മീനുവിന്റെ മനസ് നിറയെ വർണങ്ങളാണ്. മനസ് നിറയുമ്പോൾ ആ വർണങ്ങൾ അവൾ കുപ്പിയിലാക്കും. ആ കുപ്പിയിലേക്ക് തന്റെ സ്വപ്നങ്ങൾ കൂടി ചേർത്ത് വച്ച് വിസ്മയലോകം തീർക്കുകയാണ് ഈ ബിഎഡ് വിദ്യാർഥിനി. മീനുവിന്റെ നിറമുള്ള സ്വപ്നങ്ങൾ വാങ്ങാൻ നിരവധി ആളുകളും എത്തുന്നു.
also read:വെള്ളി ഇനി സ്വർണമാകണം; രാജ്യത്തിന് അഭിമാനമായി ഈ കണ്ണൂരുകാരൻ
ബോട്ടിൽ ആർട്ടുമായി ശ്രദ്ധനേടുകയാണ് തിരുവനന്തപുരംകാരി മീനു മറിയം. ഏകദേശം ഒരു വർഷമാകുന്നു ബോട്ടിലിലെ ഈ ചിത്രപ്പണി തുടങ്ങിയിട്ട്. ഇപ്പോൾ നിറയെ വർണക്കുപ്പികളാണ് മീനുവിന് ചുറ്റും. 'കൺമഷി' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ഇവയുടെ വിൽപനയും നടത്തുന്നു ഈ കലാകാരി.
ഏകാന്തതയെ മറികടക്കാൻ നിറങ്ങളെ കൂട്ടുപിടിച്ചു
കുട്ടിക്കാലത്ത് അച്ഛൻ പല ആർട്ട് ബുക്കുകളും വാങ്ങി നൽകി വരയുടെ ലോകത്തേക്ക് മീനുവിനെ കൊണ്ടുവരാൻ നടത്തിയ ശ്രമം വിജയിച്ചില്ല. അന്നൊന്നും വലിയ താത്പര്യം വർണങ്ങളോട് മീനു പ്രകടിപ്പിച്ചുമില്ല. പിന്നീട് വളർച്ചയുടെ ഒരു ഘട്ടത്തിൽ ഏകാന്തതയും ബോറടിയും അനുഭവപ്പെട്ടപ്പോൾ അത് മറികടക്കാൻ പതിയെ നിറങ്ങളെ കൂട്ടുപിടിക്കുകയായിരുന്നു. ബോട്ടിൽ ആർട്ടെന്ന ആശയം വന്നതോടെ കൂട്ടൂകാർക്കൊപ്പം പോയി ബോട്ടിലുകൾ ശേഖരിച്ചു. പിന്നെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ഒക്കെ ഓർഡർ അനുസരിച്ച് ബോട്ടിലുകളിൽ ചിത്രപ്പണി ചെയ്തു തുടങ്ങി. ആവശ്യക്കാർ പറയുന്നത് അനുസരിച്ചുള്ള ഡിസൈൻ അവരുമായി ചർച്ച ചെയ്താണ് നിശ്ചയിക്കുന്നത്.
ഡിമാന്റ് ലൈറ്റഡ് ബോട്ടിലുകൾക്ക്
മീനുവിന്റെ ബോട്ടിൽ ആർട്ടിൽ ലൈറ്റഡ് ബോട്ടിൽസിന് ആവശ്യക്കാരേറെയാണ്. ഇതിൽ ഉപയോഗിക്കുന്നത് കോപ്പർ എൽഇഡി ലൈറ്റുകളാണ്. ഒപ്പം ബാറ്ററിയും ഉണ്ട്. ആവശ്യത്തിന് റീചാർജ് ചെയ്ത് ഉപയോഗിക്കാം. ട്രൈബൽ ആർട്ട്, അമ്മയും കുഞ്ഞും, ത്രെഡ് വർക്ക് തുടങ്ങി വിവിധ തരത്തിലുള്ള കലാവിരുതാണ് മീനു കുപ്പികളിൽ തീർത്തിരിക്കുന്നത്. ബേസ് കോട്ടടിച്ച് വെയിലത്തുവച്ച് ഉണക്കി സെക്കൻഡ് കോട്ടും തേർഡ് കോട്ടുമൊക്കെ അടിച്ച് ഒരു കുപ്പി മനസിൽ ഉദ്ദേശിച്ച പോലെ രൂപപ്പെടുത്തിയെടുക്കാൻ ഏകദേശം നാല് മണിക്കൂർ എടുക്കുമെന്ന് മീനു പറയുന്നു.
കൺമഷി എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ മീനുവിന്റെ വർണക്കുപ്പികൾ ആവശ്യക്കാരിലേക്ക് എത്തുന്നു. ഇപ്പോൾ പല സ്ഥാപനങ്ങളും കുപ്പികൾ ആവശ്യപ്പെട്ട് എത്താറുണ്ട്. ലോഗോയും മറ്റും തയാറാക്കി നൽകാൻ ഓർഡർ ലഭിക്കാറുണ്ട്. ഇത്തരത്തിൽ ആവശ്യക്കാരുടെ ഇഷ്ടം അനുസരിച്ച് ചെയ്ത് കൊടുക്കുന്നതിനൊപ്പം സ്വന്തം ഇഷ്ടങ്ങളും മീനു കുപ്പിയിലാക്കുന്നു.
റീ സൈക്കിൾഡ് ഉത്പന്നങ്ങളുടെ കലവറയാണ് മീനുവിന്റെ കൺമഷി. ഉപയോഗ ശൂന്യമായ ബോട്ടിലുകൾ മനോഹര ആർട്ടായി ഇവിടെ നിറയുന്നു. ഇനിയും ഇതുപോലുള്ള മറ്റ് പാഴ്വസ്തുക്കളും കലാരൂപങ്ങളാക്കി കൺമഷിയിൽ നിറയ്ക്കുകയാണ് മീനുവിന്റെ സ്വപ്നം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bottle art, Liquor bottles