ഒടുവിൽ കരഞ്ഞത് എപ്പോള്‍? ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ നൽകിയ മറുപടി!
- Published by:Joys Joy
- trending desk
Last Updated:
കഴിഞ്ഞ ഏപ്രിൽ - മെയ് മാസങ്ങളിലായി ഇന്ത്യ കോവിഡ് വ്യാപനത്തിന്റെ അതിരൂക്ഷമായ സാഹചര്യത്തിലൂടെയാണ് കടന്നു പോയത്.
കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി കോവിഡ് മഹാമാരി ലോകത്തെമ്പാടുമുള്ള മനുഷ്യരെ വലിപ്പച്ചെറുപ്പങ്ങൾ ഏതുമില്ലാതെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നുണ്ട്. 40 ലക്ഷത്തിലേറെ ജനങ്ങളുടെ ജീവൻ കവർന്ന ഈ മഹാവ്യാധിയുടെ പ്രഭാവമെന്തെന്ന് അറിയാത്തവരായി ആരും ഉണ്ടാകില്ല. ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും സി ഇ ഒ ആയ സുന്ദർ പിച്ചൈയെ കോവിഡ് മഹാമാരി വൈകാരികമായാണ് ബാധിച്ചത്. കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ സ്ഥിതി ചെയ്യുന്ന ഗൂഗിൾ ആസ്ഥാനത്ത് വെച്ച് ബി ബി സിക്ക് നൽകിയ അഭിമുഖത്തിൽ സൗജന്യവും സ്വതന്ത്രവുമായ ഇന്റർനെറ്റ് മുതൽ അടുത്ത ഇരുപത്തിയഞ്ച് വർഷങ്ങൾക്കുള്ളിൽ ലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകാൻ പോകുന്ന കൃത്രിമബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ് എന്നീ സാങ്കേതികവിദ്യകൾ വരെ നിരവധി വിഷയങ്ങളെക്കുറിച്ച് അദ്ദേഹം അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി.
ആ സംസാരത്തിനിടയ്ക്ക് അഭിമുഖകാരൻ അമോൽ രാജൻ പിച്ചൈയോട് അദ്ദേഹം അവസാനം കരഞ്ഞത് എപ്പോഴാണെന്ന് ചോദിക്കുകയുണ്ടായി. 'കോവിഡ് കാലത്ത് ലോകമെമ്പാടും പാർക്ക് ചെയ്യപ്പെട്ട മൃതദേഹം വഹിക്കുന്ന വാഹനങ്ങൾ കണ്ടപ്പോൾ. ഒപ്പം, കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഇന്ത്യയിലുണ്ടായ സംഭവ വികാസങ്ങൾ കണ്ടപ്പോഴും' - എന്നായിരുന്നു പിച്ചൈയുടെ മറുപടി.
കഴിഞ്ഞ ഏപ്രിൽ - മെയ് മാസങ്ങളിലായി ഇന്ത്യ കോവിഡ് വ്യാപനത്തിന്റെ അതിരൂക്ഷമായ സാഹചര്യത്തിലൂടെയാണ് കടന്നു പോയത്. ആയിരക്കണക്കിന് ഇന്ത്യക്കാർ രോഗബാധിതരായി മരിച്ചു വീഴുന്നതിനും ഗംഗാ നദിയിൽ അസംഖ്യം മൃതദേഹങ്ങൾ ഒലിച്ചു പോകുന്നതിനുമൊക്കെ കഴിഞ്ഞ മാസങ്ങളിൽ നമ്മൾ സാക്ഷ്യം വഹിക്കുകയുണ്ടായി.
advertisement
'ഞാൻ ഒരു അമേരിക്കൻ പൗരനാണെങ്കിലും എന്റെയുള്ളിൽ ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനം ഇപ്പോഴുമുണ്ട്. എന്റെ തന്നെ ഒരു അവിഭാജ്യഘടകമാണ് ഇന്ത്യ' - സുന്ദർ പിച്ചൈ പറഞ്ഞു. ഗൂഗിളിന്റെ ഏറ്റവും ഉയർന്ന സ്ഥാനം കൈയാളുന്ന സുന്ദർ പിച്ചൈ ജനിച്ചത് തമിഴ്‌നാട്ടിലും വളർന്നത് ചെന്നൈയിലും ആയിരുന്നു. തമിഴ്‌നാട്ടിലെ ഒരു മധ്യവർഗ കുടുംബത്തിലാണ് താൻ ജനിച്ചതെന്നും പഴയ റോട്ടറി ഫോൺ മുതൽ വീട്ടിൽ ഉണ്ടായിരുന്ന സ്‌കൂട്ടർ വരെയുള്ള നിത്യജീവിതത്തിലെ വിവിധ സാങ്കേതികവിദ്യകൾ തന്നെ ചെറുപ്പം മുതൽ സ്വാധീനിച്ചിരുന്നതായും പിച്ചൈ അഭിമുഖത്തിൽ പറഞ്ഞു.
advertisement
'വളർന്നപ്പോൾ എനിക്ക് പുറത്തുള്ള മറ്റൊരു ലോകത്തിലേക്കുള്ള ജനാലയാണ് സാങ്കേതികവിദ്യ തുറന്നു തന്നത്. ഒരു കുടുംബം എന്ന നിലയിൽ ഞങ്ങളെ ഒന്നിച്ച് നിർത്താനും സാങ്കേതികവിദ്യ സഹായിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം ദൂരദർശൻ സംപ്രേക്ഷണം ചെയ്യാറുണ്ടായിരുന്ന 'സാരെ ജഹാം സെ അച്ഛാ' എന്ന പരിപാടി ഞങ്ങളെ ടെലിവിഷനിലേക്ക് അടുപ്പിച്ചു. ഞാൻ എന്റെ സഹപ്രവർത്തകർക്ക് ഈ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു കൊടുക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ആ ദൗത്യം അവസാനിപ്പിച്ച് ഞാൻ യൂട്യൂബിൽ അവർക്ക് അത് നേരിട്ട് കാണിച്ചു കൊടുത്തു' - പിച്ചൈ കഴിഞ്ഞ വർഷം ജൂലൈയിൽ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
advertisement
ചെന്നൈയിൽ വളരുകയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പഠിക്കുകയും ചെയ്ത സുന്ദർ പിച്ചൈ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും വാർട്ടൺ സ്‌കൂളിൽ നിന്ന് എം ബി എ ബിരുദവും നേടിയിട്ടുണ്ട്. ഗൂഗിൾ ടൂൾബാറിന്റെയും പിന്നീട് ഗൂഗിൾ ക്രോമിന്റെയും പ്രവർത്തനങ്ങളിൽ സഹായിക്കാനായി 2004-ലാണ് പിച്ചൈ ഗൂഗിളിൽ ചേരുന്നത്. ഗൂഗിൾ ക്രോം പിന്നീട് ലോകത്തെ ഏറ്റവും ജനപ്രിയ ഇന്റർനെറ്റ് ബ്രൗസറായി മാറി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 13, 2021 10:59 AM IST


