നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • 'എങ്ങനെ സെക്സിലേർപ്പെടാം എന്ന് പഠിപ്പിക്കുന്നതല്ല ലൈംഗിക വിദ്യാഭ്യാസം'; ദേശീയ വിദ്യാഭ്യാസ നയം മറന്നുപോയത്

  'എങ്ങനെ സെക്സിലേർപ്പെടാം എന്ന് പഠിപ്പിക്കുന്നതല്ല ലൈംഗിക വിദ്യാഭ്യാസം'; ദേശീയ വിദ്യാഭ്യാസ നയം മറന്നുപോയത്

  ലൈംഗികതയെക്കുറിച്ചും ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും മുതിർന്നവരുമായി വിശദവും വിവരദായകവുമായ ചർച്ച കൗമാരക്കാർക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ ലഭിക്കാറില്ല.

  News18 Malayaam

  News18 Malayaam

  • Share this:
   യശോധര മുഖർജി

   ''പതിനാലാം വയസ്സിൽ ഞാൻ ഒൻപതാം ക്ലാസിലായിരുന്നപ്പോഴാണ് ബയോളജി ക്ലാസിലെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയത്''- 26 കാരിയായ പ്രിയങ്ക* പറയുന്നു. സാനിറ്ററി നാപ്കിൻ കൊണ്ടുവരുന്നതിന് സഹപാഠികളായ ആൺകുട്ടികൾ ക്ലാസിലെ പെൺകുട്ടികളെ കളിയാക്കിയിരുന്ന തന്റെ സ്കൂൾ കാലം ഓർത്തെടുക്കുകയാണ് പ്രിയങ്ക.

   ''സ്ത്രീ ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് അവർക്കൊന്നും അറിയില്ലായിരുന്നു. ഹൈസ്കൂളിൽ ബയോളജി ക്ലാസിൽ, ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും പ്രത്യുൽപാദന അവയവങ്ങളെ കുറിച്ച് ഞങ്ങളെ പഠിപ്പിച്ചു. ആ പാഠഭാഗം പഠിപ്പിച്ചപ്പോൾ ഞങ്ങളിൽ എത്രപേര് അമർത്തിച്ചിരിക്കുകയായിരുന്നുവെന്ന് ഇപ്പോഴും ഓർക്കുന്നു. ഇപ്പോൾ പോലും ഞാൻ കണ്ടുമുട്ടുന്ന പല പുരുഷന്മാർക്കും ആർത്തവത്തെ കുറിച്ചോ ആർത്തവ ശുചിത്വത്തെ കുറിച്ചോ സംസാരിക്കാൻ ബുദ്ധിമുട്ടാണ്. എന്തുകൊണ്ടാണ് ഇങ്ങനെ? ലിംഗപരമായി സംവേദനക്ഷമതയുള്ള വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിച്ചേക്കുമായിരുന്നില്ല''- പ്രിയങ്ക പറയുന്നു.

   Also Read- അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിൽ പഠിപ്പിക്കണം; പുതിയ വിദ്യാഭ്യാസനയത്തിൽ അറിയേണ്ട 10 കാര്യങ്ങൾ

   ഇപ്പോഴും ഒരു രഹസ്യാത്മകമായ കാര്യമാണ് ഇന്ത്യയിലെ ലൈംഗിക വിദ്യാഭ്യാസം. മനുഷ്യരിലെ മാനസിക ലൈംഗിക വികാസത്തിന്റെ ഒന്നിലധികം ഘട്ടങ്ങൾ വിശദീകരിക്കവെ കുട്ടികളിലെ ലൈംഗികത സ്വാഭാവികമാണെന്ന് സിഗ്മണ്ട് ഫ്രോയിഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു കുട്ടിക്ക് ലൈംഗികതയെ കുറിച്ച് ജിജ്ഞാസ തോന്നുന്നത് സാധാരണമാണ്. എന്നാൽ ഇന്ത്യയിൽ അങ്ങനെയല്ല.

