AC | കൊടും ചൂടിൽ വീർപ്പുമുട്ടി രാജ്യം; റെക്കോർഡ് വിൽപ്പന ലക്ഷ്യമിട്ട് എസി നിർമ്മാതാക്കൾ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ജൂണിലും ഉയർന്ന വിൽപ്പനയാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്.
കോവിഡ് (COVID)പ്രതിസന്ധിയിൽ തളർച്ച നേരിട്ട രാജ്യത്തെ എയർകണ്ടീഷണർ (Air conditioner) വിപണി വീണ്ടും സജീവമായി. രണ്ട് വർഷത്തിന് ശേഷം ഒരു മികച്ച സീസൺ ലഭിച്ചതിന്റെ സന്തോഷത്തിലാണ് രാജ്യത്തെ എസി നിർമാതാക്കൾ. ഈ വർഷം വേനൽ നേരത്തെ എത്തിയതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ഉഷ്ണ തരംഗത്തിന്റെ പിടിയിലായതും എസി വിപണിയ്ക്ക് ഉണർവ് നൽകി.
ഈ സീസണിൽ റെക്കോഡ് വിൽപ്പനയാണ് എസി നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് എസി വിൽപ്പന കുതിച്ചുയർന്നിരുന്നു. ഏപ്രിലിൽ ഏകദേശം 17.5 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന നടത്തി, മുൻ വർഷം ഇതേകാലയളവിലെ വിൽപ്പനയുടെ ഇരട്ടിയോളം വരുമിത്. ഈ സീസണിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50-60 ശതമാനം വളർച്ചയാണ് ആഭ്യന്തര എസി നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. കോവിഡിന് മുമ്പുള്ള കാലയളവിലേതിനേക്കാൾ ഏകദേശം 25-30 ശതമാനം വർധനയാണ് വിൽപ്പനയിൽ ലക്ഷ്യമിടുന്നത്. ജൂണിലും ഉയർന്ന വിൽപ്പനയാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്.
advertisement
കോവിഡ് 19 മഹാമാരി കാരണം കഴിഞ്ഞ സീസണുകൾ എസി നിർമാതാക്കൾക്ക് നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ തടസ്സങ്ങളൊന്നും ഉണ്ടാകില്ല എന്ന പ്രതീക്ഷയിലാണ് വിപണി. ചൈനയിലെ ലോക്ഡൗൺ കാരണം വിതരണ ശൃംഖല പ്രതിസന്ധി നേരിടുന്നതിനിടെയാണ് വിൽപ്പന ഉയർന്നിരിക്കുന്നത്. എസി നിർമാണത്തിനാവശ്യമായ നിരവധി ഘടകങ്ങൾ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രിൽ
advertisement
122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രിലാണ് കടന്നു പോയത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊടും ചൂടാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉഷ്ണ തരംഗം അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
“ മുമ്പുള്ളതിൽ നിന്നും വ്യത്യസ്തമാണ് ഈ വർഷത്തെ വേനൽക്കാലം. സാധാരണയായി ഏപ്രിലിൽ അനുഭവപ്പെട്ടിരുന്ന തരത്തിലുള്ള ചൂടാണ് ഈ വർഷം മാർച്ചിൽ ഉണ്ടായത്. അതിന്റെ ഫലമായി, എസി വിൽപ്പന കുതിച്ചുയർന്നു. ഈ വർഷം ജനുവരി-ജൂൺ മാസങ്ങളിലെ വിൽപ്പന കഴിഞ്ഞ വർഷത്തേക്കാൾ വളരെ ഉയർന്നതായിരിക്കും ” കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (CEAMA) പ്രസിഡന്റ് എറിക് ബ്രാഗൻസ പറഞ്ഞു.
advertisement
എസി നിർമ്മാതാക്കളായ ഹാവെൽസ് ഇന്ത്യ, വോൾട്ടാസ്, ഗോദ്‌റെജ് അപ്ലയൻസസ് എന്നിവ കഴിഞ്ഞ മാസങ്ങളിൽ റെക്കോർഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ഹാവെൽസ് ഏപ്രിലിൽ 250,000 യൂണിറ്റുകൾ വിറ്റു, ഇത് ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണ്. അതുപോലെ വോൾട്ടാസും ഈ സീസണിൽ ഉയർന്ന വിൽപ്പന രേഖപ്പെടുത്തി. ദശാബ്ദത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലം രേഖപ്പെടുത്തിയ 2019 ഏപ്രിലിലെ അതേ അളവിലേക്ക് വോൾട്ടാസിന്റെ വിൽപ്പന എത്തിയതായി കമ്പനിയുടെ വക്താവ് അറിയിച്ചു.
