കൊച്ചി: മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീകൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഏത് സ്റ്റേഷനിൽ നിന്നും സ്ത്രീകൾക്ക് ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക് യാത്ര ചെയ്യാം. കൂടാതെ, കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവുമധികം തവണ കൊച്ചി മെട്രോയിൽ യാത്ര ചെയ്ത മൂന്ന് വനിതകളെ കെഎംആർഎൽ എംഡി ശ്രീ. ലോക്നാഥ് ബെഹ്റ ഉച്ച്ക്ക് 12 മണിക്ക് കലൂർ മെട്രോ സ്റ്റേഷനിൽ വച്ച് ആദരിക്കും.
Also Read- Women’s Day 2023 അന്താരാഷ്ട്ര വനിതാദിനം; ഒരാഴ്ച കെടിഡിസി ഹോട്ടലുകളിൽ വനിതകൾക്ക് 50 % ഡിസ്കൗണ്ട്
ഇതിനു പുറമേ കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി പരിപാടികളും മെഡിക്കൽ ക്യാംപുകളും കൊച്ചി മെട്രോ ഒരുക്കുന്നു. മെട്രോ യാത്രക്കാരായ സ്ത്രീകൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി നാല് മെട്രോ സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ വനിതാ ദിനത്തിൽ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് ഈ സേവനം ലഭിക്കുക. ഈ വെൻഡിംഗ് മെഷീനുകളിൽ നിന്ന് സ്ത്രീകൾക്ക് സൗജന്യമായി നാപ്കിനുകൾ ലഭിക്കും. കലൂർ മെട്രോ സ്റ്റേഷനിൽ ഉച്ചക്ക് 12.15ന് കെഎംആർഎൽ എംഡി ശ്രീ. ലോക്നാഥ് ബെഹ്റ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ ഉദ്ഘാടനം ചെയ്യും. നെക്സോറ അക്കാദമിയുമായി ചേർന്നാണ് കൊച്ചി മെട്രോ ഈ സൗകര്യം ഒരുക്കുക. കംപ്യൂട്ടറിന്റെ സി.പി.യു പോലുള്ള ഇലക്ട്രോണിക് വേസ്റ്റുകളും റീസൈക്കിൾ ചെയ്ത അലൂമിനിയം, പ്ലാസ്റ്റിക്ക് വേസ്റ്റുകളും ഉപയോഗിച്ച് നെക്സോറ അക്കാദമിയിലെ വിദ്യാർത്ഥികളാണ് ചെലവ് കുറഞ്ഞ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ നിർമ്മിച്ചിരിക്കുന്നത്.
സ്ത്രീകൾക്കായി സൗജന്യ ബോൺ ഡെൻസിറ്റി പരിശോധയും വനിതാ ദിനത്തിൽ മുട്ടം, ഇടപ്പള്ളി, എം.ജി.റോഡ്, വൈറ്റില സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്. ക്രാഫ്റ്റ് ഫെർട്ടിലിറ്റി സെന്ററിന്റെയും മേയർ വിറ്റബയോട്ടിക്സിന്റെയും സഹകരണത്തോടെ രാവിലെ 11 മുതൽ വൈകിട്ട് 7 മണിവരെ നടക്കുന്ന മെഡിക്കൽ ക്യാംപിന്റെ ഉദ്ഘാടനം ഉച്ചക്ക് 1.15ന് കെഎംആർഎൽ എം.ഡി ശ്രീ. ലോക്നാഥ് ബെഹ്റ നിർവ്വഹിക്കും.
ഉച്ചക്ക് 2.30ന് കലൂർ മെട്രോ സ്റ്റേഷനിൽ കൊച്ചിൻ ബിസിനസ് സ്കൂളിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിക്കും. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ നിന്നും 2.30ന് സ്ത്രീകളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള ഫാഷൻ ഷോയും മൈമും ആരംഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.