എറണാകുളം: സംസ്ഥാന മൺസൂൺ ബമ്പറിന്റെ അവകാശിയെ ഒടുവിൽ കണ്ടെത്തി. അഞ്ചു കോടി രൂപയുടെ ലോട്ടറി അടിച്ച ആ ഭാഗ്യവാൻ എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയായ റെജിൻ കെ രവിയാണ്. നറുക്കെടുപ്പ് ചൊവ്വാഴ്ച കഴിഞ്ഞെങ്കിലും ആർക്കാണ് ഭാഗ്യം എന്നത് ആദ്യ ദിവസങ്ങളിൽ അറിഞ്ഞിരുന്നില്ല.
ഭാഗ്യവാനെ തേടിയുള്ള അന്വേഷണം നീണ്ടു. നറുക്കെടുപ്പ് കഴിഞ്ഞു ഒരു ദിവസം കൂടി കഴിഞ്ഞാണ് താനെടുത്ത ലോട്ടറി റെജിൻ നോക്കിയത്. തന്റെ ടിക്കറ്റിനാണ് മൺസൂൺ ബമ്പർ ഭാഗ്യമായി പെയ്തിറങ്ങിയത് എന്ന സത്യം അറിയുന്നത് അപ്പോഴാണ്.
ബമ്പർ സമ്മാനമുള്ള ടിക്കറ്റ് മാത്രം എടുക്കാനുള്ള റെജിന്റെ പരീക്ഷണം മെഗാ ബംബർ ആയാണ് വിജയം കണ്ടത്. കോടനാട് കുറിച്ചിലക്കോട് കിഴക്ക്പുറത്തുകുടി സ്വദേശിയായ റെജിൻ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.
"ചെറിയ ഓടിട്ട വീട് പുതുതാക്കണം. ബാധ്യതകൾ തീർക്കണം. കുറച്ചു പേർക്കെങ്കിലും പ്രയോജനപ്പെടുന്നൊരു സ്ഥാപനം തുടങ്ങണം.." അഞ്ചു കോടിയുടെ അവകാശിയുടെ ആഗ്രഹങ്ങൾ ഇത്രയുമാണ്. സമ്മാനർഹമായ ടിക്കറ്റ് MD 240331 ബാങ്ക് ഓഫ് ഇന്ത്യയുടെ പെരുമ്പാവൂർ ശാഖയിൽ ഏൽപ്പിച്ചു.
ഓണം ബമ്പറിന് ഒരിക്കൽ 5000 രൂപ അടിച്ചതാണ് റെജിന്റെ മുൻകാല ഭാഗ്യം. ഇക്കുറി അതിനൊപ്പം കുറച്ചു പൂജ്യങ്ങളും കൂടി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.