advertisement
ഘടകങ്ങളുടെ ക്ഷാമം
കൊവിഡിനെ തുടർന്നുള്ള ചൈനയിലെ ലോക്ക്ഡൗണുകൾ കാരണം വിതരണ ശൃംഖല സമ്മർദ്ദത്തിലാണ്. അർദ്ധചാലകങ്ങൾ, കൺട്രോളറുകൾ, കംപ്രസ്സറുകൾ തുടങ്ങി പലസുപ്രധാനഘടകങ്ങളുടെയുംവിതരണത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. ഇത് എസി നിർമാണ മേഖയ്ക്ക് വെല്ലുവിളി ആയിരിക്കുകയാണ്. ” ലോക്ക്ഡൗൺ ജൂൺ വരെ തുടർന്നാൽ സ്ഥിതി കൂടുതൽ വഷളാകും. ചൈന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞാൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകാൻ മൂന്ന് മാസമോ അതിൽ കൂടുതലോ കാത്തിരിക്കേണ്ടി വരും” ഗോദ്‌റെജ് ആൻഡ് ബോയ്‌സിയുടെ ഭാഗമായ ഗോദ്‌റെജ് അപ്ലയൻസസിന്റെ ബിസിനസ് ഹെഡും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്ദി പറഞ്ഞു. 2019നെ അപേക്ഷിച്ച് ഈ വർഷം ഇതുവരെയുള്ള വിൽപ്പനയിൽ 20 ശതമാനം വർധനയാണ് ഗോദ്‌റെജ് അപ്ലയൻസസ് റിപ്പോർട്ട് ചെയ്തത്.
advertisement
ഘടകങ്ങളുടെ ലഭ്യതയിൽ ഉണ്ടായ കുറവ് എയർകണ്ടീഷണറുകളിലെ 'ഫൈവ് സ്റ്റാർ' വിഭാഗത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ മോഡലുകൾക്ക് ആവശ്യമായ കൺട്രോളറുകൾക്കും കംപ്രസ്സറുകൾക്കും രൂക്ഷമായ ക്ഷാമം ആണ് അനുഭവപ്പെടുന്നത്. ഈ ഘടകങ്ങൾക്കായി നിർമാതാക്കൾക്ക് ഹ്രസ്വകാലത്തേക്ക് മറ്റ് സ്രോതസ്സുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതേ തുടർന്ന് ഉൽപാദനത്തിൽ ഇടിവുണ്ടാക്കിയിരിക്കുകയാണ്.
വില വർധന
ഘടകങ്ങളുടെ ക്ഷാമവും വിതരണ ശൃംഖലയിലെ നിയന്ത്രണങ്ങളും എസിയുടെ വില വർധനയ്ക്ക് കാരണമായിട്ടുണ്ട്. എസി നിർമ്മാതാക്കളിൽ പലരും ജനുവരി മുതൽ വിലയിൽ 10-12 ശതമാനം വരെ വർധന വരുത്തിയിട്ടുണ്ട്. എന്നാൽ, വില വർധനയും പല മോഡലുകളുടെയും ലഭ്യത കുറവും എസി വാങ്ങുന്നതിൽ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിച്ചിട്ടില്ലെന്നാണ് ചില്ലറ വ്യാപാരികൾ പറയുന്നത്. ചൂട് കണക്കിലെടുത്ത് ഉപഭോക്താക്കൾ ബ്രാൻഡും മോഡലും കണക്കിലെടുക്കാതെ എസി വാങ്ങാൻ തയ്യാറാവുകയാണ്. വില വർധന പോലും ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നില്ല. വില വർധന കാര്യമാക്കാതെ ഇഎംഐ ഓപ്ഷൻ പ്രയോജനപ്പെടുത്തുകയാണ് ഉപഭോക്താക്കളിൽ ഏറെ പേരും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 13, 2022 8:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
AC | കൊടും ചൂടിൽ വീർപ്പുമുട്ടി രാജ്യം; റെക്കോർഡ് വിൽപ്പന ലക്ഷ്യമിട്ട് എസി നിർമ്മാതാക്കൾ


