എം വേലുമണി ആ ശുപാർശ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു. പുനഃപരിശോധിക്കാനുള്ള അവരുടെ അഭ്യർത്ഥന കൊളീജിയം നിരസിക്കുകയും 2022 നവംബർ 24 ലെ തീരുമാനത്തിലൂടെ അവരുടെ സ്ഥലംമാറ്റ ശുപാർശ ആവർത്തിക്കുകയും ചെയ്തു.
മണിപ്പൂരിലോ ത്രിപുരയിലോ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഹൈക്കോടതിയിലേക്കോ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് വേലുമണി മാർച്ച് 17ന് വീണ്ടും സുപ്രീംകോടതി കൊളീജിയത്തിന് കത്തെഴുതി. അതാണ് ഇപ്പോൾ മതിയായ കാരണമില്ലെന്ന് പറഞ്ഞ് കൊളീജിയം തള്ളിയത്. കൊളീജിയത്തിൽ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ്, എം.ആർ.ഷാ, അജയ് രസ്തോഗി എന്നിവരാണുള്ളത്.
കൊളീജിയത്തിന് മുന്നിൽ വന്ന മറ്റൊരു അപേക്ഷയിൽ ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമ്മയെ നിലവിൽ നിയമിക്കുന്ന പട്‌ന ഹൈക്കോടതിയിൽ നിന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന അപേക്ഷ കൊളീജിയം അംഗീകരിച്ചു. തന്റെ ആരോഗ്യനില മോശമായതിനാലും പട്‌നയിൽ മതിയായ മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലും അദ്ദേഹം രാജസ്ഥാൻ ഹൈക്കോടതിയിലേയ്ക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: High court, Judge, Supreme court