   ഏതാനും ആഴ്ചകൾക്ക് മുൻപാണ് രാജ്യത്ത് ദേശീയ വിദ്യാഭ്യാസ നയം പ്രസിദ്ധീകരിച്ചത്. മൂന്നു പതിറ്റാണ്ടിന് ശേഷം അവതരിപ്പിക്കുന്നതായതിനാൽ അതിൽ കാതലായ മാറ്റങ്ങൾ പ്രതീക്ഷിച്ചതാണ്.

   ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ഒരു നിയന്ത്രണസമിതി, എപ്പോള്‍ വേണമെങ്കിലും പ്രവേശനം നേടാവുന്നതും പഠനമുപേക്ഷിച്ച് പോകാന്‍ കഴിയുന്നതുമായ ഡിഗ്രി കോഴ്സുകളിലെ മള്‍ട്ടിപ്പിള്‍ എന്‍ട്രന്‍സ്- എക്സിറ്റ് വ്യവസ്ഥ, എംഫിൽ പ്രോഗ്രാമുകൾ നിർത്തലാക്കൽ, ബോർഡ് പരീക്ഷാ ഘടനയിലെ മാറ്റം, സർവകലാശാലകൾക്കുള്ള പൊതു പ്രവേശന പരീക്ഷ എന്നിവ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രത്യേകതകളാണ്.

   എന്നിട്ടും, ഒരു പ്രധാന അധ്യായം മാത്രം കാണുന്നില്ല - ലൈംഗിക വിദ്യാഭ്യാസം.

   ലൈംഗികത സ്വാഭാവികമായി ഉണ്ടാകേണ്ടതാണെന്നും അതുകൊണ്ട് ലൈംഗിക വിദ്യാഭ്യാസം അനാവശ്യമാണെന്നുമാണ് പലരും കരുതുന്നതെന്നാണ് പ്രമുഖ സൈക്കാട്രിസ്റ്റായ ടിഎസ് സത്യനാരായണ റാവു പറയുന്നത്. 'ലൈംഗികത സ്വാഭാവികമായും ആളുകളിലേക്ക് വരുന്നുവെന്ന് പലരും കരുതുന്നു. പ്രത്യേകം പഠിപ്പിക്കുകയോ അത് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നത് അനാവശ്യമാണെന്ന് അവർ ചിന്തിക്കുന്നു'- അദ്ദേഹം പറഞ്ഞു.

   Also Read- മാനവവിഭവശേഷി മന്ത്രാലയം ഇനി മുതൽ വിദ്യാഭ്യാസ മന്ത്രാലയം; തീരുമാനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം

   പലരും ലൈംഗിക വിദ്യാഭ്യാസം എന്ന ആശയം മുഖവിലയ്‌ക്കെടുക്കുന്നു. എന്നാൽ ശരിക്കും ലൈംഗിക വിദ്യാഭ്യാസം ആളുകളെ എങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പഠിപ്പിക്കുന്നില്ല! നേരെമറിച്ച്, ലൈംഗിക വിദ്യാഭ്യാസത്തിന് കീഴിലുള്ള ചില മേഖലകളെ കുറിച്ചാണ് ഇത് - ലിംഗ വ്യക്തിത്വം, ലിംഗ സംവേദനക്ഷമത, ഗർഭനിരോധന മാർഗ്ഗം, ലൈംഗിക രോഗങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ, ലൈംഗിക ആവിഷ്കാരത്തിനുള്ള ആരോഗ്യകരമായ മാർഗം, ലൈംഗിക ദുരുപയോഗത്തെക്കുറിച്ചുള്ള സമ്മതം, അവബോധം.

   ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം കുട്ടികളെയും ചെറുപ്പക്കാരെയും ബോധവത്കരിക്കുക,അവരിൽ അവരുടെ ലൈംഗികത, ലൈംഗിക ബന്ധങ്ങൾ എന്നിവയിലൂടെ സഞ്ചരിക്കാൻ ആവശ്യമായ അറിവ് സജ്ജമാക്കുക എന്നതാണ്.   ''ഇന്ത്യയിലെ പുരുഷന്മാർ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരല്ല. ലൈംഗികത എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ, രണ്ട് വ്യക്തികളെ ഒരു മുറിയിലേക്ക് തള്ളിവിടുകയും പ്രജനനം നടത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ലൈംഗിക വിദ്യാഭ്യാസം ഇല്ലാതെ, എതിർലിംഗത്തെ എങ്ങനെ ബഹുമാനിക്കണം എന്നതിനെക്കുറിച്ച് പഠിക്കുന്നതിൽ മനുഷ്യർ പരാജയപ്പെടുന്നു. ഇത് ഗാർഹിക പീഡനങ്ങളുടെ വർദ്ധനവിന് കാരണമാകുന്നു, ”റാവു പറഞ്ഞു.

   ഇന്ത്യയിൽ ദിനംപ്രതി നൂറുകണക്കിന് ആൺകുട്ടികളും പെൺകുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു. ദിവസം ചെല്ലുന്തോറും എണ്ണം വർധിക്കുന്നു.

   Also Read- 10 + 2 ഇല്ല; പരീക്ഷകളിൽ പഠനമികവിനേക്കാൾ അറിവിന് പ്രാധാന്യം; ദേശീയ വിദ്യാഭ്യാസ നയം വരുന്നു

   വളരെക്കാലം മുമ്പു തന്നെ ലൈംഗിക അതിക്രമവും ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവവും തമ്മിലുള്ള ബന്ധം പഠിക്കപ്പെട്ടിരുന്നു. യുകെയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് വളരെ കുറച്ച് കുട്ടികൾക്ക് മാത്രമാണ് പ്രവർത്തനപരവും തൃപ്തികരവുമായ ലൈംഗിക ജീവിതത്തിന് മതിയായ തയ്യാറെടുപ്പ് ലഭിച്ചിട്ടുള്ളൂ എന്നാണ്. ലൈംഗികതയെക്കുറിച്ചും ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും മുതിർന്നവരുമായി വിശദവും വിവരദായകവുമായ ചർച്ച കൗമാരക്കാർക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ ലഭിക്കാറില്ല.

   ഇത് ലൈംഗികത എന്തായിരിക്കണമെന്നും അത് എങ്ങനെ പ്രകടിപ്പിക്കണം എന്നതിനെക്കുറിച്ചും വളരെ വൈരുദ്ധ്യമുള്ള ആശയങ്ങളിലേക്ക് നയിക്കുന്നു. ക്രമേണ ഒരാളുടെ ലൈംഗികതയെ അടിച്ചമർത്തുന്നത് ബലാൽക്കാരം, ദുരുപയോഗം, ചൂഷണം എന്നിവയിലേക്ക് നയിച്ചേക്കാം.

   വിവരങ്ങൾ ലഭ്യമാകുന്നതിന്‍റെ അപര്യാപ്തതയാണ് ഇന്ത്യയിലെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രധാന പോരായ്മയെന്ന് റാവു വിശദീകരിച്ചു. കുട്ടികൾ‌ തമ്മിലുള്ള ആശയവിനിമയത്തിലും വ്യക്തമായ ഒരു വിടവുണ്ട്, അവർക്ക് ഉത്തരം വേണ്ടുന്ന നിരവധി ചോദ്യങ്ങളുണ്ട്. എന്നാൽ കുട്ടികളുടെ ചോദ്യങ്ങൾ രക്ഷിതാക്കൾ മൊത്തത്തിൽ‌ നിരസിക്കുകയാണ് പലരും ചെയ്യുന്നത്. ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതിന് കുട്ടികളെ ശാസിക്കുകയും ചെയ്യുന്നവരുണ്ട്.

   " പ്രായപൂർത്തിയാകുമ്പോഴോ വിവാഹത്തിന് മുമ്പോ പെൺകുട്ടികൾക്ക് ചില വിവരങ്ങൾ അവരുടെ അമ്മമാരിൽ നിന്ന് അവർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ആൺകുട്ടികൾക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ആരുമില്ല. ലൈംഗികത സംബന്ധിച്ച വിവരങ്ങൾ സമപ്രായക്കാരിൽ നിന്നും ഇൻറർനെറ്റിൽ നിന്നുമൊക്കെയാണ് അവർക്ക് ലഭിക്കുന്നത്. എന്നാൽ ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ കൃത്യതയില്ലാത്തതാകുന്നത് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിക്കും, ”റാവു പറഞ്ഞു.

   ആൺകുട്ടികൾക്ക് ഇത്തരം വിവരങ്ങൾ കൃത്യമായി ലഭിക്കുന്നതിന് അധ്യാപകർക്ക് സഹായിക്കാനാകുമെന്ന് റാവു പറഞ്ഞു. "ആൺകുട്ടികൾ അധ്യാപകരുമായി സംസാരിക്കാൻ കൂടുതൽ സാധ്യതയുള്ളതിനാൽ, അധ്യാപകരെ പരിശീലിപ്പിക്കുകയും, കുറഞ്ഞ പക്ഷം അടിസ്ഥാന വിവരങ്ങൾ നൽകി അവരെ സജ്ജരാക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്," അദ്ദേഹം പറഞ്ഞു.

   ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും അവയെക്കുറിച്ച് ചുരുങ്ങിയത് 50% ഇന്ത്യക്കാരെങ്കിലും പൂർണ്ണമായും അറിയില്ലെന്നും റാവു വ്യക്തമാക്കി. ഇക്കാര്യം തുറന്നു പറയാൻ അവർ ലജ്ജിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഇന്ത്യൻ പുരുഷന്മാരിൽ ഏറ്റവും സാധാരണമായ പ്രശ്നമായ ഉദ്ധാരണക്കുറവ് എളുപ്പത്തിൽ പരിഹരിക്കാനാകും. എന്നിട്ടും, ശരിയായ വിവരങ്ങളോ അവബോധമോ ഇല്ലാതെ, ഇന്ത്യയിലെ ആയിരക്കണക്കിന് പുരുഷന്മാർ ഇത് പരിഹരിക്കുന്നതിൽ പരാജയപ്പെടുന്നു.

   Also Read- NEP 2020 | ദേശീയ വിദ്യാഭ്യാസനയത്തെ അനുകൂലിച്ച് കോൺഗ്രസ് വക്താവ് ഖുഷ്ബു

   വിഷയത്തെ ചുറ്റിപ്പറ്റിയുള്ള ഒരു തെറ്റിദ്ധാരണ ദേശീയ വിദ്യാഭ്യാസ നയത്തിൽനിന്ന് ലൈംഗിക വിദ്യാഭ്യാസത്തെ ഒഴിവാക്കാനുള്ള പ്രധാന കാരണമാകാമെന്ന് സെക്ഷ്വൽ മെഡിസിൻ കൺസൾട്ടന്റും കൗൺസിലറുമായ ഡോ. രഞ്ജൻ ഭോൻസ്ലെ കരുതുന്നു. "ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് എങ്ങനെയെന്ന് ഞങ്ങൾ അവരെ പഠിപ്പിക്കുമെന്ന് അവർ കരുതുന്നു," അദ്ദേഹം പറഞ്ഞു.

   "വർഷങ്ങൾക്കുമുമ്പ്, മഹാരാഷ്ട്ര സർക്കാർ ലൈംഗിക വിദ്യാഭ്യാസം സ്കൂളുകളിലെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ നിർദ്ദേശിച്ചിരുന്നു. ഉത്തരവും പാസാക്കിയിരുന്നു. എന്നാൽ അടിസ്ഥാന സൌകര്യങ്ങളുടെ അഭാവം മൂലം ഇത് ഒരിക്കലും നടപ്പായില്ല," ഭോൺസ്ലെ ചൂണ്ടിക്കാട്ടി.

   2008 ൽ ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, ഒൻപതാം ക്ലാസ്സിലെ വിദ്യാർഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കാൻ അന്നത്തെ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വസന്ത് പുർഖെ നിർദ്ദേശിച്ചിരുന്നു. എന്നാൽ മറ്റ് എം‌എൽ‌എമാരുടെ കടുത്ത എതിർപ്പിനെത്തുടർന്ന് ഈ നിർദേശം നടപ്പാക്കാനായില്ല.

   "ഈ നിർ‌ദ്ദേശം പാസാക്കിയിരുന്നെങ്കിൽ പോലും, അത് സ്കൂളുകളിൽ നടപ്പാക്കുന്നത് അസാധ്യമായിരുന്നു. വിദ്യാർഥികളെ ഇക്കാര്യം ആര് പഠിപ്പിക്കും? ഒരു അധ്യാപകനും അവരുടെ വിദ്യാർഥികളോട് ഇക്കാര്യങ്ങൾ തുറന്നു സംസാരിക്കാൻ തയാറായിരുന്നില്ല. അത് എങ്ങനെയാണ് പഠിപ്പിക്കേണ്ടതെന്ന് അധ്യാപകരെ പരിശീലിപ്പിക്കേണ്ടതുണ്ട്, ”ഭോൺസ്ലെ വിശദീകരിച്ചു.

   വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് അധ്യാപകരെയും വിദ്യാർഥികളെയും ബോധവത്ക്കരിക്കുന്നതിനായി സന്നദ്ധ പ്രവർത്തകരെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു സംരംഭം താൻ ആരംഭിച്ചതായി അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു. ലൈംഗിക പരിശീലകനും കൗൺസിലറുമായ മിഥില ദാൽവിയിൽ നിന്നാണ് ഇതിനുള്ള പരിശീലനം നേടിയത്.

   ദാൽവി പ്രധാനമായും മാതാപിതാക്കൾക്കും അധ്യാപകർക്കുമാണ് പരിശീലനം നൽകുന്നത്. ഈ വിഷയത്തെ കുറിച്ച് കാര്യമായ ധാരണയില്ലാത്ത അധ്യാപകർ ആദ്യഘട്ടത്തിൽ ഭയപ്പാടോടെയാണ് സമീപിക്കുന്നതെന്ന് ദാൽവി പറഞ്ഞു. മാതാപിതാക്കളും തുടക്കത്തിൽ വിമുഖത കാട്ടിയിരുന്നു. എന്നാൽ കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ എല്ലാവരും ഒപ്പം നിന്നു. അധ്യാപകരെയാണ് പ്രധാനമായും പരിശീലിപ്പിക്കേണ്ടത്. ഇതു സാധ്യമായാൽ വിദ്യാർഥികളുമായുള്ള ആശയവിനിമയം എളുപ്പമാകുമെന്നും ദാൽവി പറയുന്നു.

   ഭോൺ‌സ്ലെയുടെ ശുപാർശ പ്രകാരം, സ്കൂളുകളിലെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രായപരിധിക്ക് അനുയോജ്യമായ രീതിയിൽ ലൈംഗിക വിദ്യാഭ്യാസം നൽകണം.

   ഇന്ത്യയിലെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം എത്തിക്കാൻ സാധിച്ചെന്ന് ഈശാ ലേണിംഗ് സംരംഭം ആരംഭിച്ച നിലീമ അച്വാൾ പറയന്നു.

   2018ലെ എൻ.സി.ആർ.ബി. കണക്കനുസരിച്ച് 15 മിനിറ്റിൽ ഒരു സ്ത്രീ എന്ന ബലാത്സംഗം ചെയ്യപ്പെട്ട ഈ രാജ്യത്ത്, കുട്ടികളെ 'അനുവാദം' എന്നാൽ എന്ത് എന്ന് പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്തെന്ന് മനസ്സിലാക്കിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.

   ലൈംഗികബന്ധത്തിൽ പങ്കാളികളാവുന്ന ഇരുവരും തമ്മിലെ ധാരണയെ 'അനുവാദം' എന്നതുകൊണ്ട് വിശേഷിപ്പിക്കാം. ലൈംഗിക വിദ്യാഭ്യാസം കൊണ്ട് ലൈംഗികത, ലിംഗം, കൗമാരക്കാരുടെ ഗർഭധാരണം എന്നിവയിൽ കവിഞ്ഞുള്ള അറിവും അവബോധവും ഉൾപ്പെടുന്നു. ഇത് ആരോഗ്യപരമായ ബന്ധങ്ങളിലൂടെ കടന്നു പോകാൻ സാഹചര്യം സൃഷ്‌ടിക്കുന്നു.

   "പലർക്കും താൽപര്യമുണ്ട്. എന്നാൽ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് പലർക്കുമറിയില്ല. അടക്കിവയ്ക്കുന്നിടത്തോളം, അത് ആക്രമണത്തിലേക്കും കൂടുതൽ ബലാത്സംഗങ്ങളിലേക്കും ലൈംഗിക അതിക്രമങ്ങളിലേക്കും വഴിവയ്ക്കും." റാവു വിവരിക്കുന്നു.

   കൊൽക്കത്തയിൽ താമസിക്കുന്ന 27 കാരിയായ സ്വാതി*‌ കോളേജിലെ ആൺ സുഹൃത്തിനോട് 'അനുവാദം' എന്നാലെന്ത് എന്ന് വിവരിക്കേണ്ട സാഹചര്യമുണ്ടായതിനെ പറ്റി പറയുന്നു. "20 വയസ്സുകാരിയായ ഞാൻ അന്ന് കോളേജിൽ പ്രവേശിച്ചതേയുണ്ടായിരുന്നുള്ളൂ. ആരോഗ്യകരമായ ജോഡികളായിരുന്നു ഞങ്ങൾ. അടുത്തിടപഴകി. പക്ഷെ ഞാൻ ലൈംഗികബന്ധത്തിന് തയാറല്ലായിരുന്നു. എന്നാൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഒരാൾക്ക് താത്പ്പര്യമുണ്ടാവാത്തത് തീർത്തും സ്വാഭാവികമെന്ന് അയാളെ പറഞ്ഞ് മനസ്സിലാക്കാൻ സമയമെടുത്തു. ഞാൻ ഒരു വിഡ്ഢിയാണെന്നായിരുന്നു അയാൾ അതുവരെയും കരുതിയിരുന്നത്. സ്കൂളിൽ ലൈംഗിക വിദ്യാഭ്യാസ ക്ലാസ്സിൽ പങ്കെടുത്തിരുന്നെങ്കിൽ ഒരുപക്ഷെ ആ 24കാരനോട് ഞാൻ 'അനുവാദം' എന്നാൽ എന്ത് എന്ന് വിവരിക്കേണ്ടി വരില്ലായിരുന്നു." സ്വാതി പറയുന്നു.

   സ്കൂളിലെ ലൈംഗിക വിദ്യാഭ്യാസം കുട്ടികളിൽ ദുഷ്‌ചിന്തയുണ്ടാക്കി അവരെ വഴിതെറ്റിക്കുമെന്ന് ചിന്തിക്കാനുള്ള ഒരു പ്രവണതയുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഈ വിഷയം തുടക്കത്തിലേ അവതരിപ്പിക്കപ്പെടുന്നത് അയാൾ ലൈംഗികത എപ്പോൾ ആരംഭിക്കുന്നുവോ, അതുമായി യാതൊരു ബന്ധവുമില്ലാത്തതാണ് എന്ന് ഒരു പഠനം തെളിയിക്കുന്നു. മറിച്ച്, ഇത് ആരോഗ്യകരവും സുരക്ഷിതവും, പോസിറ്റീവുമായ ലൈംഗിക ജീവിതം ദീർഘകാലത്തേക്ക് നയിക്കാൻ സഹായകമാവും."

   ഇന്ത്യൻ വിദ്യാഭ്യാസ രീതിയിൽ ആത്യന്തികമായ മാറ്റം കൊണ്ട് വരാൻ 30 വർഷമെടുത്തു. എന്നാലും 2020ലും എന്തുകൊണ്ടാണ് ലൈംഗികതയെ പറ്റി സംസാരിക്കാൻ ഇത്രയും ബുദ്ധിമുട്ട് നേരിടുന്നത്?.

   ( * പേരുകൾ മാറ്റിയിട്ടുണ്ട്)
   Published by:Rajesh V
   First published: